തളങ്കര: ഇരട്ടക്കുട്ടികളുടെ സംഗമം തളങ്കരക്ക് കണ്ണിനാനന്ദമായി. നൂറോളം ഇരട്ടക്കുട്ടികള്‍ തളങ്കര പടിഞ്ഞാറില്‍ സംഗമിച്ചപ്പോള്‍ കുസൃതികളും കളിചിരികളും നിറഞ്ഞു. ഫോട്ടോ സെഷനും മ്യൂസിക്കല്‍ ചെയറും ത്രോബോള്‍ മത്സരങ്ങളും ട്വിന്‍സ് മീറ്റിന് മാറ്റുകൂട്ടി. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിക്കാണ് ഇരട്ടകുട്ടികള്‍ കൂട്ടത്തോടെ തളങ്കരയിലേക്ക് പ്രവഹിച്ചത്. ഈ സന്തോഷം കാണാനും നിരവധിപേരെത്തി.
മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തക സുലേഖ മാഹിന്ന്റെ നേതൃത്വത്തിലാണ് ശിശുദിനത്തോടനുബന്ധിച്ചു ഇത്തരത്തില്‍ വേറിട്ടൊരു സംഗമം സംഘടിപ്പിച്ചത്.
പതിനൊന്ന് വയസ്സിന് താഴെയുള്ള 120 ഇരട്ടകുട്ടികള്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത വിവരം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചതോടെ ട്വിന്‍സ് മീറ്റ് കാണാന്‍ എത്തിയവരെ കൊണ്ട് തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷും മുനിസിപ്പല്‍ പാര്‍ക്ക് പരിസരവും നിറഞ്ഞിരുന്നു. സംഗമത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പലഹാരവും കളര്‍ പേനകളും മറ്റും നല്കി.