കൗമാര പ്രതിഭകള്‍ക്കായി ഒരുങ്ങുന്നത് 28 വേദികള്‍ സാംസ്‌കാരിക നായകരുടെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കും

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കാഞ്ഞങ്ങാട്ടും പരിസരത്തുമായി സജ്ജമാവുന്നത് 28 വേദികള്‍. പതിനാല് ജില്ലകളില്‍ നിന്നുള്ള കൗമാര പ്രതിഭകള്‍ വ്യത്യസ്തങ്ങളായ മത്സരങ്ങളില്‍ മാറ്റുരക്കുമ്പോള്‍ കാസര്‍കോടിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക മുന്നേറ്റത്തിന് മികവുറ്റ സംഭാവനകള്‍ നല്‍കിയ മഹാന്മാരുടെ സ്മരണകള്‍ തുടിച്ച് നില്‍ക്കും. ഐങ്ങോത്ത് ഗ്രൗണ്ടില്‍ ഒരുക്കിയ പ്രധാന വേദിക്ക് മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ പേരാണ് നല്‍കിയിരിക്കുന്നത്. കാഞ്ഞങ്ങാട് അജാനൂരിലെ പടിഞ്ഞാറെക്കര അടിയോടി വീട്ടില്‍ ജനിച്ച് 14-ാമത്തെ വയസില്‍ കവിത എഴുതിത്തുടങ്ങിയ പി. കുഞ്ഞിരാമന്‍ നായര്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച […]

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കാഞ്ഞങ്ങാട്ടും പരിസരത്തുമായി സജ്ജമാവുന്നത് 28 വേദികള്‍. പതിനാല് ജില്ലകളില്‍ നിന്നുള്ള കൗമാര പ്രതിഭകള്‍ വ്യത്യസ്തങ്ങളായ മത്സരങ്ങളില്‍ മാറ്റുരക്കുമ്പോള്‍ കാസര്‍കോടിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക മുന്നേറ്റത്തിന് മികവുറ്റ സംഭാവനകള്‍ നല്‍കിയ മഹാന്മാരുടെ സ്മരണകള്‍ തുടിച്ച് നില്‍ക്കും. ഐങ്ങോത്ത് ഗ്രൗണ്ടില്‍ ഒരുക്കിയ പ്രധാന വേദിക്ക് മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ പേരാണ് നല്‍കിയിരിക്കുന്നത്. കാഞ്ഞങ്ങാട് അജാനൂരിലെ പടിഞ്ഞാറെക്കര അടിയോടി വീട്ടില്‍ ജനിച്ച് 14-ാമത്തെ വയസില്‍ കവിത എഴുതിത്തുടങ്ങിയ പി. കുഞ്ഞിരാമന്‍ നായര്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച കവികളില്‍ ഒരാളാണ്. വാക്കുകളുടെ മഹാബലി എന്നാണ് കെ.ജി. ശങ്കരപ്പിള്ള അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മലയാള കവിതയില്‍ ബിംബങ്ങളുടെ ഘോഷയാത്ര അവതരിപ്പിക്കപ്പെട്ട കവിയായിരുന്നു പി.
