ഇന്ന് കേരളത്തിലെ മൂന്നാമത്തെ ആദിവാസി ജില്ലയാണ് കാസര്‍കോട്. ഇവര്‍ക്കു മാത്രമായി 969 കോളനികളുള്ള ഒരു ഭൂപ്രദേശം. അവരുടെ ഭൂമിയെടുത്താണ് പ്ലാന്റേഷന് കോര്‍പ്പറേഷനുണ്ടാക്കിയത്. തെക്കന്‍ മേഖലയില്‍ മലയാളം, ഹാരിസണ്‍ പ്ലാന്റേഷന് തുടങ്ങിയ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് ലഭ്യമായത് ഇവിടെ സര്‍ക്കാറിന് തന്നെയാണ് കിട്ടിയത്. ബുക്കാനന് പറയുന്ന പല വംശീയതകളുടെ പെരുപ്പം രണ്ടേകാല്‍ നൂറ്റാണ്ടുകൊണ്ടുണ്ടാക്കിയ മിശ്രസമൂഹവല്ക്കരണം എന്‍ഡോസള്‍ഫാന്‍ ആകാശത്തളിയില്ലാതായിരുന്നെങ്കില് ഈ സമൂഹത്തിന് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുമായിരുന്നു. ആ വളര്‍ച്ച പോലും മുരടിപ്പിച്ചാണ് ചിലര്‍ നേട്ടങ്ങള്‍ കൊയ്യുന്നത്. അതുകൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാപരമായി തന്നെ വിധിച്ച പാലിയേറ്റീവ് കെയര്‍ ആതുരാലയം പോലും രോഗികള്‍ക്ക് നിഷേധിക്കുന്നത്.
ഒരു കാലത്ത് ബോംബെ പ്രസിഡന്‍സിയുടേയും സൗത്ത് കനറയുടെയും ഭാഗമായിരുന്ന കാസര്‍കോട് കേരളത്തിലാവുന്നത് ഭാഷാ സ്റ്റേറ്റുകളാവുന്നതോടെയാണ്. കാസര്‍കോടിനെ കേരളത്തിലേക്ക് ചേര്‍ക്കപ്പെട്ടപ്പോള്‍ തിരുവനന്തപുരത്തു നിന്ന് പി.എസ്.സി നോട്ടിഫിക്കേഷന്‍ ഉള്ള ഗസറ്റുകള്‍ കാസര്‍കോടെത്തുമ്പോള്‍ ആ പേജുകള്‍ നീക്കം ചെയ്ത രീതിയിലാണ് വന്നിരുന്നത്. ഈ ഇരവല്‍ക്കരണത്തിന്റെ തുടര്ച്ചയാണിന്നത്തെ കാസര്‍കോടും. ഈ മിശ്രസമൂഹത്തിന്റെ ബൗദ്ധികഘടനയില് പോലും കൈകടത്തുന്ന ഇത്തരം താല്പര്യങ്ങള് ആരാണ് തിരിച്ചറിയുക? എന്‍ഡോസള്‍ഫാന്‍ മിശ്രിതം തയ്യാറാക്കാനായി പ്ലാന്റേഷന് കോര്പ്പറേഷന് തയ്യാറാക്കിയ സിമന്റ് ടാങ്കുകള്‍ ഇനിയും അവിടെ നിന്ന് മാറ്റാതെ ഒരു ഫോസില്‍ പോലെ ടൂറിസ്റ്റുകള്‍ക്ക് കാണാനായി നിലനിര്‍ത്തിയിരിക്കുന്നത് തങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന ശവഫാക്ടറികളുടെ അനശ്വര പ്രതീകംപോലെ സൂക്ഷിക്കാനാണോ? ആ കീടനാശിനി ആഗോളതലത്തില്‍ നിരോധിച്ച് കാല്‍നൂറ്റാണ്ടായിട്ടും ഇവിടെ സുപ്രീംകോടതി നിരോധിച്ചിട്ടും നാമതും പേറി നടക്കുന്നു.
