അഹ്‌മദ് ഓര്‍മ്മകളില്‍ നിറഞ്ഞ് 10-ാം വിയോഗ വാര്‍ഷികം; 'മാധ്യമ വഴികാട്ടി, സൗഹൃദങ്ങളുടെ അംബാസഡര്‍...'

കാസര്‍കോട്: ഉത്തരകേരളത്തിന്റെ മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളെ പ്രകാശിപ്പിച്ച കെ.എം.അഹ്‌മദ് മാഷിന്റെ പത്താം വിയോഗ വാര്‍ഷിക ദിനം തിരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയില്‍ കടന്നു പോയെങ്കിലും ഉറ്റവരുടെ ഓര്‍മ്മകളില്‍ അഹ്‌മദ് മാഷ് ഒരു കണ്ണീരോര്‍മ്മയായി നിറഞ്ഞു. കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച അനുസ്മരണ പരിപാടി അഹ്‌മദ് മാഷില്ലാത്ത പത്താണ്ടുകളുടെ അനാഥത്വത്തിന്റെ നോവുകൂടി കുറിച്ചിടുന്നതായിരുന്നു. അഹ്‌മദ് മാഷിന് പകരം ആരെന്ന ചോദ്യം പത്താണ്ട് പിന്നിടുമ്പോഴും ഉത്തരം കിട്ടാതെ നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സകല മേഖലകളിലും അഹ്‌മദ് മാഷ് ചാര്‍ത്തിയ […]

കാസര്‍കോട്: ഉത്തരകേരളത്തിന്റെ മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളെ പ്രകാശിപ്പിച്ച കെ.എം.അഹ്‌മദ് മാഷിന്റെ പത്താം വിയോഗ വാര്‍ഷിക ദിനം തിരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയില്‍ കടന്നു പോയെങ്കിലും ഉറ്റവരുടെ ഓര്‍മ്മകളില്‍ അഹ്‌മദ് മാഷ് ഒരു കണ്ണീരോര്‍മ്മയായി നിറഞ്ഞു. കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച അനുസ്മരണ പരിപാടി അഹ്‌മദ് മാഷില്ലാത്ത പത്താണ്ടുകളുടെ അനാഥത്വത്തിന്റെ നോവുകൂടി കുറിച്ചിടുന്നതായിരുന്നു. അഹ്‌മദ് മാഷിന് പകരം ആരെന്ന ചോദ്യം പത്താണ്ട് പിന്നിടുമ്പോഴും ഉത്തരം കിട്ടാതെ നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സകല മേഖലകളിലും അഹ്‌മദ് മാഷ് ചാര്‍ത്തിയ സംഭാവനകളെ വീണ്ടും വീണ്ടും ഓര്‍ത്തെടുത്താണ് അനുസ്മരണ പരിപാടിയില്‍ മാഷിനെ ഏറ്റവും വേണ്ടപ്പെട്ടവര്‍ സംസാരിച്ചത്. എഴുത്തുകാരന്‍ ഡോ. എം.എന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. തന്റെ ഗുരുവായ ടി. ഉബൈദിന്റെ വഴിയാണ് തന്റെയും വഴിയെന്ന് തിരിച്ചറിഞ്ഞ് ആ വഴികളിലൂടെ പ്രകാശം ചൊരിഞ്ഞ് സഞ്ചരിച്ച വ്യക്തിയായിരുന്നു അഹ്‌മദ് എന്ന് അദ്ദേഹം പറഞ്ഞു. 1974ല്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ വെച്ചാണ് അഹ്‌മദിനെ ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് മാതൃഭൂമിയിലും ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. അഹ്‌മദിന്റെ കഴിവും പാടവവും നന്നേ ചെറുപ്പത്തില്‍ തന്നെ പ്രകടമായിരുന്നു. മികച്ച ഒരു മാധ്യമ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മാപ്പിളപ്പാട്ടിനെ കേരളീയ സാഹിത്യത്തിന്റെയും കേരളീയ സംഗീതത്തിന്റെയും മുഖ്യധാരയിലെത്തിക്കാന്‍ വേണ്ടി അഹ്‌മദ് നിരന്തരം ശ്രദ്ധിച്ചിരുന്നു. ടി. ഉബൈദ് തുടങ്ങിവെച്ച മഹത്തായ കാര്യമായിരുന്നു ഇത്. മതേതരത്വത്തിലും ദേശീയതയിലും ജനാധിപത്യത്തിലും വിശ്വസിച്ചിരുന്ന അഹ്‌മദ് എല്ലാ കലാവിഭാഗങ്ങളെയും ഒരുപോലെ കണ്ടു. സൗഹൃദങ്ങളെ കാത്തു സൂക്ഷിക്കുന്നതില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. കേരളത്തിലെ പ്രമുഖര്‍ക്കെല്ലാം കാസര്‍കോട് എന്ന് പറഞ്ഞാല്‍ അഹ്‌മദായിരുന്നു-കാരശ്ശേരി പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. തലമുറകള്‍ക്ക് മികച്ച മാധ്യമ വഴി കാട്ടിത്തന്ന കെ.എം. അഹ്‌മദ് എഴുത്തിന്റെ ശരിയായ രീതിയും ശൈലിയും എല്ലാവര്‍ക്കും പഠിപ്പിച്ചുതന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തകളെ ഇത്ര സൂക്ഷ്മതയോടും സമഗ്രതയോടും കൂടി, കാര്യങ്ങള്‍ കൃത്യമായി ഗ്രഹിച്ച് എഴുതിയിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ അപൂര്‍വ്വമാണ്. ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന ശീലമാണിത്. ഏത് വിഷയവും ആഴത്തില്‍ പഠിച്ച് മാത്രമേ അഹ്‌മദ് മാഷ് കൈകാര്യം ചെയ്യാറുണ്ടായിരുന്നുള്ളൂ. അതുല്യമായ സംഘാടക മികവ് കൊണ്ടും അദ്ദേഹം ശ്രദ്ധേയനായി. സൗഹൃദങ്ങളുടെ അംബാസിഡര്‍ ആയിരുന്നു അദ്ദേഹം. പല തരത്തിലുള്ള പ്രത്യയ ശാസ്ത്ര ബോധമുള്ളവരുമായി ഇടപഴകുമ്പോഴും തന്റെ നിലപാട് ഉറപ്പിച്ചു തന്നെ എല്ലാവരുമായും സൗഹൃദം കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു-വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.
കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഡോ. ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. പി.പി ശശീന്ദ്രന്‍, എം.വി. ബെന്നി, നളിനി ബേക്കല്‍, പി.വി. കൃഷ്ണന്‍, ജോസ് ഗ്രെയ്‌സ്, അഡ്വ. പി.വി. ജയരാജന്‍, നാരായണന്‍ പേരിയ, പി.എസ്. ഹമീദ്, വി.വി. പ്രഭാകരന്‍, സി.എല്‍. ഹമീദ്, പത്മനാഭന്‍ ബ്ലാത്തൂര്‍, മുജീബ് അഹ്‌മദ് സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ സ്വാഗതവും റഹീം ചൂരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it