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ വേദി 2ന് മഹാകവി കുട്ടമത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഉത്തര കേരളത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിലേറെ കാലം നേതൃത്വം നല്‍കുകയും നിരവധി ഉല്‍കൃഷ്ട കൃതികള്‍ കൊണ്ട് മലയാളത്തെ സമ്പന്നമാക്കുകയും ചെയ്ത പണ്ഢിതരായിരുന്നു കുട്ടമത്ത് കവികള്‍. കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞികൃഷ്ണ കുറുപ്പ്, ചെറിയ രാമകുറുപ്പ്, കുഞ്ഞിക്കേളു കുറുപ്പ്, കൃഷ്ണ കുറുപ്പ്, കൊച്ചു ഗോവിന്ദ കുറുപ്പ്, കുഞ്ഞുണ്ണികുറുപ്പ് എന്നിവരാണ് പ്രധാന കുട്ടമത്ത് കുറുപ്പന്മാര്‍. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലൊരുക്കിയ വേദി മൂന്നിന് ടി.എസ്. തിരുമുമ്പിന്റെ പേരാണ് നാമകരണം ചെയ്തിട്ടുള്ളത്. പാടുന്ന പടവാള്‍ എന്നാണ് അദ്ദേഹത്തെ ഇ.എം.എസ്. വിശേഷിപ്പിച്ചിരുന്നത്. കവി ടി. ഉബൈദിന്റെ പേരാണ് നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ വേദി നാലിന് നല്‍കിയിരിക്കുന്നത്. ഇസ്ലാമിക സംസ്‌കൃതിയുടെയും അറബി സംസ്‌കാരത്തിന്റെയും സുഗന്ധം നിറഞ്ഞു നില്‍ക്കുന്ന ഉബൈദിന്റെ കവിതകള്‍ മലയാള സാഹിത്യ രംഗത്ത് വേറിട്ട് നില്‍ക്കുന്നതാണ്. മാപ്പിളപ്പാട്ടുകളുടെ ഇശലുകളില്‍ വിരിഞ്ഞവയായിരുന്നു ഉബൈദിന്റെ പ്രസിദ്ധമായ കവിതകള്‍. രാജാസ് സ്‌കൂളില്‍ തന്നെ ഒരുക്കിയ വേദി അഞ്ചിന് രസിക ശിരോമണി കോമന്‍ നായരുടെ പേരാണ് നല്‍കിയിരിക്കുന്നത്. മലബാറിലെ ചാര്‍ളിചാപ്ലിന്‍ എന്ന് വിശേഷണമുള്ള കോമന്‍ നായര്‍ നാടകത്തിനും ദേശീയ പ്രസ്ഥാനത്തിനുമായി അരങ്ങില്‍ നിന്ന് അരങ്ങിലേക്ക് കെടാത്ത പന്തം പോലെ ജ്വലിച്ചു നിന്ന പ്രതിഭയായിരുന്നു. വെള്ളിക്കോത്ത് എം.പി.എസ്.ജി.വി.എച്ച്.എസ്.എസില്‍ ഒരുക്കിയ വേദി ആറിന് വിദ്വാന്‍ പി. കേളുനായരുടെ പേരാണ് നല്‍കിയിരിക്കുന്നത്. മലയാള സംഗീത നാടക പ്രസ്ഥാനത്തിനും നാടക വേദിക്കും പുതുവഴി തുറന്നുകാട്ടിയ കവിയും ഗായകനും സംഗീതജ്ഞനും സ്വാതന്ത്ര്യ സമര സേനാനിയുമാണ് കേളുനായര്‍.
മേലാങ്കോട്ട് എസ്.എസ്. കലാമന്ദിരത്തില്‍ ഒരുക്കിയ വേദി ഏഴിന് നല്‍കിയിരിക്കുന്നത് പ്രശസ്ത യക്ഷഗാന കലാകാരന്‍ ചന്ദ്രഗിരി അമ്പുവിന്റെ പേരാണ്. വൈവിധ്യമുള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ആളായിരുന്നു ചന്ദ്രഗിരി അമ്പു. ഹൊസ്ദുര്‍ഗ് താലൂക്കില്‍ ദേശീയ പ്രസ്ഥാനത്തിന് വേരോട്ടം നല്‍കുന്നതില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.സി. കണ്ണന്‍ നായരുടെ പേരാണ് മേലാങ്കോട്ട് എ.സി.കെ.എന്‍.എസ്.യു.