എടനീര്‍: വയനാട് ചൂരല്‍മലയിലെ പ്രകൃതിദുരന്തത്തില്‍ തകര്‍ന്ന ശിവക്ഷേത്രം കാഞ്ചി കാമകോടി പീഠം മൂന്നുകോടിയോളം രൂപ ചെലവില്‍ പണിതുനല്‍കുമെന്ന് പീഠാധിപതി ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമി പറഞ്ഞു. എടനീര്‍ മഠത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച ശിവക്ഷേത്ര പൂജാരിയുടെ കുടുംബത്തിനും സഹായം നല്‍കുമെന്നും ദുരന്തത്തില്‍ തകര്‍ന്ന സ്കൂള്‍ പണിയാനും ഇതോടൊപ്പം സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും വേദപഠനത്തിനും കാഞ്ചി കാമകോടിപീഠം വലിയ പ്രാധാന്യമാണ് എന്നും നല്‍കുന്നത്. ഗ്രാമീണമേഖലയില്‍ ദേവസ്വത്തിന് കീഴില്‍ വരാത്ത 120 ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് കഴിഞ്ഞ രണ്ടുവര്‍ഷമായി 3000 രൂപ വീതം ദേവപൂജ പദ്ധതിയില്‍പ്പെടുത്തി കാഞ്ചി കാമകോടി പീഠം നല്‍കുണ്ട്. ഡിസംബര്‍ 27ന് എറണാകുളം സമൂഹമഠത്തില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സഹസ്ര സുഹാസിനി പൂജ നടത്തും. എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിയും കാഞ്ചി കാമകോടി പീഠാധിപതിക്കൊപ്പമുണ്ടായിരുന്നു. എടനീര്‍ മഠത്തിലെത്തിയ സ്വാമിയെ ഭക്തര്‍ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു.