കാഞ്ഞങ്ങാട്: ഇരുചക്രവാഹനം മോഷ്ടിക്കുന്നത് ഹോബിയാക്കി മാറ്റിയ തെക്കില്‍ സ്വദേശിയെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. താക്കോല്‍ അടക്കം നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങള്‍ നേരത്തെയും മോഷ്ടിച്ച് അറസ്റ്റിലായ മാങ്ങാട് ഹൗസിലെ മുഹമ്മദ് നവാസിനെ(38)യാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പുതിയകണ്ടം വന്ദേമാതരം ബസ് സ്റ്റോപ്പിന് സമീപത്ത് നിര്‍ത്തിയിട്ട വെള്ളിക്കോത്ത് സ്വദേശി ലോഹിതാക്ഷന്റെ കെ.എല്‍. 60 എഫ് 4358 സ്കൂട്ടറാണ് കാണാതായത്. സ്കൂട്ടര്‍ നിര്‍ത്തിയിട്ട് മിനുട്ടുകള്‍ക്കകമാണ് കാണാതായത്. താക്കോല്‍ സ്കൂട്ടറില്‍ തന്നെയുണ്ടായിരുന്നു. ഉടന്‍ തന്നെ ലോഹിതാക്ഷന് പരാതിയുമായി ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി. താക്കോല്‍ സ്കൂട്ടറില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് ലോഹിതാക്ഷന് പറഞ്ഞതോടെയാണ് പൊലീസിന് നവാസിനെ കുറിച്ച് ഓര്‍മ്മ വന്നത്. ഉടന്‍ വന്ദേമാതരം ബസ് സ്റ്റോപ്പിനടുത്തെത്തി. സമീപത്തെ ഉടമകള്‍ക്ക് നവാസിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഇത്തരമൊരാള്‍ വന്നിരുന്നുവെന്ന് ഉറപ്പാക്കിയതിന് പിന്നാലെ സി.സി.ടി.വി പരിശോധനയിലും നവാസാണെന്ന് വ്യക്തമായി. ഉടന്‍ പൊലീസ് നവാസിനെ തേടി വീട്ടിലേക്ക് പോയി. വീട്ടില്‍ അന്വേഷിച്ചപ്പോള്‍ രാവിലെ ബസ് കയറി പോയിരുന്നുവെന്നാണ് പറഞ്ഞത്. കാസര്‍കോട് ഭാഗത്തേക്ക് പോയിട്ടുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് കാസര്‍കോട്ടേക്കും പോയി. പരിശോധനയില്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് സമീപം സ്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തി. അവിടെ വെച്ച് നവാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാഞ്ഞങ്ങാട്ട് തന്നെ നവാസിനെതിരെ നാലു കേസുകളുണ്ട്. പയ്യന്നൂര്‍, കാസര്‍കോട് ഭാഗങ്ങളിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ എടുത്തുകൊണ്ടുപോയി എണ്ണ തീര്‍ന്നാല്‍ ഉപേക്ഷിക്കുകയാണ് പതിവ്. പിന്നീട് മുന്നില്‍ കാണുന്ന വാഹനം എടുത്ത് മുങ്ങലാണ് പതിവ്.