കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ തുടരന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ ജില്ലാ കലക്ടറെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീതക്ക് കൈമാറി. സംഭവത്തില്‍ എ.ഡി.എമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ടാണ് കലക്ടര്‍ നല്‍കിയിരുന്നത്. അതിന് പിന്നാലെ കലക്ടര്‍ക്കെതിരെ ആരോപണമുയര്‍ന്നതോടെയാണ് അന്വേഷണത്തില്‍ നിന്നും മാറ്റിയത്.
ദിവ്യ വരുന്നതും എ.ഡി.എമ്മിനെതിരെ സംസാരിക്കുന്നതും കലക്ടര്‍ അറിഞ്ഞിരുന്നുവെന്ന ആരോപണവും ശക്തമാവുകയാണ്. കലക്ടറുടെ ഫോണ്‍ വിളി രേഖകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കും. കണ്ണൂരിലുണ്ടെങ്കിലും കലക്ടര്‍ ഇന്നും ഓഫീസിലെത്തിയില്ല. ഓഫീസില്‍ വന്നാല്‍ ശക്തമായി പ്രതിഷേധിക്കാനാണ് സര്‍വീസ് സംഘടനകളുടെ തീരുമാനം. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ചയാവും പരിഗണിക്കുക. പി.പി ദിവ്യക്കെതിരെ കണ്ണൂര്‍ ജില്ലാ കലക്ടറേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ പൊലീസിന് മൊഴി നല്കി. എ.ഡി.എമ്മിന്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാല്‍ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ മൊഴി നല്കി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളില്‍ വ്യക്തമാക്കുന്നു. എ.ഡി.എം മൂന്നുവരിയില്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവര്‍ പൊലീസിനോട് പറഞ്ഞു.