കാസര്‍കോട്: സന്തോഷ് നഗറില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്ന കേസില്‍ ഒരാളെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തലവാടി പുത്തന്പ്പറമ്പിലെ വിനോദ് എന്ന വിനോദ് മാത്യു (45) ആണ് അറസ്റ്റിലായത്. 2022 മെയ് 20നാണ് സന്തോഷ് നഗറില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ ഷൊര്‍ണ്ണൂരില്‍ പിടിയിലായ വിനോദിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സന്തോഷ് നഗറിലെ കാര്‍ കവര്‍ച്ചയ്ക്കും തുമ്പുണ്ടായത്. കാര്‍ വില്‍പ്പന നടത്തിയതായാണ് പ്രതിയുടെ മൊഴി.