കാഞ്ഞങ്ങാട്: സബ് ആര്.ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കുന്നതിന് വിവിധ ഏജന്റുമാരില്‍ നിന്നും ഡ്രൈവിങ്ങ് സ്കൂളുകാരില്‍ നിന്നും പിരിച്ചെടുത്ത 56,520 രൂപ പിടിച്ചെടുത്തു. ഏജന്റായ രാജാകൃഷ്ണനില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് പണം സ്വരൂപിച്ചത്. ഏജന്റ് രാജകൃഷ്ണനെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനുള്ള കൈക്കൂലി പിരിക്കുന്നതിന് നിയോഗിച്ചതായും കണ്ടെത്തി. പിരിച്ചെടുക്കേണ്ട പണത്തിന്റെ കണക്ക് എ.എം.വി.ഐ രാജാ കൃഷണന്റെ ഫോണിലേക്ക് അയച്ച് കൊടുത്തതായും കണ്ടെത്തി.
ഇതനുസരിച്ച് പിരിച്ചെടുത്ത പണത്തിന്റെ കണക്ക് വെള്ളപേപ്പറില്‍ എഴുതിവെച്ച നിലയില്‍ ഈ ഏജന്റില്‍ നിന്നും കണ്ടെടുത്തു. എ.എം.വിമാരായ സാജു, ഷാഹില്‍ കെ. രാജ്, സുധീഷ് എന്നിവര്‍ നിരന്തരം ഫോണിലും വാട്സാപ്പിലും ഏജന്റുമായി ബന്ധപ്പെട്ടതായും ഡി.വൈ.എസ്.പി നടത്തിയ ഫോണ്‍ പരിശോധനയില്‍ കണ്ടെത്തി. വിജിലന്‍സ് സംഘത്തില്‍ അസി.സബ് ഇന്‍സ്പെക്ടര്‍ വി.ടി സുഭാഷ് ചന്ദ്രന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.കെ രഞ്ജിത് കുമാര്‍, വി. രാജീവന്, സിവില്‍ പൊലീസ് ഓഫീസര്‍ ടി.വി. രതീഷ്, കിനാനൂര്‍ കരിന്തളം കൃഷി ഓഫീസര്‍ നിഖില്‍ നാരായണന് എന്നിവരുമുണ്ടായിരുന്നു.