ബണ്ട്വാള്‍: വിട്ടല്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഫാമിലെ കുളത്തില്‍ വീണ് മംഗളൂരുവിലെ വനിതാ ഡോക്ടര്‍ മുങ്ങിമരിച്ചു. മംഗളൂരു സ്വദേശി മൈസി ഫെര്‍ണാണ്ടസ് (32) ആണ് മരിച്ചത്. വിട്ടല്‍ അഡ്യനടുക്കയിലുള്ള വാരണാസി ഫാമിലെ കുളത്തിലാണ് മൈസി വീണത്. ഉടന്‍ തന്നെ ഡോക്ടറെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലും തുടര്‍ന്ന് വിട്ടല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ മൈസി മരണപ്പെട്ടതായി ഉറപ്പാക്കി. കഴിഞ്ഞദിവസം വനിതാ ഡോക്ടര്‍ ഫാം സന്ദര്‍ശിക്കുകയും ഒറ്റയ്ക്ക് കുളത്തിനടുത്തേക്ക് പോകുകയും ചെയ്തു. ഇതിനിടെയാണ് ഡോക്ടര്‍ കുളത്തില്‍ വീണത്. ഈ സമയം കുളത്തില്‍ നീന്തല്‍ പഠിക്കുകയായിരുന്ന യുവാക്കള്‍ തിരച്ചില്‍ നടത്തുകയും ആഴത്തില്‍ നിന്ന് ഡോക്ടറെ പുറത്തെത്തിക്കുകയും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മരിച്ചത് മൈസിയാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. വിട്ടല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എച്ച്ഇ നാഗരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മംഗളൂരുവിലെ പ്രശാന്ത് നഗറില്‍ നിന്നുള്ള ട്രിസ്റ്റ ഫെര്‍ണാണ്ടസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടൊയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഡോക്ടറാണെങ്കിലും കാര്‍ഷികമേഖലയില്‍ വലിയ താത്പര്യമുള്ള മൈസി കൃഷിയില്‍ ഗവേഷണം നടത്തുന്നതിനാണ് അഡ്യനടുക്കയിലെ ഫാം സന്ദര്‍ശിച്ചിരുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഈ കുളം നിര്‍മ്മിച്ചിരിക്കുന്നത്. സാഹസിക കായിക വിനോദങ്ങള്‍ ഈ കുളത്തില്‍ സംഘടിപ്പിക്കാറുണ്ട്, സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൃഷിസ്ഥലം സന്ദര്‍ശിക്കുകയും വിശ്രമിക്കുകയും ചെയ്യാറുണ്ട്. ഈ കുളത്തില്‍ അടുത്തിടെ ഒരു കുട്ടി മുങ്ങിമരിച്ചിരുന്നു.