തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം. കോവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് രണ്ടുദിവസങ്ങളിലും അനുമതി നല്‍കിയിരിക്കുന്നത്. ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും എണ്ണം കുറവാണ്. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം വേണമോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിക്കും.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ശനിയും ഞായറും നിയന്ത്രണം കടുപ്പിച്ചത്. ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, പാല്, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കു പ്രവര്‍ത്തിക്കാം. ടേക്ക് എവേ, പാഴ്സല്‍ സേവനങ്ങള്‍ക്കു മാത്രമേ ഹോട്ടലുകളും റസ്റ്റോന്റുകളും തുറക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും പ്രവര്‍ത്തിക്കില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കണം പ്രവര്‍ത്തനം. ബീച്ചുകള്‍, പാര്‍ക്കുകള്‍, മൃഗശാല, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളും ഇന്നും നാളെയും അടച്ചിടും. പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, ട്രെയിനുകള്‍, വിമാനയാത്രകള്‍ എന്നിവ അനുവദനീയമാണ്. ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.