കാഞ്ഞങ്ങാട്: നാല് പതിറ്റാണ്ടു കാലം മുമ്പത്തെ സ്കൂള്‍ യുവജനോത്സവ തായമ്പക പ്രതിഭ പൂര്‍വ വിദ്യാലയത്തില്‍ സ്കൂള്‍ യുവജനോത്സവ ഉദ്ഘാടകനായെത്തി. അറിയപ്പെടുന്ന ചെണ്ട വിദഗ്ധന്‍ വാദ്യരത്നം മഡിയന്‍ രാധാകൃഷ്ണന് മാരാറാണ് തന്നെ യുവജനോത്സവ വേദിയിലെത്തിച്ച വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടകനായെത്തിയത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ തായമ്പകയില്‍ രാധാകൃഷ്ണന് ഒന്നാം സമ്മാനം ലഭിച്ചത്.
വടക്കേ മലബാറിലെ ഒരു വിദ്യാര്‍ത്ഥിക്ക് ചെണ്ടയില്‍ ആദ്യമായി ഒന്നാം സമ്മാനം ലഭിക്കുന്നത് അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. യുവജനോത്സവ വേദി വിടുന്നതോടെ പലരും കലാരംഗത്ത് നിന്നും വിടപറയുമ്പോഴും രാധാകൃഷ്ണന് തന്റെ പരമ്പരാഗത കല പിന്തുടര്ന്നു. തായമ്പക വിദ്വാന് മഡിയന്‍ കൃഷ്ണന്‍കുട്ടി മാരാരുടെ മകനായ രാധാകൃഷ്ണന് അച്ഛന്റെ നിഴലായി ഈ രംഗത്ത് നിലനിന്നാണ് ഉയരങ്ങളിലെ ത്തിയത്. സ്കൂള്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടകനായി രാധാകൃഷ്ണന് എത്തിയതോടെ സ്കൂളിന്റെ പൂര്‍വവിദ്യാര്‍ഥിക്കുള്ള ആദരവ് കൂടിയായി. തായമ്പകയിലെ കേളികൊട്ട് അവതരിപ്പിച്ചാണ് രാധാകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. കൃഷ്ണന് അധ്യക്ഷത വഹിച്ചു.
എം. ബാലകൃഷ്ണന്, എസ്. ഗോവിന്ദരാജ്, മൂലക്കണ്ടം പ്രഭാകരന്, എം. പൊക്ലന്‍, ബിന്ദു വിജയന്, രാജേഷ് സ്കറിയ, എ.സി അമ്പിളി, വി. സുരേശന്, സരള ചെമ്മഞ്ചേരി സിനിമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.