കാസര്‍കോട്: രണ്ട് പഞ്ചായത്തുകളില്‍ നിന്നുള്ള 3 വില്ലേജുകള്‍ക്കായി ഒറ്റ ഓഫീസ്. അതിലുള്ള ജീവനക്കാരുടെ എണ്ണം ആകെ മൂന്നും. കുഡ്‌ലു ഗ്രൂപ്പ് വില്ലേജാണ് ഇപ്പോഴും ദുരിതക്കയത്തില്‍ തന്നെ ഉള്ളത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും മധൂര്‍ പഞ്ചായത്തിലെ നല്ലൊരു ഭാഗവും ഈ വില്ലേജിന് കീഴിലാണ്. ജില്ലാ ഭരണകൂടം കടുത്ത അവഗണനയാണ് ഈ വില്ലേജിനോട് കാണിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഒരു വില്ലേജ് ഓഫീസറും ഒരു സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറും ഒരു വില്ലേജ് ഫീള്‍ഡ് അസിസ്റ്റന്റും മാത്രമാണ് നിലവിലുള്ളത്. വില്ലേജ് അസിസ്റ്റന്റ് ഇല്ലാത്ത ഏക വില്ലേജാണ് കുഡ്‌ലു. പുത്തൂര്‍, ഷിറിബാഗിലു, കുഡ്‌ലു വില്ലേജുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ജനസംഖ്യയും ജോലിഭാരവും കണക്കിലെടുത്ത് വില്ലേജ് ഓഫീസുകള്‍ വിഭജിക്കാത്തതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് സംസ്ഥാനത്ത് തന്നെ ഏറെ തിരക്കേറിയ ഈ വില്ലേജില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതും. ഭരണപരിഷ്‌കാര വകുപ്പ് നടത്തിയ പഠനത്തില്‍ ജില്ലയിലെ ഏറ്റവും ജോലിഭാരം കൂടിയ വില്ലേജായി കണ്ടെത്തിയ വില്ലേജ് കൂടിയാണ് ഇത്. മലയോര പഞ്ചായത്തുകളില്‍ പോലും മൂന്നും നാലും വില്ലേജ് ഓഫീസുകള്‍ ഉള്ളപ്പോള്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുഴുവനും മധൂര്‍ പഞ്ചായത്തിലെ മുക്കാല്‍ ഭാഗം പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന വില്ലേജാണ് പതിറ്റാണ്ടുകളായി ദയനീയാവസ്ഥയിലുള്ളത്. ഇരുപതിനായിരത്തിലധികം ജനസംഖ്യയുള്ള വില്ലേജുകള്‍ വിഭജിക്കണമെന്ന് വ്യവസ്ഥയുള്ളപ്പോള്‍ 2011ലെ സെന്‍സസ് പ്രകാരം കുഡ്‌ലു, പുത്തൂര്‍, ഷിറിബാഗിലു വില്ലേജുകളിലായി മൊത്തം ജനസംഖ്യ അരലക്ഷത്തില്‍പരമാണ്.
കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 33 പോളിങ് സ്‌റ്റേഷനുകള്‍ ഈ വില്ലേജിലാണ് ഉള്ളത്. ജില്ലയില്‍ ആദ്യമായി റിസര്‍വ്വേ നടപടികള്‍ ആരംഭിച്ചതും ഇവിടെയാണ്. വര്‍ഷങ്ങളായി റിസര്‍വ്വേ അപാകതകള്‍ നിലനില്‍ക്കുന്ന വില്ലേജില്‍ ഒരു ഡാറ്റഎന്‍ട്രി ഓപ്പറേറ്ററെ പോലും സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. പ്രതിമാസം ഓണ്‍ലൈന്‍ ആയും മാനുവല്‍ ആയും 3000 ഓളം അപേക്ഷകളാണ് വില്ലേജ് ഓഫീസര്‍ക്ക് ലഭിക്കുന്നത്.
വില്ലേജ് ഓഫീസറും ജീവനക്കാരും രാപ്പകല്‍ അധ്വാനിച്ചാണ് ഓഫീസ് നിയന്ത്രിക്കുന്നത്. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയം മുതല്‍ മഞ്ചേശ്വരം താലൂക്കിലെ മൊഗ്രാല്‍ പാലം വ്യാപിച്ചുകിടക്കുന്ന ഈ തീരദേശ വില്ലേജ് വിഭജിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായി ഉയരുന്നതാണ്.
ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. വില്ലേജ് ഓഫീസിനോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.