ഉദുമ: ഉദുമയിലെ രണ്ട് കടകളില്‍ കവര്‍ച്ചക്ക് ശ്രമിക്കുന്നതിനിടെ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയ രണ്ടുപേരെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇവരില്‍ ഒരാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു.
ആദൂര്‍, നായന്മാര്മൂല തുടങ്ങിയ സ്ഥലങ്ങളില്‍ മോഷണം നടത്തിയ ആളാണ് ഇയാളെന്നും രണ്ടുപേരെയും പിടികൂടുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മേല്‍പറമ്പ് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കളനാട്ടെ ഒരു സ്ഥാപനത്തിലും മോഷണം നടന്നിരുന്നു. ഇതിന് പിന്നിലും ഇവരാണെന്ന സംശയം ശക്തമായിട്ടുണ്ട്. ഉദുമ എരോല്‍ സ്വദേശി സുഹൈലിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറികടയുടെ മുന്‍ ഭാഗത്തെ വല കെട്ടിയടച്ച ഭാഗത്തുകൂടിയാണ് രണ്ടുപേരും അകത്തുകടന്നത്. പച്ചക്കറി തട്ടില്‍ ചവിട്ടി വായില്‍ ടോര്‍ച്ച് കടിച്ചുപിടിച്ച് കയ്യില്‍ ഇരുമ്പ് വടിയുമായിട്ടാണ് ഇവര്‍ പരിശോധന നടത്തിയത്. കടയ്ക്ക് ഉള്ളില്‍ പണം സൂക്ഷിച്ചുവെച്ചത് എവിടെയാണെന്ന് തിരയുന്നതിനിടെ ടോര്‍ച്ച് കടയുടെ മുന്‍ഭാഗത്തേക്ക് തിരിച്ചപ്പോള്‍ സി.സി.ടി.വി കണ്ടു. ഇതോടെ രണ്ടുപേരും മോഷണ ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞു.
പിറ്റേ ദിവസം കടയുടമ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് രണ്ടുപേര്‍ കടയില്‍ തിരയുന്ന ദൃശ്യം കണ്ടത്. കടയില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. കടയുടമ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉദുമയിലെ മറ്റൊരു കടയിലും ഇവര്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ചു. ഇവിടെയും സി.സി.ടി.വി ഉണ്ടായിരുന്നതിനാല്‍ മോഷണ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.