പതിനാലു ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന കാസര്‍കോടിന്റെ മൂന്നിലൊന്നാണ് എന്‍ഡോസള്‍ഫാന്‍ ശ്വസിച്ച ജനത. ഭാഷാസ്റ്റേറ്റുകള് വന്നപ്പോള്‍ ആദ്യതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായത് കാസര്‍കോട് ജില്ലയില്‍ നിന്ന് (തൃക്കരിപ്പൂര്‍) ജയിച്ച എം.എല്‍.എയായ ഇ.എം.എസ് ആണ്. മറ്റൊരു മുഖ്യമന്ത്രിയായ ഇ.കെ നായനാര്‍ ജയിച്ചതും ഇതേ ജില്ലയില്‍ നിന്നാണ്.
രണ്ടു മുഖ്യമന്ത്രിമാര്‍ ഇവിടന്നുണ്ടായിട്ടും കാസര്‍കോട് ഇപ്പോഴും ഇരയായി തന്നെ തുടരുന്നു.
രാഷ്ട്രം എന്ന കൂട്ടായ്മയെത്തന്നെ ചോദ്യംചെയ്യുന്ന ഉപദേശീയതകള്‍ ഉണ്ടാകുന്നത് ഇത്തരം വിമര്ദ്ദിത സ്ഥലികളില്‍ നിന്നാണെന്ന് രഞ്ജിത് ഗുഹയെപ്പോലുള്ള ചരിത്ര പഠിതാക്കള്‍ പറയുന്നത് നാമോര്‍ക്കുന്നു. കര്‍ണാടകത്തോട് ചേര്‍ന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ സ്കൂളുകളില്‍ പഠിക്കുന്ന മലയാളം കുട്ടികള്‍ക്ക് മലയാള ഭാഷയില്‍ പഠനം സാധ്യമാകാത്ത നിലയാണ് ഇന്ന്. അതിനായി പ്രത്യേകം മലയാളം ക്ലാസുകള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അവ വിജയപ്രദമാണെന്ന് പറഞ്ഞുകൂടാ. കന്നഡ പഠിച്ചാല്‍ തൊട്ടപ്പുറമുള്ള മംഗലാപുരത്ത് ജോലിസാധ്യത ഉള്ളതിനാല്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ കന്നഡ മീഡിയത്തിലേക്ക് മാറുന്നവരുമുണ്ട്. മലയാളത്തിന്റെ ഈ ഹണേബാറം ഭരണകൂടം ശ്രദ്ധിക്കണം. മലയാളഭാഷയ്ക്ക് (മാതൃഭാഷയ്ക്ക്) വേണ്ടി സര്‍ക്കാര്‍ എല്ലാം ചെയ്യുന്നു എന്ന് പറയുമ്പോഴും കാസര്‍കോട്ട് ക്രിയാത്മകമായി ഇടപെടുന്നില്ല എന്നതാണ് സത്യം. തുളുഭാഷയോടും അവാന്തര വിഭാഗങ്ങളായ ഗോത്രഭാഷകളോടും അതേ സ്ഥിതി തന്നെ. കാസര്‍കോടുള്ള ഗോത്രസമൂഹങ്ങള്‍ക്ക് അവരുടെ മാതൃഭാഷയില്‍ പഠിക്കാനുള്ള സംവിധാനമാണ് നഷ്ടപ്പെടുന്നത്. കേരളം ഉണ്ടായ കാലത്ത് മുണ്ടശ്ശേരി മാഷ് കന്നഡക്കാര്‍ക്ക് ആ ഭാഷയില്‍ എം.എയും ഗവേഷണവും സാധ്യമാക്കിയെങ്കിലും ഉറുദു ഭാഷയുടെ ഒരു ബെല്‍റ്റ് തന്നെയുള്ള കാസര്‍കോടിന് കിട്ടേണ്ട ഉറുദു പഠനം തലശേരിക്കാണ് നല്‍കിയത്.
