സിനാഷ എന്ന പെണ്‍കുട്ടി

ഇംഗ്ലീഷ് കവിതാ രചനയില്‍ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സിനാഷ അന്താരാഷ്ട്ര പുരസ്‌കാരം നേടി എന്ന വാര്‍ത്ത അറിഞ്ഞ കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനും ജി.എച്ച്.എസ്.എസ് ഒ.എസ്.എ. പ്രസിഡണ്ടുമായ ടി.ഇ. അബ്ദുല്ലയുടെ പുരസ്‌കാര ജേതാവിനെ തേടിയുള്ള അന്വേഷണമാണ് ഞങ്ങളെ മായിപ്പാടി ഡയറ്റിന്റെ ക്വാര്‍ട്ടേഴ്‌സ് വരെ ചെന്നത്തിച്ചത്. ഞങ്ങളുടെ സംഘത്തില്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഷാഫി നെല്ലിക്കുന്നും ബി.കെ.ഖാദറും അജ്മല്‍ തളങ്കരയും ഗഫൂര്‍ തളങ്കരയുമുണ്ടായിരുന്നു. സ്‌കൂളില്‍നിന്നും ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു പറഞ്ഞതിനാലായിരിക്കാം സിനാഷയുടെ പിതാവ് ഡയറ്റിലെ […]

