സാധാരണക്കാരന് ഇരുട്ടടിയായി സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.വെളുത്തുള്ളിയും ചുവന്നുള്ളിയും പച്ചമുളകു കാരറ്റുമുള്പ്പെടെ മിക്കവയിലും കൈവെക്കാനാവാത്ത വിധം വിലക്കയറ്റത്തിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് വിലക്കയറ്റം വിപണിയില്‍ പ്രകടമായത്. കാസര്‍കോട് ജില്ലയില്‍ വെളുത്തുള്ളിക്ക് ഇന്ന് കിലോ വില 64 ആയി. അടുത്ത കാലങ്ങളില്‍ കണ്ട ഏറ്റവും കൂടിയ വിലയാണിതെന്ന് കച്ചവടക്കാര്‍ പറയുന്നു. വില കൂടുന്നതിന്റെ കാരണം എന്താണെന്നും കച്ചവടക്കാര്‍ക്ക് മനസിലാവുന്നില്ല. ഒക്ടോബര്‍ പകുതി വരെ കിലോയ്ക്ക് 54 രൂപ വരെ ഉണ്ടായിരുന്ന ചുവന്നുള്ളിക്ക് മൂന്നാഴ്ച്ചക്കുള്ളില്‍ 10 രൂപയാണ് കൂടിയത്. മലയാളികള്‍ക്ക് നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത വെളുത്തുള്ളിക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയാണ് . കിലോ 360 രൂപ. ചെറുനാരങ്ങ നില 100 കടന്ന് 120ലെത്തി. ഇഞ്ചി, കാപ്സിക്കം വില ഇന്ന് സെഞ്ച്വറിയിലെത്തി. കാരറ്റും ഉയര്‍ന്ന വിലയിലാണ്. കിലോ 90 രൂപ. പച്ചമുളക് വിലയും റെക്കോര്‍ഡിലെത്തി. കിലോ 60. മറ്റ് വിലകള്‍ ഇങ്ങനെ. പയര്‍, ബീന്‍സ്, കയ്പക്ക, കോവയ്ക്ക, നരമ്പന് കിലോ 60 രൂപ. മുരിങ്ങ -80 രൂപ, തക്കാളി -32 രൂപ , ഉരുളക്കിഴങ്ങ് -44 രൂപ, ബീറ്റ്റൂട്ട് 40 രൂപ, കാബേജ് -34 രൂപ, കോളിഫ്ളവര്‍ 56 രൂപ, ചേന- 70 രൂപ, കുമ്പളങ്ങ -32 രൂപ. ഉപഭോക്താക്കളുടെ നടുവൊടിച്ചുള്ള വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം.