കാഞ്ഞങ്ങാട്: ചിത്താരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് യുവാവ് മരിച്ചു. കൂട്ടക്കനി കാട്ടാമ്പള്ളിയിലെ മൊയ്തുവിന്റെയും മറിയത്തിന്റെയും മകന് സദാത്ത്(35)ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന കൂട്ടക്കനി സ്വദേശികളായ പ്രസാദ്, സുധീഷ്, മുക്കൂട് സ്വദേശി സാബിര്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗളൂരു യൂണിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുധീഷിന്റെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെ ചാമുണ്ഡിക്കുന്ന് പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട്ടു നിന്ന് മുക്കൂട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതില് തകര്‍ന്ന് കാറിന് മുകളില്‍ വീണു. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അഗ്നിശമനസേനയും സ്ഥലത്തെത്തി. അപകടം നടന്ന സ്ഥലത്ത് പെട്രോള്‍ പമ്പ് ഉള്ളതിനാല്‍ തീ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ക്കാണ് അഗ്നിശമനസേനയെത്തിയത്. ഗുരുതരമായി പരിക്കേറ്റ സദാത്തിനെ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഭാര്യ: റംസീന. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: സാദിഖ്, റൈഹാനത്ത്, ജുബിരിയ. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.