തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്ക്കരണം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. 11ാം ശമ്പള സ്കെയില്‍ പ്രകാരം അടിസ്ഥാന ശമ്പളം 23,000 ആയി നിശ്ചയിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ജീവനക്കാരുടെ നിരന്തരമായുള്ള ആവശ്യങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. നേരത്തെ 8730 രൂപയുണ്ടായിരുന്ന അടിസ്ഥാന ശമ്പളമാണ് 23,000 ആയി ഉയര്‍ത്തുന്നത്.
പെന്‍ഷന്‍കാര്‍ക്ക് മാത്രം മുന്‍കാല പ്രാബല്യത്താടെ 2021 ജൂണ്‍ തൊട്ടുള്ള ആനുകൂല്യം നല്‍കും. ജീവനക്കാര്‍ക്ക് 2022 ജനുവരി മുതലാണ് പരിഷ്കരണ ആനുകൂല്യം ലഭിക്കുക. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അഞ്ചു വര്‍ഷം വരെ 50 ശതമാനം ശമ്പളത്തോടെ അവധി നല്‍കും. ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന പുതിയ കേഡര്‍ സൃഷ്ടിക്കും. 14 വിഭാഗം മെക്കാനിക്കല്‍ ജീവനക്കാരെ രണ്ടു കാറ്റഗറി ആക്കും. ഇതിനായി സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
എം പാനല്‍ കാര്യം തീരുമാനിക്കാന്‍ മൂന്നംഗ സമിതി രൂപവത്കരിക്കും. സ്വിഫ്റ്റിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കും. ശമ്പള പരിഷ്കരണത്തെ കുറിച്ച് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചെന്നും പുതുക്കിയ ശമ്പള പരിഷ്ക്കരണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമെന്നും മന്ത്രി പറഞ്ഞു. ഈ കരാറില്‍ യൂണിയനുകള്‍ ഒപ്പിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സ്വകാര്യ ബസ് സമരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.