ലക്നൗ: ആസ്പത്രിയിലെ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ മഹാറാണി ലക്ഷ്മി ബായ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് ദുരന്തമുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും 16 കുഞ്ഞുങ്ങള്‍ ഗുരുതര നിലയിലാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ 50ഓളം കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു അപകടം.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സംഭവം അങ്ങേയറ്റം ദു:ഖകരവും ഹൃദയഭേദകവുമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സില്‍ കുറിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. ഉത്തര്‍പ്രദേശില്‍ നേരത്തെയും ആസ്പത്രിയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചിരുന്നു.