തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിന് ദുരുദ്ദേശമില്ലെന്ന് പറഞ്ഞതിനെ കുറിച്ച് ഇടക്കിടെ ചോദിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ ഇടതുമുന്നണിയുടെ നിലപാട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതാണെന്നും വിജയരാഘവന് വ്യക്തമാക്കി.
നാര്‍കോട്ടിക്ക് ജിഹാദ് പ്രസ്താവന നടത്തിയ പാലാ ബിഷപ്പിന് എന്തെങ്കിലും ദുരുദ്ദേശ്യമുള്ളതായി കരുതുന്നില്ലെന്നായിരുന്നു എ. വിജയരാഘവന്റെ ആദ്യ പ്രതികരണം. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങള്‍ ഉണ്ടായെന്നും സമൂഹത്തെ വര്‍ഗീയവത്കരിക്കാനുള്ള തെറ്റായ ഇടപെടലുകള്‍ നടന്നെന്നും വിജയരാഘവന് പറഞ്ഞിരുന്നു. അരമന സന്ദര്‍ശനത്തിനുശേഷം മന്ത്രി വി എന്‍ വാസവന് നടത്തിയ ബിഷപ്പ് പണ്ഡിതനാണെന്ന പരാമര്‍ശവും ഏറെ വിവാദമായിരുന്നു.
അതേസമയം, ഈ വിഷയത്തില്‍ തുടര്‍ചര്‍ച്ചകള്‍ വേണ്ടെന്നാണ് ഇടത് മുന്നണി നിലപാട്. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മുന്നണി യോഗത്തെ അറിയിച്ചിരുന്നു. പ്രസ്താവന തെറ്റായെന്ന് പൊതു സമൂഹത്തിനിടയില്‍ അഭിപ്രായം ഉയര്‍ന്നതോടെ സര്‍ക്കാര്‍ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.