ബദിയടുക്ക: വനമേഖലകളിലെ അധിനിവേശ മരങ്ങള്‍ ഇനി ഓര്‍മയാകും. ജില്ലയിലെ വനമേഖലയിലെ അക്കേഷ്യ, മാഞ്ചിയം മരങ്ങള്‍ വെട്ടി നീക്കി പകരം മറ്റു മരങ്ങള്‍ വെച്ചു പിടിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഏകവിള തോട്ടങ്ങള്‍ മാറ്റി തദ്ദേശീയ മരങ്ങള്‍ നടാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് മലവേപ്പ്, കുമ്പിള്, ഇലവ്, വട്ട തുടങ്ങിയ മരങ്ങളും മാവ് ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നത്. വെള്ളച്ചേരി, ബളവന്തടുക്ക, കാട്ടിപ്പള്ളം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ തൈകള്‍ നടുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലാകെ 128.28 ഹെക്ടര്‍ വനഭൂമിയിലെ അക്കേഷ്യ-മാഞ്ചിയം മരങ്ങളാണ് നിലവില്‍ വെട്ടി മാറ്റുന്നത്. 100 ഹെക്ടര്‍ വനമേഖലയിലെ മരങ്ങള്‍ മാറ്റിക്കഴിഞ്ഞു. 2013-14 കാലയളവില്‍ നട്ട മരങ്ങളാണ് മുറിച്ചെടുക്കുന്നത്. വനംവകുപ്പിന്റെ കാസര്‍കോട് മേഖലയിലാണ് പദ്ധതി പ്രധാനമായും നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 34.5 ഹെക്ടര്‍ സ്ഥലത്താണ് പുതിയ തൈകള്‍ നടുന്നത്. 2025 ഓടെ ബാക്കിയുള്ള സ്ഥലത്തും പുതിയ തൈകള്‍ നടും. ഓരോ മേഖലയുടെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് 18 ഇനം മരങ്ങളാണ് നടുക. മുറിക്കുന്ന മരങ്ങള്‍ക്കു പകരം നടാനുള്ള അരലക്ഷത്തോളം മരത്തൈകള്‍ ബദിയടുക്ക ബേളയിലെ നഴ്സറിയിലാണ് തയ്യാറാക്കുന്നത്. സാമൂഹിക വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടി 1950 മുതലാണ് വനഭൂമിയില്‍ അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. ജില്ലയില്‍ 500 ഹെക്ടറിലേറെ അക്കേഷ്യ-മാഞ്ചിയം-തേക്ക് തോട്ടങ്ങളാണുള്ളത്. ഇവ ഘട്ടംഘട്ടമായി മുറിച്ച് നീക്കി തദ്ദേശീയ മരങ്ങള്‍ വച്ച് പിടിപ്പിച്ച് സ്വാഭാവിക വനമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നത്.