മെഡിക്കല്‍ കോളേജ്; വാക്ക് പാലിക്കണം

ഡിസംബര്‍ ആദ്യവാരത്തോടെ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി തുടങ്ങുമെന്ന് രണ്ടാഴ്ച മുമ്പ് ഇവിടെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉറപ്പ് നല്‍കിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ മരുന്നെത്തിയില്ലെന്ന കാരണം പറഞ്ഞ് ഒ.പി തുറക്കല്‍ നീളുകയാണ്. രോഗികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കാന്‍ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷനുമായി ധാരണയുണ്ടാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് നീളുന്നതാണ് ഒ.പി വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. ഫാര്‍മസിസ്റ്റിനെയും ശുചീകരണ തൊഴിലാളികളെയും സുരക്ഷാ ജീവനക്കാരെയും നിയമിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നീളുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ അഭിമുഖം നടത്തി തയ്യാറാക്കിയ […]

ഡിസംബര്‍ ആദ്യവാരത്തോടെ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി തുടങ്ങുമെന്ന് രണ്ടാഴ്ച മുമ്പ് ഇവിടെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉറപ്പ് നല്‍കിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ മരുന്നെത്തിയില്ലെന്ന കാരണം പറഞ്ഞ് ഒ.പി തുറക്കല്‍ നീളുകയാണ്. രോഗികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കാന്‍ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷനുമായി ധാരണയുണ്ടാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് നീളുന്നതാണ് ഒ.പി വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. ഫാര്‍മസിസ്റ്റിനെയും ശുചീകരണ തൊഴിലാളികളെയും സുരക്ഷാ ജീവനക്കാരെയും നിയമിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നീളുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ അഭിമുഖം നടത്തി തയ്യാറാക്കിയ ശുചീകരണ തൊഴിലാളികളുടെ പട്ടിക തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ടെങ്കിലും നാളിതുവരെ അത് അംഗീകരിച്ച് വന്നില്ല. അക്കാദമിക് ബ്ലോക്കില്‍ ഒ.പി തുടങ്ങുന്നതിന് മുന്നോടിയായി അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘം സന്ദര്‍ശിച്ചിരുന്നു. എട്ട് വിഭാഗങ്ങളിലായി ജനറല്‍ ഒ.പിയാണ് ആദ്യമായി തുറക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 പേര്‍ക്ക് വീതം ടോക്കണ്‍ നല്‍കിയായിരിക്കും ഒ.പി പ്രവര്‍ത്തിക്കുക. അതിനായി ഒമ്പത് ഡോക്ടര്‍മാരെയും 12 നേഴ്‌സുമാരെയും റേഡിയോഗ്രാഫര്‍, ഇലക്ട്രീഷ്യന്‍ എന്നിവരെയും ആസ്പത്രിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതിനിടെ കാസര്‍കോട് മെഡിക്കല്‍ കോളേജിലേക്ക് നിയമിച്ച സ്റ്റാഫ് നേഴ്‌സ്മാരെ ജോലി ക്രമീകരണത്തിന്റെ പേരില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. 26 സ്റ്റാഫ് നേഴ്‌സ്മാരില്‍ ഗര്‍ഭിണി ഉള്‍പ്പെടെ 11 പേര്‍ക്കാണ് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിരിക്കുന്നത്. ആലപ്പുഴ ഉള്‍പ്പെടെ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള സ്റ്റാഫ് നേഴ്‌സുമാര്‍ നിലനില്‍ക്കെ അപേക്ഷ നല്‍കി കാസര്‍കോട്ടേക്ക് സ്ഥലം മാറ്റം വാങ്ങിയവരെ മാറ്റിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോവിഡ് ചികിത്സ നിര്‍ത്തിയതോടെ കാസര്‍കോട്ട് ജോലിയില്ലെന്നതിനാലായിരുന്നു ജീവനക്കാരെ സ്ഥലം മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒ.പി തുടങ്ങുമ്പോള്‍ 12 നേഴ്‌സ്മാര്‍ വേണമെന്നത് കണക്കിലെടുക്കാതെയാണം 11 പേരെയും സ്ഥലം മാറ്റിയത്. 50 ശതമാനം നിയമിക്കാമെന്ന ധാരണയില്‍ 273 തസ്തികകളാണ് കാസര്‍കോട് മെഡിക്കല്‍ കോളേജിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. അതില്‍ 28 ഡോക്ടര്‍മാരും 29 നേഴ്‌സുമാരും ഉള്‍പ്പെടെ 84 പേരാണ് നിയമനം നേടിയത്. റേഡിയോഗ്രാഫര്‍-മൂന്ന്, നഴ്‌സിംഗ് അസിസ്റ്റന്റ്-നാല്, ഹോസ്പിറ്റല്‍ അറ്റന്റര്‍ (ഗ്രേഡ്-ഒന്ന്) മൂന്ന്, ക്ലാര്‍ക്ക്-രണ്ട്, ലാബ് ടെക്‌നീഷ്യന്‍, ഓഫീസ് അറ്റന്റര്‍, ജൂനിയര്‍ സൂപ്രണ്ട് എന്നിവരും ചുമതലയേറ്റിരുന്നു. മെഡിക്കല്‍ കോളേജ് പ്രശ്‌നത്തില്‍ പലതവണ മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതാണ്. നേരത്തെ കോവിഡ് ചികിത്സ നടത്തിയ കെട്ടിടത്തില്‍ ഒ.പി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട സൗകര്യമുണ്ട്. ഒ.പിക്ക് പുറമെ മെഡിക്കല്‍ കോളേജിന്റേതായ സൗകര്യങ്ങള്‍ ക്രമീകരിച്ച് മറ്റ് സംവിധാനങ്ങള്‍ ഒരുക്കുകയും വേണം. 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട മെഡിക്കല്‍ കോളേജ് 10 വര്‍ഷമാകാറായിട്ടും യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയിട്ടില്ല. അതേ സമയം തറക്കല്ലിട്ട മഞ്ചേരിയിലേതടക്കമുള്ള മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിട്ട് തന്നെ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള രോഗികളെ ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്കോ മംഗളൂരുവിലെ ആസ്പത്രികളിലേക്കോ ആണ് കൊണ്ടു പോകുന്നത്. കോവിഡ് കാലത്ത് കര്‍ണ്ണാടക അതിര്‍ത്തിയടച്ച് കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക് ചികിത്സ നിഷേധിച്ചത് അത്രപെട്ടെന്നൊന്നും മറക്കാനാവില്ല. ആ അവസ്ഥ ഇനിയെങ്കിലും മാറണം. കാസര്‍കോട് ജില്ലയിലുള്ളവരെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കണം. ഒ.പി.തുടങ്ങാനുള്ള സൗകര്യം എത്രയും പെട്ടന്ന് ഉണ്ടാക്കുകയും ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവരെ നിയമിക്കുകയും മരുന്നെത്തിക്കാന്‍ സംവിധാനമൊരുക്കുകയും വേണം.

Related Articles
Next Story
Share it