ഇംഗ്ലീഷ് കവിതാ രചനയില്‍ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സിനാഷ അന്താരാഷ്ട്ര പുരസ്‌കാരം നേടി എന്ന വാര്‍ത്ത അറിഞ്ഞ കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനും ജി.എച്ച്.എസ്.എസ് ഒ.എസ്.എ. പ്രസിഡണ്ടുമായ ടി.ഇ. അബ്ദുല്ലയുടെ പുരസ്‌കാര ജേതാവിനെ തേടിയുള്ള അന്വേഷണമാണ് ഞങ്ങളെ മായിപ്പാടി ഡയറ്റിന്റെ ക്വാര്‍ട്ടേഴ്‌സ് വരെ ചെന്നത്തിച്ചത്. ഞങ്ങളുടെ സംഘത്തില്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഷാഫി നെല്ലിക്കുന്നും ബി.കെ.ഖാദറും അജ്മല്‍ തളങ്കരയും ഗഫൂര്‍ തളങ്കരയുമുണ്ടായിരുന്നു.
സ്‌കൂളില്‍നിന്നും ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു പറഞ്ഞതിനാലായിരിക്കാം സിനാഷയുടെ പിതാവ് ഡയറ്റിലെ അധ്യാപകന്‍ ശ്രീകുമാര്‍ മാഷ് ഡയറ്റിന് മുന്നിലെ തണല്‍മരച്ചോട്ടില്‍ ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു.
ഞങ്ങളെ കണ്ട സന്തോഷമൊന്നും നിഷ്‌കളങ്കയായ ആ കൊച്ചു മിടുക്കിയുടെ മുഖത്ത് കണ്ടില്ല. അവള്‍ അവളുടേതായ ലോകത്ത് എന്തൊ തിരക്കിലായിരുന്നു.
ഏറെ വായിക്കുകയും അതിലേറെ എഴുത്തുകാരെ എന്നും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്ന ടി.ഇ. അബ്ദുല്ലക്ക് ആ കൊച്ചു എഴുത്തുകാരിയോട് ഏറെ കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടായിരുന്നു.
സിനാഷ ഞങ്ങള്‍ക്കൊരത്ഭുതമായിരുന്നു. ചെറുപ്പം കാലംതൊട്ടെ സിനാഷ വരച്ച മനോഹരമായ ചിത്രങ്ങള്‍ വീടിന്റെ ചുമരുകളില്‍ ചില്ലിട്ട് സൂക്ഷിച്ച് വെച്ചിട്ടുണ്ട്. കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയായ സിനാഷ പതിനാല് വയസ്സിനിടെ മലയാളത്തിലും ഇംഗ്ലീഷിലുമായി രചിച്ചത് പതിമൂന്ന് നോവലുകള്‍ നൂറില്‍പരം ചിത്രങ്ങള്‍.
പഠനത്തിലും ചിത്രരചനയിലും മികവ് തെളിയിച്ച ഈ മിടുക്കി ചെറുപ്പം മുതലെ നന്നായി വായിക്കുമായിരുന്നു. പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ വിക്ടര്‍ ഹ്യുഗോയാണ് ഇഷ്ട താരം.
തന്റെ പതിനൊന്നാമത്തെ വയസ്സില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മിസ്റ്റിരിയസ് ഫോറസ്റ്റ്, സോങ് ഓഫ് ദ റിവര്‍ എന്നീ ഇംഗ്ലീഷ് നോവലുകള്‍ സിനാഷ എഴുതിയത് തുടര്‍ന്ന് സിനാഷയുടെ അക്ഷര കൂട്ടുകളില്‍ വിടര്‍ന്നത് ഇംഗ്ലീഷിലും മലയാളത്തിലുമായി പതിമൂന്ന് നോവലുകള്‍.
ഈ രണ്ട് നോവല്‍ കൂടാതെ ഒരു തളിരിലയും ഒരു തുള്ളിനിലാവും, പൂവണിയുന്ന ഇലച്ചാര്‍ത്തുകള്‍, കടലിന്റെ രഹസ്യം, എ ഗേള്‍ ആന്‍ഡ് ദി ടൈഗേഴ്‌സ് എന്നീ ആറ് നോവലുകള്‍ ഇതിനകം കോഴിക്കോട് ഇന്‍സൈറ്റ് പബ്ലിക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തക താളുകളിലെ ചിത്രീകരണവും കവര്‍ ചിത്രങ്ങളുമെല്ലാം സിനാഷ തന്നെ വരച്ചതാണ്. ആന്‍ഫ്രാങ്കിന്റെ ജീവിതം പറയുന്ന ചെമ്പനീര്‍ പൂക്കള്‍, പച്ച നിറമുള്ളവള്‍, കാടും കനവും എന്നീ മലയാളം നോവലുകളും ടെര്‍മിനാ ലിയപാനിക്കുലേറ്റ്, റെഡ് ആന്റ് പിങ്ക്, ട്വന്റി ഫിഫ്ത്ത് സ്റ്റെപ്പ്, ദി ലയണ്‍ ആന്റ് ഹിസ് ഫ്രണ്ട് എന്നീ ഇംഗ്ലീഷ് നോവലുകളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നോവലിനു പുറമേ കഥകള്‍, കവിതകള്‍, ഡയറിക്കുറിപ്പുകള്‍, വായനാക്കുറിപ്പുകള്‍, സിനിമാക്കുറിപ്പുകള്‍, കളിവിവരണങ്ങള്‍, ഇംഗ്ലീഷ് ഗാനങ്ങളും ഈ കൊച്ചു മിടുക്കി കൈകാര്യം ചെയ്യുന്നു.
പോരാത്തതിന് മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും അനായാസം മൊഴിമാറ്റം ചെയ്യാനും സിനാഷക്കാവുന്നു.
വായിച്ചു തീര്‍ത്ത പ്രഗത്ഭരുടേതടക്കം 500ല്‍ പരം പുസ്തകങ്ങളുടെ പേരുകള്‍ ഇതളുകളില്‍ ചേര്‍ത്തെഴുതി വീട്ടിലെ ചുമരില്‍ ഒരു ചിത്ര മരം വളര്‍ത്തുന്നുണ്ട് ഈ എഴുത്തുകാരി.
സിനാഷയുടെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം കാസര്‍കോട് സംഘടിപ്പിക്കണമെന്ന ആഗ്രഹം ടി.ഇ.അബ്ദുല്ല പങ്കു വെക്കുന്നു.
ഒന്നാം ക്ലാസ് മുതല്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെ മലയാളം മിഡിയത്തില്‍ പഠിച്ചുവരുന്ന ഈ കൊച്ചു മിടുക്കിക്ക് മലയാളത്തെ പോലെ ഇംഗ്ലീഷും നന്നായി വഴങ്ങുമെന്നത് ഇംഗ്ലീഷ് പഠിക്കാന്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍തന്നെ ചേരണമെന്ന മലയാളികളുടെ സങ്കല്‍പ്പത്തെ മാറ്റിയെഴുതുന്നു.
സിനാഷ എന്ന പെണ്‍കുട്ടി ഏറെ തിരക്കിലാണ്. ഇനിയും ഏറെയുണ്ട് സിനാഷക്ക് എഴുതിതീര്‍ക്കാന്‍. അതിനായി അവള്‍ അക്ഷരങ്ങളെ കൂട്ടിവെക്കുകയാണ്. എഴുത്തിന്റെ ലോകത്തേക്ക് ഏക മകള്‍ക്ക് പിന്തുണയുമായി പിതാവ് ശ്രീകുമാറും മാതാവ് സ്മിതയും കൂട്ടിനുണ്ട്.

Related Articles
Next Story
Share it