കാസര്‍കോട്: ടെന്നീസ് രംഗത്ത് കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കാനുള്ള കാസര്‍കോടിന്റെ സ്വപ്നങ്ങള്‍ക്ക് പച്ചക്കൊടി കാണുന്നില്ല. ജില്ലയില്‍ ടെന്നീസ് അഭിരുചിയുള്ളവര്‍ക്ക് പരിശീലനം നടത്താനും മത്സരങ്ങള്‍ സംഘടിപ്പിക്കാനും എന്ന് കഴിയുമെന്ന ചോദ്യത്തിന് അധികൃതരും കൈമലര്‍ത്തുകയാണ്. പരിശീലനം നടത്തണമെങ്കില്‍ ജില്ലയുടെ അതിര്‍ത്തി കടന്ന് മംഗളൂരുവിലോ കണ്ണൂരിലേക്കോ പോകണം. ദിവസവും പരിശീലനത്തിന് കിലോ മീറ്ററുകള്‍ താണ്ടുക എന്നത് അപ്രായോഗികമായതിനാല്‍ ടെന്നീസ് മേഖലയിലേക്കുള്ള ജില്ലയുടെ സംഭാവനകള്‍ക്ക് കരിനിഴല്‍ വീഴുകയാണ്.
2020 സെപ്തംബറിലാണ് ജില്ലയിലെ ആദ്യ ടെന്നീസ് അക്കാദമി നായന്മാര്മൂലയില് അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തത്. 40 സെന്റ് സ്ഥലത്ത് ഗെയിലിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചായിരുന്നു അക്കാദമി സ്ഥാപിച്ചത്. കോവിഡ് വ്യാപന ഘട്ടമായതിനാല്‍ 20 ദിവസം മാത്രമാണ് അക്കാദമി പ്രവര്‍ത്തിച്ചത്. രാവിലെ 5.30 മുതല്‍ ഒമ്പത് വരെയും വൈകിട്ട് ഏഴ് മുതല്‍ രാത്രി 12 വരെയും സമയ ക്രമീകരണമൊക്കെ നടത്തി 20 ദിവസം കുട്ടികള്‍ക്ക് പരിശീലനം നല്കി. കോവിഡ് മാറി ജനജീവിതം തിരികെ എത്തിയെങ്കിലും അക്കാദമിയുടെ പ്രവര്‍ത്തനം ഇപ്പോഴും നിലച്ച അവസ്ഥയിലാണ്. ടെന്നീസ് കോര്‍ട്ട് മുഴുവന്‍ കാടുകളും പുല്ലുകളും കയ്യേറിക്കഴിഞ്ഞു. കോര്‍ട്ടില്‍ വരച്ചുവെച്ച മാര്‍ക്കുകളും മാഞ്ഞു. കോര്‍ട്ടിന് ചുറ്റുമൊരുക്കിയ കമ്പി വേലിയും ദ്രവിച്ച് തുടങ്ങി. പ്രധാന ഗേറ്റിലൂടെ ആര്‍ക്ക് വേണമെങ്കിലും തുറന്ന് അകത്ത് കയറാനാവുന്ന സാഹചര്യമാണ്. കോര്‍ട്ടിന് പരിസരത്തായി നിര്‍മ്മിച്ച ഡ്രെസ്സിംഗ് മുറിയും ശൗചാലയവും ഉള്‍പ്പെടുന്ന ചെറിയ കെട്ടിടം പഴഞ്ചനായി. കെട്ടിടത്തിനുള്ളിലുള്ള വാഷ് ബേസിനും മറ്റ് സംവിധാനങ്ങളും നശിച്ചു. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ടെന്നീസ് കോര്‍ട്ടിന്റെ നിലവിലെ അവസ്ഥയില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്.
ജില്ലാ കലക്ടറും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ചെങ്കള പഞ്ചായത്തും ചേര്‍ന്നുള്ള സമിതിയാണ് അക്കാദമി നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കിയതെന്നും ഫണ്ടിന്റെ അപര്യാപ്തതയാണ് അക്കാദമി നവീകരണം വൈകാന്‍ കാരണമെന്നും ടെന്നീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി പി. താരീഖ് പറഞ്ഞു. ടെന്നീസ് കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത് കളിമണ്ണിലാണെന്നും ഇതിന് പകരം സിന്തറ്റിക് കോര്‍ട്ട് നിര്‍മ്മിച്ചാല്‍ എളുപ്പത്തില്‍ സംരക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉടന്‍ നവീകരിക്കും -ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട്
നായന്മാര്മൂലയിലെ ജില്ലാ ടെന്നീസ് അക്കാദമി നവീകരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന് പറഞ്ഞു.
അഞ്ച് ലക്ഷം രൂപ ചിലവില്‍ നവീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നവീകരിക്കുന്നതിന് വേണ്ടിയുള്ള ഫണ്ട് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റെടുക്കാന്‍ തയ്യാര്‍
-ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട്
ടെന്നീസ് അക്കാദമി, സ്പോര്‍ട്സ് കൗണ്‍സില്‍ വിട്ടുതരികയാണെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ പറഞ്ഞു. കാടുമൂടി നശിച്ചിരിക്കുകയാണ് അക്കാദമി. അക്കാദമി നവീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കേണ്ടതുണ്ട്. പഞ്ചായത്തിന് വിട്ടുതന്നാല്‍ പ്രത്യേക പദ്ധതി വെച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
നേരത്തെ ഇത് സംബന്ധിച്ച് ആവശ്യം ഉന്നയിച്ചെങ്കിലും സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് അനുകൂല മറുപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.