ലോസ്ആഞ്ചലസ്: നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യ തലഉയര്‍ത്തി നിന്നു. ഭാരതത്തിന്റെ മണ്ണിലേക്ക് രണ്ട് പുരസ്‌കാരങ്ങള്‍ എത്തിച്ചാണ് ഇത്തവണ ഇന്ത്യയുടെ നേട്ടം. ‘ആര്‍.ആര്‍.ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ‘ദ എലഫന്റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലുമാണ് ഓസ്‌കാര്‍ നേടിയത്.
രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ ആര്‍ആര്‍ആറും കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ എലഫന്റ് വിസ്പറേഴ്‌സും ഓസ്‌കാര്‍ തിളക്കം ചൂടിയപ്പോള്‍ അത് 14 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ലോകപുരസ്‌കാരവേദിയില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്നതായി. 2008ലാണ് ഇന്ത്യയ്ക്ക് ഇതിന് മുമ്പ് ഓസ്‌കാര്‍ ലഭിച്ചത്. അന്ന് സ്ലംഡോഗ് മില്യണയറിലൂടെ എ.ആര്‍ റഹ്‌മാന്‍, ഗുല്‍സാര്‍, മലയാളിയായ റസൂല്‍ പൂക്കൂട്ടി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി പുരസ്‌കാരം നേടിയത്.
ഗോള്‍ഡന്‍ ഗ്ലോബിന്റെ സുവര്‍ണ്ണ ശോഭയിലാണ് എം.എം കീരവാണി ഓസ്‌കാര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ വേദിയിലേക്ക് എത്തിയത്. ഒപ്പം ഗാനരചയിതാവ് ചന്ദ്രബോസും ഉണ്ടായിരുന്നു. പുരസ്‌കാരം സ്വീകരിച്ച് കീരവാണി നടത്തിയ പ്രസംഗവും ശ്രദ്ധേയമായി. ‘കാര്‍പന്റേഴ്‌സിനെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇന്ന് ഓസ്‌കാറുമായി ഇവിടെ നില്‍ക്കുന്നു’. തൊട്ടുപിന്നാലെ അദ്ദേഹം ഒരു പാട്ടും പാടി.
പുറത്തിറങ്ങിയ നാള്‍മുതല്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ പാട്ടായിരുന്നു നാട്ടു നാട്ടു. രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയുമായിരുന്നു ഗായകര്‍.
കാട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ആനകുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ബൊമ്മന്റെയും ബെല്ലിയുടേയും കഥയാണ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ദ എലഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററിയിലൂടെ അവതരിപ്പിച്ചത്. ഇതിന്റെ രചന നിര്‍വഹിച്ചത് പ്രിസില്ല ഗോണ്‍സാല്‍വസാണ്. ഗുനീത് മോഗയ്‌ക്കൊപ്പം ഡഗ്ലസ് ബ്ലഷ്, കാര്‍ത്തികി ഗോണ്‍സാല്‍വസ്, അഛിന്‍ ജയ്ന്‍ എന്നിവരാണ് ഇവ നിര്‍മ്മിച്ചത്.