കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മുന്‍ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ്, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മലയാളി ഫൈസല്‍ ഫരീദ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരും നോട്ടീസ് നല്‍കിയവരിലുണ്ട്.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ പിടിയിലായതും ഒളിവില്‍ കഴിയുന്നവരുമായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസിന്റെ നടപടി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട രീതിയില്‍ സഹായം ചെയ്തതായി കസ്റ്റംസ് ആരോപിക്കുന്നു. സുരക്ഷഭീഷണി ഇല്ലാതിരിക്കെ, കോണ്‍സുലേറ്റ് ജനറലിന് അധികസുരക്ഷ നല്‍കിയെന്നും നാല് ഉദ്യോഗസ്ഥര്‍ക്ക് അനധികൃതമായി പാസ് നല്‍കിയെന്നും ആരോപണമുണ്ട്.
മുന്‍ കോണ്‍സുലേറ്റ് ജനറലിന് മന്ത്രിമാരുമായും ഉന്നത രാഷ്ട്രീയ നേതാക്കളുമായും ബന്ധമുണ്ടായിരുന്നുവെന്നും നോട്ടീസില്‍ പറയുന്നു. സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തും ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിന് പുറമെ വിദേശത്തേക്ക് ഡോളര്‍ കടത്ത്, മുന്‍ കോണ്‍സുലേറ്റ് ജനറല്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് എന്നിങ്ങനെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.