നെടുങ്കണ്ടം: വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന് സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന് സോണി(16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മുരിക്കാശേരിയില്‍ നിന്നും അയല്‍വാസികളും ബന്ധുക്കളുമായ ഏഴുപേരടങ്ങുന്ന സംഘം തൂവല്‍ വെള്ളച്ചാട്ടം കാണുന്നതിനായി എത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിന് താഴെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് കുളിക്കാനിറങ്ങിയ യുവാക്കള്‍ കയത്തിലെ ചുഴിയില്‍ പെട്ട് മുങ്ങുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൂന്നുപേരാണ് കുളിക്കാനായി ഇറങ്ങിയത്. വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെയുള്ള സ്ഥലത്തേക്ക് നീന്തുന്നതിനിടെ പാറക്കെട്ടിന് സമീപമുള്ള ചുഴിയില്‍ രണ്ടുപേരും അകപ്പെടുകയായിരുന്നു. ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന് ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍തന്നെ നെടുങ്കണ്ടം ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ കൊറോണ ടെസ്റ്റിനായി സ്രവം എടുത്തശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുരിക്കാശേരി വടക്കേടത്ത് കുടുംബാംഗം സോണിയാണ് സജോമോന്റെ അമ്മ. സജോമി ഏക സഹോദരിയാണ്. ഡിഗ്രി പഠനത്തിന് ശേഷം ഐഇഎല്‍ടിഎസ് കോഴ്സിന് ഈ ആഴ്ച പോകാനിരിക്കെയാണ് അപകടം.
മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സോണി. അച്ഛന് അടിമാലി പോലീസ് കാന്റീന് ജീവനക്കാരനാണ്. ഷാലിയാണ് അമ്മ. ടോം, ടോജി എന്നിവര്‍ സഹോദരങ്ങളാണ്.
2 drowned to death