പി. സ്‌കൂളില്‍ ഒരുക്കിയ വേദി എട്ടിന് നല്‍കിയിരിക്കുന്നത്. അതിയാമ്പൂരിലെ ചിന്മയ വിദ്യാലയ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ വേദി ഒമ്പതിന് മലബാര്‍ വി. രാമന്‍നായരുടെ പേരാണ് നല്‍കിയിരിക്കുന്നത്. പ്രശസ്തനായ തുള്ളന്‍ കലാകാരനായിരുന്നു അദ്ദേഹം. തുള്ളലിന്റെ വടക്കന്‍ ശൈലിയുടെ വക്താവ് എന്ന നിലയിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതിയാമ്പൂര്‍ ശ്രീ ലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ വേദി പത്തിന് നല്‍കിയിരിക്കുന്നത് രാഷ്ട്രകവി ഗോവിന്ദ പൈയുടെ പേരാണ്. കന്നട സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയ ഗോവിന്ദ പൈ 24 ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന ഭാഷാ ഗവേഷകന്‍ കൂടിയായിരുന്നു. പ്രശസ്ത സ്വാതന്ത്ര സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ. മാധവന്റെ പേരാണ് ലിറ്റില്‍ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ വേദി 11ന് നല്‍കിയിരിക്കുന്നത്. സാമൂഹ്യ ശാസ്ത്രം സംബന്ധമായ അനവധി കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. പടന്നക്കാട് കാര്‍ഷിക കോളേജില്‍ ഒരുക്കിയ വേദി 12ന് നല്‍കിയിരിക്കുന്നത് പ്രശസ്ത കഥകളി കലാകാരന്‍ നാട്യരത്നം കണ്ണന്‍ പാട്ടാളിയുടെ പേരാണ്. അര നൂറ്റാണ്ട് കാലം കഥകളി രംഗത്ത് സജീവമായിരുന്നു അദ്ദേഹം. കന്നട കാവ്യ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ പേരാണ് കാര്‍ഷിക കോളേജിലെ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ വേദി 13 ന് നല്‍കിയിരിക്കുന്നത്. പാലാഴി ഓഡിറ്റോറിയത്തിലെ മന്ന്യോട്ട് കാവില്‍ ഒരുക്കിയ വേദി 14 ന് നല്‍കിയിരിക്കുന്നത് അധസ്ഥിതന്റെ നിശബ്ദമായ പ്രതിഷേധത്തിന് വാക്കുകള്‍ നല്‍കിയ വിപ്ലവകാരി എന്നറിയപ്പെടുന്ന കൂര്‍മ്മല്‍ എഴുത്തച്ഛന്റെ പേരാണ്. പൊട്ടന്‍ തെയ്യം പാട്ടിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ വേദി 15 ന് നല്‍കിയിരിക്കുന്നത് പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ പാലാ ഭാസ്‌കര ഭാഗവതരുടെ പേരാണ്. രണ്ടര പതിറ്റാണ്ട് കാലം കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിച്ച അദ്ദേഹം നിരവധി ശിക്ഷഗണങ്ങളെ വാര്‍ത്തെടുത്തിട്ടുണ്ട്. ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ തന്നെ ഒരുക്കിയ വേദി 16ന് നല്‍കിയിരിക്കുന്നത് ഗുരു ചന്തുപണിക്കരുടെ പേരാണ്. കഥകളി രംഗത്തെ കുലപതിയായിരുന്നു തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശിയായ ചന്തുപണിക്കര്‍. പടന്നക്കാട് സ്റ്റെല്ലമേരി സ്‌കൂളില്‍ ഒരുക്കിയ വേദി 17ന് നല്‍കിയിരിക്കുന്നത് സി. രാഘവന്‍ മാസ്റ്ററുടെ പേരാണ്. സാഹിത്യവിവര്‍ത്തനത്തില്‍ കനത്ത സംഭാവന നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. കന്നടയില്‍ നിന്ന് മലയാളത്തിലേക്കും തിരിച്ചും ധാരാളം കൃതികള്‍ വിവര്‍ത്തനം ചെയ്ത അദ്ദേഹം തുളു ഗവേഷകന്‍ കൂടിയായിരുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഒരുക്കിയ വേദി 18 ന് നല്‍കിയിരിക്കുന്നത് പ്രശസ്ത പൂരക്കളി കലാകാരന്‍ വയലില്‍ കുഞ്ഞിരാമപണിക്കരുടെ പേരാണ്. പൂരക്കളി, മറുത്തുകളി രംഗത്ത് ശ്രദ്ധേയനായിരുന്നു അദ്ദേഹം. പടന്നക്കാട് എസ്.