ഉഡുപ്പി: വെള്ളിയാഴ്ച രാത്രി 7 മണിമുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിവരെ ജില്ലാ ഭരണകൂടം വാരാന്ത്യകര്‍ഫ്യൂ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കടുത്ത നടപടിയിലേക്ക് നീങ്ങിയത്. നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഉഡുപ്പിയില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങളുടെ നീണ്ട നിരയും പ്രത്യക്ഷപ്പെട്ടു.
കര്‍ഫ്യൂ നിലനില്‍ക്കുന്ന സമയങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ ലഭ്യമാകൂ. അനാവശ്യമായി പുറത്തിറങ്ങാന്‍ ആരെയും അനുവദിക്കില്ല. ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തും.
പച്ചക്കറികളും പലചരക്ക് സാധനങ്ങളും വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 6 മുതല്‍ ഉച്ചക്ക് 2 വരെ പ്രവര്‍ത്തിക്കും. അത്യാവശ്യസാധനങ്ങളും മരുന്നുകളും ആവശ്യമുള്ള ആളുകള്‍ക്ക് മാത്രമേ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയൂ. ഹോട്ടലുകള്‍ക്ക് പാര്‍സലുകള്‍ നല്‍കുന്നതിന് മാത്രം അനുമതി നല്കി.
വാരാന്ത്യ കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടു. നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ നടത്താം. അവശ്യസാധനങ്ങളുമായി പോകുന്ന വാഹനങ്ങള്‍ക്ക് അനുമതിയുണ്ട്. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. വ്യവസായ സ്ഥാപനങ്ങള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. വാഹനഗതാഗതവും ആളുകളുടെ തിരക്കും നിയന്ത്രിക്കുന്നതിന് കര്‍ശനമായ പരിശോധന ഉറപ്പാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ജഗദീഷ പറഞ്ഞു.