കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം 30 മുതല്‍ മെയ് രണ്ട് വരെ കാഞ്ഞങ്ങാട്ട് നടക്കും. നീതി നിശ്ബ്ദരാവില്ല വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമ്മേളനം. 30ന് കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് നിന്നും പതാക ജാഥയും ചീമേനിയില്‍ നിന്ന് ദീപശിഖ ജാഥയും ബന്തടുക്ക രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കൊടിമര ജാഥയും തുടങ്ങും. സമ്മേളന നഗരിയിലേക്കുള്ള കൃപേഷിന്റെയും ശരത് ലാലിന്റെയും ഛായാചിത്രം കല്ല്യോട്ട് സ്മൃതി മണ്ഡപത്തില്‍ നിന്നും കൊണ്ടുവരും. വൈകിട്ട് ആറിന് ജാഥകള്‍ കാഞ്ഞങ്ങാട്ടെത്തും. മെയ് ഒന്നിന് വൈകിട്ട് മൂന്നിന് യുവജന റാലിയും പൊതുസമ്മേളനവും രണ്ടിന് പ്രതിനിധി സമ്മേളനവും നടക്കും. വിവിധ അനുബന്ധ പരിപാടികളും നടത്തും. മഞ്ചേശ്വരത്ത് സപ്ത ഭാഷ സംഗമം, കാസര്‍കോട്ട് മാധ്യമ സെമിനാര്‍, ഉദുമയില്‍ യുവതി സമ്മേളനം, തൃക്കരിപ്പൂരില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്, നീലേശ്വരത്ത് സാംസ്കാരിക സമ്മേളനം എന്നിവ നടത്തും. രക്തദാന ക്യാമ്പുകളും സന്നദ്ധ പ്രവര്‍ത്തനങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഏറ്റെടുക്കും. സമ്മേളനത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കൊടിയാട്ട് പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.