മംഗളൂരു: കോവാക്സിന് ശേഖരം തീര്‍ന്നതിനെ തുടര്‍ന്ന് മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ മേഖലകളില്‍ രണ്ട് ദിവസത്തേക്ക് വാക്സിനേഷന് നിര്‍ത്തിവെച്ചു. രണ്ട് ദിവസത്തേക്ക് ജില്ലാ വെന്‍ലോക്ക് ആസ്പത്രി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കില്ല. വാക്സിന് സ്റ്റോക്ക് നിറച്ചുകഴിഞ്ഞാല്‍ ക്യാമ്പുകള്‍ പുനരാരംഭിക്കുമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ വാക്സിന് ക്ഷാമം ദക്ഷിണകന്നഡ ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. വ്യാഴാഴ്ച ജില്ലയില്‍ 500 ഡോസ് കോവിഷീല്‍ഡ് വാക്സിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഉച്ചയ്ക്ക് 12 മണിയോടെ ആസ്പത്രികളില്‍ സ്റ്റോക്ക് തീര്‍ന്നു. പിന്നീട് വന്നവര്‍ നിരാശരായി വീട്ടിലേക്ക് മടങ്ങി. രണ്ട് ദിവസത്തിനുള്ളില്‍ 1,000 ഡോസ് കോവാക്സിന് വാക്സിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ ഡോസ് നല്‍കിയിട്ട് 42 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കും. കോവിഷീല്‍ഡ് വാക്സിനും രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാക്സിനേഷന് ലഭിക്കുന്നതിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ആരോഗ്യ വകുപ്പ് നിര്‍ബന്ധമാക്കി. ഗ്രാമീണ ജനതയെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രശ്നമാണ്. ഇതുസംബന്ധിച്ച് മുന്‍കൂട്ടി വിവരങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ നിരവധി പേരാണ് വലഞ്ഞത്.