എന്‍ഡോസള്‍ഫാന്‍ പ്രശ്നം സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ട് വന്നതാണെന്ന് സുപ്രീംകോടതി തെളിയിച്ചിട്ടും അവര്‍ക്ക് ആവശ്യമുള്ള ഭരണഘടനാ അവകാശമായ സെന്‍ട്രലൈസ്ഡ് പാലിയേറ്റീവ് കെയര്‍ ആസ്പത്രി ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും കാസര്‍കോട് വന്നില്ല. പകരം ജില്ലയിലും പുറത്തും അന്യസംസ്ഥാനത്തും പതിനേഴ് ആസ്പത്രികള്‍ എംപാനല്‍ ചെയ്ത് ആവതില്ലാത്ത ഇരകളോട് പോകാനാണ് പറഞ്ഞത്. അവര്‍ക്ക് ഭരണഘടന പറഞ്ഞ ആശ്വാസധന (നഷ്ടപരിഹാരമല്ല) നിര്‍ദ്ദേശങ്ങളില്‍ മായം ചേര്‍ത്താണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2012ല്‍ നല്‍കിയത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആശ്വാസധനവും മരുന്നും നിര്‍ത്തി.
ആ ഘട്ടത്തില്‍ സെര്‍വ്വ് കളക്ടീവ്സ് എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചു.
കോവിഡ് കാലത്തായിരുന്നു അത്.
6277 രോഗികള്‍ക്ക് ആശ്വാസധനമായി അഞ്ച് ലക്ഷം രൂപ വീതം 2022 മെയ് മാസത്തില്‍ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് (ഏതാണ്ട് 210 കോടി രൂപ) ഇരകള്‍ക്കായി ചെലവഴിച്ചതിലൂടെ നൈതികമായ ഒരു ധര്‍മ്മം സുപ്രിംകോടതി നടപ്പിലാക്കി. ഇതിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമായ ഗ്രീന്‍ ട്രിബ്യൂണലിലെ നഷ്ടപരിഹര ട്രിബ്യൂണലില്‍ എത്താനുള്ള (92ലെ റിയോസമ്മിറ്റ് ഉടമ്പടി ) നൈതിക വഴിയാണ് സെര്‍വ്വ് കളക്ടീവ്സ് ഇരകള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. പ്ലാച്ചിമട ട്രിബ്യൂണല്‍ ഇല്ലാതായതുപോലെ ആവില്ല എന്‍ഡോസള്‍ഫാന്‍ പ്രശ്നം. രോഗികള്‍ പാലിയേറ്റീവ് കെയര്‍ ആസ്പത്രി ഇല്ലാതെ വലയുന്നുണ്ട്. അതിനുവേണ്ടി സെര്‍വ്വ് കളക്ടീവ്സ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ കാസര്‍കോടിനെ അനാഥമാക്കിവിടുമ്പോള് ‘എങ്കില്‍ കര്‍ണ്ണാടകത്തോട് ചേര്‍ത്തോട്ടെ’ എന്ന് പ്രശ്നത്തെ ലളിതവല്‍ക്കരിക്കുന്ന രീതിയും ഇവിടെ ഉണ്ടായി. ഭരണഘടനയോ ഫെഡറലിസത്തിന്റെ അന്തസ്സത്തയോ അറിയാത്ത ചിലര്‍ ഇങ്ങനെ വെറുംവാക്കില്‍ പറയുമ്പോഴാണ് ഇത്തരത്തില്‍ ‘കാസര്‍കോട് ആഖ്യാനങ്ങള്‍’ എഴുതാന്‍ ഒരു പൗരന് നിര്‍ബന്ധിതനാവുന്നത്. വായനക്കാരുടെ കണ്ണും കാതും ഈ ആഖ്യാനങ്ങളിലേക്ക് തുറന്നുവെക്കാനാണ് ഞാന്‍ ആവശ്യപ്പെടുന്നത്.
ജാതി സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് കീഴാളരായി മുദ്രകുത്തപ്പെട്ട ഹുബാഷിക എന്ന കൊറഗ രാജാവ് കാഞ്ഞന്‍ എന്ന പുലയ രാജാവും മൂഷിക വംശത്തിലെ നന്ദനും ഭരിച്ചിരുന്ന ഈ ദേശത്തിന്റെ ഹണേബാറം നീക്കാന്‍ ഇനി ഏതു ഭരണാധികാരിയെയാണ് നാം പ്രതീക്ഷിക്കേണ്ടത്?
(ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന കാസര്‍കോടിന്റെ ആഖ്യാനങ്ങള്‍ എന്ന പുസ്തകത്തില്‍ എഴുതിയ ആമുഖത്തില്‍ നിന്ന് ഒരു ഭാഗം)
-എം.എ. റഹ്മാന്