എന്‍.എ.യു.പി.സ്‌കൂളില്‍ ഒരുക്കിയ വേദി 19ന് നല്‍കിയിരിക്കുന്നത് സംസ്ഥാനത്തെ തെയ്യം കലാകാരന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നര്‍ത്തക രത്നം കണ്ണന്‍ പെരുവണ്ണാന്റെ പേരാണ്. അജാനൂര്‍ ഇഖ്ബാല്‍ എച്ച്.എസ്.എസില്‍ ഒരുക്കിയ വേദി 20ന് നല്‍കിയിരിക്കുന്നത് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ.എം. അഹ്മദിന്റെ പേരാണ്. കാസര്‍കോട് പ്രസ്‌ക്ലബ്ബ്, കാസര്‍കോട് സാഹിത്യവേദി എന്നിവയുടെ നേതൃനിരയില്‍ ഏറെകാലം പ്രവര്‍ത്തിച്ച കെ.എം. അഹ്മദ് നാല് പതിറ്റാണ്ട് കാലം മാതൃഭൂമി ലേഖകനായിരുന്നു. ഉത്തരദേശം പത്രാധിപര്‍ കൂടിയാണ്. ഇതേ സ്‌കൂളില്‍ ഒരുക്കിയ വേദി 21 ന് നല്‍കിയിരിക്കുന്നത് പ്രശസ്ത ശില്‍പ്പി കണ്ണന്‍ കേരള വര്‍മ്മന്റെ പേരാണ്. കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ അപ്സ്റ്റെയറില്‍ ഒരുക്കിയ വേദി 22ന് നല്‍കിയിരിക്കുന്നത് പി.സി. കാര്‍ത്യായണിക്കുട്ടിയമ്മയുടെ പേരാണ്. ടി.എസ്. തിരുമുമ്പിന്റെ പത്നിയായ അവര്‍ കോണ്‍ഗ്രസുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ശ്രദ്ധേയമായ ഒട്ടേറെ സമര രംഗത്ത് മുന്നില്‍ പ്രവര്‍ത്തിച്ചു. കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ വേദി 23 ന് നല്‍കിയിരിക്കുന്നത് അജാനൂര്‍ ഗവ. ഫിഷറീസ് യു.പി. സ്‌കൂള്‍ സ്ഥാപകന്‍ പക്കീരന്‍ വൈദ്യരുടെ പേരാണ്. ആദ്യകാലത്ത് ചിത്താരി കടപ്പുറം മുതല്‍ ഹൊസ്ദുര്‍ഗ് സൗത്ത് കടപ്പുറം വരെയുള്ള നീണ്ട കടലോരത്തെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ഇത്. കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ജി.എഫ്.എച്ച്.എസില്‍ ഒരുക്കിയ വേദി 24 ന് നല്‍കിയിരിക്കുന്നത് കുഞ്ഞിരാമന്‍ നമ്പ്യാരുടെ പേരാണ്. വെള്ളിക്കോത്ത് വിജ്ഞാന ദായിനി സ്‌കൂളില്‍ ശമ്പളമില്ലാതെ അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം സ്വാതന്ത്ര സമരസേനാനി ആയിരുന്നു. ശക്തിമാസികയുടെ പത്രാധിപരുമായിരുന്നു. കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ്. ഹാളില്‍ ഒരുക്കിയ വേദി 25നും 26നും നല്‍കിയിരിക്കുന്നത് പ്രമുഖ സ്വാതന്ത്ര സമര സേനാനികളായ ഗാന്ധി കൃഷ്ണന്‍ നായരുടെയും ഗാന്ധി രാമന്‍ നായരുടെയും പേരുകളാണ്. കിഴക്കുങ്കര ചൈതന്യ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ വേദി 27ന് നല്‍കിയിരിക്കുന്നത് യക്ഷഗാന വാല്‍മീകി എന്നറിയപ്പെടുന്ന പാര്‍ത്ഥിസുബ്ബന്റെ പേരാണ്. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നികില്‍ ഒരുക്കിയ വേദി 28ന് നല്‍കിയിരിക്കുന്നത് ബഹുഭാഷാ പണ്ഡിതനും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആദ്യകാല ഹിന്ദി അധ്യാപകനുമായിരുന്ന ടി.കെ. ഭട്ടതിരിയുടെ പേരാണ്.

Related Articles
Next Story
Share it