മുന്നാട്: കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് നാളെ മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ തുടക്കമാകും. സ്റ്റേജിതര മത്സരങ്ങളോടെയാണ് തുടക്കം. സാഹിത്യ നിരുപകന് ഇ.പി. രാജഗോപാലന്‍ സ്റ്റേജിതര മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. 7, 8 തീയ്യതികളില്‍ സ്റ്റേജ് മത്സരങ്ങള്‍ നടക്കും. 9ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 11ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. സര്‍വ്വകലാശാല കലോത്സവത്തിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. സര്‍വ്വകലാശാല പരിധിയിലെ 106 കോളേജുകളില്‍ നിന്നായി അയ്യായിരത്തിലേറെ കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
കലോത്സവത്തിന്റെ ഭാഗമായി വര്‍ണ ശബളമായ സാംസ്കാരിക ഘോഷയാത്ര നടന്നു. കുറ്റിക്കോലില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഫ്ളാഗ് ഓഫ് ചെയ്തു. സര്‍വ്വകലാശാല യൂണിയന് ജനറല്‍ സെക്രട്ടറി ടി. പ്രത്വിക് അധ്യക്ഷത വഹിച്ചു. കലോത്സവത്തിന്റെ മീഡിയ സെന്റര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന് ഉദ്ഘാടനം ചെയ്തു. എം. രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.