കാസര്‍കോട്: സൂഫി സംഗീതവും മോഡേണ്‍ മ്യൂസിക്കും വര്‍ഷിച്ച രാവില്‍ പുതുവര്‍ഷം ആഘോഷിച്ച് കാസര്‍കോട്. കാസര്‍കോട് ഓണ്‍ സ്റ്റേജ് ലവേര്‍സ് അസോസിയേഷന് യാര്‍ഡ് (കോലായ്) ഇന്നലെ രാത്രി പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗീത വിരുന്നില്‍ കാസര്‍കോട് ഹര്‍ഷപുളകത്തോടെ പുതുവര്‍ഷത്തെ വരവേറ്റു. സൂഫി സംഗീതം കൊണ്ട് സമീര്‍ ബിന്‍സിയും ഇമാം അസീസിയും അനിര്‍വചനീയമായ സംഗീതത്തിന്റെ മാന്ത്രികത തീര്‍ത്തപ്പോള്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ് നിറഞ്ഞ ഹൃദയത്തോടെയാണ് സ്വീകരിച്ചത്.
പത്മശ്രീ ഹജ്ജബ്ബ, നാടക നടനും കവിയും ആര്‍ട്ടിസ്റ്റുമായ കെ.എച്ച്. മുഹമ്മദ്, ജീവകാരുണ്യ പ്രവര്ത്തകന് മുഹമ്മദലി നാങ്കി എന്നിവരെ ആദരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സംഘാടകസമിതി ചെയര്മാന് ഉമ്മര്‍ പാണലം, ജനറല്‍ കണ്‍വീനര്‍ സ്കാനിയ ബെദിര, ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് മുസ്തഫ ബി.ആര്.ക്യൂ എന്നിവര്‍ ചേര്‍ന്ന് ആദരം നിര്‍വഹിച്ചു. ഉമ്മര്‍ പാണലം അധ്യക്ഷത വഹിച്ചു. സ്കാനിയ സ്വാഗതം പറഞ്ഞു. കരീം ചൗക്കി ആമുഖ പ്രസംഗം നടത്തി.
തുടര്‍ന്ന് ഏതാണ്ട് മൂന്നുമണിക്കൂറോളം സൂഫിയാനാ സംഗീതത്തിന്റെ അനര്‍ഘ നിമിഷങ്ങളില്‍ കാസര്‍കോട് ലയിച്ചു നിന്നു. അര്‍ത്ഥവത്തായ വരികളും അതിമനോഹരമായ ആലാപനവും കൊണ്ട് ആദ്യാവസാനം വരെ കാണികളെ വിസ്മയിപ്പിക്കുകയായിരുന്നു സമീര്‍ ബിന്‍സിയും ഇമാം അസീസിയും.
തുടര്‍ന്ന് കോലായ് അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച പാട്ടും അരങ്ങേറി. സംഹാ സുബൈര്‍, ഹയാ ഫാത്തിമ, മുഹമ്മദ്, ഇസാ, ഈവ എന്നിവര്‍ പാടി. തുടര്‍ന്നാണ് വെടിക്കെട്ട് സംഗീതവിരുന്നുമായി കോളാംബി ഗായക സംഘം എത്തിയത്. അനൂപ് നാരായണനും ഇഷാക്കും മഷൂദും തീര്‍ത്ഥയും സാനിമ സതീഷനും ചേര്‍ന്ന് കാണികളെ ഇളകിമറിച്ചു. 2023ന് ഗുഡ്ബൈ പറഞ്ഞ്, ഡിജിറ്റല്‍ സ്ക്രീനിലെ ക്ലോക്കില്‍ 12 മണി തെളിഞ്ഞപ്പോള്‍ കാണികള്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് പുതുവര്‍ഷത്തെ വരവേറ്റ് ആനന്ദനൃത്തമാടി. കാസര്‍കോട് തീയേട്രിക്സ് സൊസൈറ്റി പുതുവത്സര പിറവി നേരത്ത് വര്‍ഷങ്ങളായി നടത്തിവരാറുള്ള വെറുപ്പിന്റെ പ്രതീകത്തെ കത്തിക്കല്‍ ചടങ്ങും നടന്നു. തീയേട്രിക്സ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ടി.എ ഷാഫി വെറുപ്പിന്റെ പ്രതീകത്തിന് തീകൊളുത്തി. പുതുവര്‍ഷത്തെ വരവേറ്റ് സദസ്സും വേദിയും ഒരുപോലെ നൃത്തംവെച്ചു. 1.30 വരെ തുടര്‍ന്ന സംഗീതവിരുന്ന് കാണാന്‍ കാണികള്‍ അപ്പോഴും സന്ധ്യാരാഗത്തിലുണ്ടായിരുന്നു. നൗഷാദ് ബായിക്കര, സുബിന് ജോസ്, നസീബ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.