തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണ് രണ്ടുപേര്‍ മരിച്ചു. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ നടത്തറ സ്വദേശി രമേശന്, പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണന് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. പൊലീസുകാരുള്‍പ്പെടെ 27 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 20 പേരെ ജില്ലാ ആസ്പത്രിയിലും 7 പേരെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തിരുവമ്പാടി ക്ഷേത്രത്തില്‍ പഞ്ചവാദ്യത്തിനിടെ ആല്‍ക്കൊമ്പ് വൈദ്യുത കമ്പിയിലേക്ക് പൊട്ടിവീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് മരക്കൊമ്പിനടിയില്‍ നിന്ന് ആളുകളെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. ശനിയാഴ്ച പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. വെടിക്കോപ്പുകള്‍ കൂട്ടത്തോടെ കത്തിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പതിനഞ്ച് ആനപ്പുറത്തുള്ള എഴുന്നെള്ളിപ്പ് പാറമേക്കാവ് ദേവസ്വം ഒഴിവാക്കി. ഒരു ആനപ്പുറത്താണ് എഴുന്നെള്ളിപ്പ് നടത്തുക. പകല്‍ പൂരത്തിന്റെ സമയവും വെട്ടി ചുരുക്കി.