മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ കല്ലാപ്പില്‍ കടപ്പുരയിലെ സമീറിനെ കാറില്‍ പിന്തുടര്ന്നെത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നൗഷാദ്, നാടേക്കല് സ്വദേശി നിയാസ്, ബജാല്‍ സ്വദേശി തന്‍വീര്‍, പടുബിദ്രി സ്വദേശി ഇഖ്ബാല്‍ എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാതലവന്‍ ഇല്യാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതികളില്‍ ഒരാളായിരുന്നു സമീര്‍. അറസ്റ്റിലായവരില്‍ മുഹമ്മദ് നൗഷാദ് കൊല്ലപ്പെട്ട ഇല്യാസിന്റെ ഭാര്യാ സഹോദരനാണ്.
കഴിഞ്ഞ ദിവസം രാത്രി സമീറും മാതാവും മറ്റ് കുടുംബാംഗങ്ങളും പമ്പ്വെല്ലിലെ ഫ്ളാറ്റിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കല്ലാപ്പിലെ വാണിജ്യ സമുച്ചയത്തിന് സമീപം ഫോണില്‍ സംസാരിക്കുന്നതിനിടെ കാറിലെത്തിയ സംഘം സമീറിനെ അക്രമിക്കുകയും തലക്കും കഴുത്തിനും വെട്ടുകയുമായിരുന്നു. ഇല്യാസിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് സമീറിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും സമീറിന്റെ കൊലപാതകത്തില്‍ അഞ്ച് പേര്‍ക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 2018ല്‍ ഇല്യാസിനെ കൊലപ്പെടുത്തിയെ കേസില്‍ ദാവൂദും സമീറും അടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ നൗഷാദ് സാക്ഷിയായിരുന്നു. മംഗളൂരുവിലെ ഫ്ളാറ്റില്‍ വെച്ചാണ് ഇല്യാസിനെ കൊലപ്പെടുത്തിയത്. അക്രമണസമയത്ത് നൗഷാദും ഇല്യാസിന്റെ ബന്ധു അസ്മത്തും കൊച്ചുകുട്ടിയും ഫ്ളാറ്റിലുണ്ടായിരുന്നു. 2018 ലെ കൊലപാതക കേസ് പിന്നീട് അവസാനിപ്പിച്ചെങ്കിലും ഇല്യാസിന്റെ കൂട്ടാളികള്‍ പ്രതികാരം ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഇല്യാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ ഇല്യാസിന്റെ ജ്യേഷ്ഠന് ഫാറൂഖ് പ്രതികാരം ചെയ്യാന്‍ പദ്ധതിയിടുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഫാറൂഖിന്റെ പദ്ധതി പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടു. ഇല്യാസിന്റെ കൊലപാതകത്തിന് ദൃക്സാക്ഷിയായ നൗഷാദ് ആണ് സമീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി. സമീറിന്റെ കൊലപാതകവുമായി ഉപ്പളയില്‍ നിന്നുള്ള സംഘത്തിന്റെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് ആദ്യം പ്രചാരണമുയര്ന്നതിനാല് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇല്യാസിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് കൊലപാതകമെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.