പനിമരണങ്ങളെ നിസ്സാരമായി കാണരുത്

കേരളത്തില്‍ പനി മരണങ്ങള്‍ വര്‍ധിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി പനി ബാധിച്ച് കുട്ടികള്‍ അടക്കമുള്ളവര്‍ മരണപ്പെടുന്ന സംഭവങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ദിവസവും പതിനഞ്ചായിരത്തിലേറെ പനി ബാധിതരാണ് ആസ്പത്രികളില്‍ ചികില്‍സ തേടിയെത്തുന്നത്. ഇതില്‍ നിന്ന് തന്നെ കേരളത്തില്‍ സ്ഥിതി അതീവഗുരുതരമാണെന്ന് വ്യക്തമാവുകയാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തുകയാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും അതല്ല സ്ഥിതിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് മരണത്തിന് വരെ കാരണമാകുന്നത്. ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലും എലിപ്പനി മലപ്പുറം ജില്ലയിലുമാണ്. സംസ്ഥാനത്ത് […]

കേരളത്തില്‍ പനി മരണങ്ങള്‍ വര്‍ധിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി പനി ബാധിച്ച് കുട്ടികള്‍ അടക്കമുള്ളവര്‍ മരണപ്പെടുന്ന സംഭവങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ദിവസവും പതിനഞ്ചായിരത്തിലേറെ പനി ബാധിതരാണ് ആസ്പത്രികളില്‍ ചികില്‍സ തേടിയെത്തുന്നത്. ഇതില്‍ നിന്ന് തന്നെ കേരളത്തില്‍ സ്ഥിതി അതീവഗുരുതരമാണെന്ന് വ്യക്തമാവുകയാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തുകയാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും അതല്ല സ്ഥിതിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് മരണത്തിന് വരെ കാരണമാകുന്നത്. ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലും എലിപ്പനി മലപ്പുറം ജില്ലയിലുമാണ്. സംസ്ഥാനത്ത് പകര്‍ച്ച പനിയും പനി മരണങ്ങളും വര്‍ധിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണെന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നുമാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്‌ളുവെന്‍സ അടക്കമുള്ള വൈറല്‍ പനികള്‍, എലിപ്പനി എന്നിവ കേരളത്തില്‍ വ്യാപകമായി പടരുകയാണെന്നും ഐ.എം.എ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് പനി കേസുകളില്‍ വര്‍ധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പനി കേസുകളില്‍ വര്‍ധവ് ഉണ്ടാകുമെന്ന് മേയ് മാസത്തില്‍ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തില്‍ വീഴ്ച്ച പാടില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഡെങ്കിപ്പനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തുമെന്നും കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്നും വീടുകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ വേണമെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ ജില്ലാതലങ്ങളില്‍ പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ കാര്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ല. മാലിന്യനിര്‍മാര്‍ജനം, ശുചീകരണം, കൊതുക് നിര്‍മാര്‍ജനം തുടങ്ങിയവ നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. പനിയും മറ്റ് സാംക്രമികരോഗങ്ങളും പടര്‍ത്തുന്ന കൊതുകുകളുടെ വളര്‍ച്ചയ്ക്ക് പ്രധാനകാരണം ഇവയൊക്കെയാണ്. വീടുകളും പരിസരങ്ങളും പൊതുസ്ഥലങ്ങളും മാലിന്യമുക്തമാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇവ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ല. നിര്‍ദേശം കടലാസില്‍ മാത്രം ഒതുങ്ങുകയും ചെയ്തു. കാസര്‍കോട് ജില്ലയിലും പനിബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുകയാണ്. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും മല്‍സ്യമാര്‍ക്കറ്റ് പരിസരങ്ങളെ മാലിന്യങ്ങള്‍ രോഗഭീഷണി ഉയര്‍ത്തുന്നുണ്ട്. അതുപോലെ ജില്ലയിലെ പല ഭാഗങ്ങളിലും പൊതുസ്ഥലങ്ങളില്‍ മാലിന്യനിക്ഷേപം തുടരുകയാണ്. മാലിന്യങ്ങള്‍ മഴയില്‍ ചീഞ്ഞളിയുന്നതും മലിനജലം കെട്ടിക്കിടക്കുന്നതും കൊതുകുകളുടെയും കൂത്താടികളുടെയും പെരുപ്പത്തിന് കാരണമായിത്തീരുന്നു. കൊതുകുകളുടെ വ്യാപനം തടയുക മാത്രമാണ് ഏറ്റവും മികച്ച പ്രതിരോധം. നിര്‍ഭാഗ്യവശാല്‍ കൊതുകുവളര്‍ത്തുകേന്ദ്രങ്ങളായി പൊതുസ്ഥലങ്ങള്‍ മാറുന്ന കാഴ്ചയാണ് കാണുന്നത്. ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള അലംഭാവമാണ് ഇതിന് കാരണമായത്. പനിബാധിതരെ കൊണ്ട് കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികളും സ്വകാര്യാസ്പത്രികളും നിറയുകയാണ്. സര്‍ക്കാര്‍ ആസ്പത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചും ഒ.പികളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചും ചികില്‍സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും പനി മരണങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

Related Articles
Next Story
Share it