സമനില, ഷൂട്ടൗട്ടും സമനില; ഒടുവില്‍ ഭാഗ്യകടാക്ഷത്തില്‍ യഫാ തായലങ്ങാടിക്ക് കിരീടം

തളങ്കര: അത്യന്തം ആവേശം മുറ്റിനിറഞ്ഞ കലാശക്കളയില്‍ നിശ്ചിത സമയവും പെനാല്‍റ്റി ഷൂട്ടൗട്ടും സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ വിജയികളായി യഫാ തായലങ്ങാടി കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള എന്‍.എ സുലൈമാന്‍ മെമ്മോറിയല്‍ ട്രോഫി സ്വന്തമാക്കി. ആയിരക്കണക്കിന് കാണികള്‍ തിങ്ങിനിറഞ്ഞ മത്സരം ആദ്യാവസാനം വരെ വീറും വാശിയും നിറഞ്ഞതായിരുന്നു. എഫ്.സി പ്രിയദര്‍ശിനി ഒഴിഞ്ഞ വളപ്പും യഫാ തായലങ്ങാടിയും തമ്മിലുള്ള ഫൈനല്‍ മത്സരം ഇഞ്ചോടിഞ്ചുള്ള പോരാട്ടം തന്നെയാണ് കാഴ്ചവെച്ചത്. നിശ്ചിത സമയം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പെനാല്‍റ്റി […]

തളങ്കര: അത്യന്തം ആവേശം മുറ്റിനിറഞ്ഞ കലാശക്കളയില്‍ നിശ്ചിത സമയവും പെനാല്‍റ്റി ഷൂട്ടൗട്ടും സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ വിജയികളായി യഫാ തായലങ്ങാടി കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള എന്‍.എ സുലൈമാന്‍ മെമ്മോറിയല്‍ ട്രോഫി സ്വന്തമാക്കി. ആയിരക്കണക്കിന് കാണികള്‍ തിങ്ങിനിറഞ്ഞ മത്സരം ആദ്യാവസാനം വരെ വീറും വാശിയും നിറഞ്ഞതായിരുന്നു. എഫ്.സി പ്രിയദര്‍ശിനി ഒഴിഞ്ഞ വളപ്പും യഫാ തായലങ്ങാടിയും തമ്മിലുള്ള ഫൈനല്‍ മത്സരം ഇഞ്ചോടിഞ്ചുള്ള പോരാട്ടം തന്നെയാണ് കാഴ്ചവെച്ചത്. നിശ്ചിത സമയം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തി. ഇതിലും സമനില പാലിച്ചു. തുടര്‍ന്ന് നറുക്കെടുപ്പിലാണ് യഫയെ ഭാഗ്യം തുണച്ചത്. മികച്ച താരങ്ങളുമായി ഇറങ്ങിയ യഫാ തായലങ്ങാടിയോട് എഫ്.സി ഒഴിഞ്ഞ വളപ്പ് ഒട്ടുംവിട്ടുകൊടുക്കാതെ പൊരുതിനിന്നു.
ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ കെ സമ്മാനദാനം നിര്‍വഹിച്ചു. ചാമ്പ്യന്‍മാര്‍ക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും റണ്ണേര്‍സിന് അരലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനിച്ചത്. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത്, സുനൈസ് അബ്ദുല്ല, ജനറല്‍ സെക്രട്ടറി എന്‍.കെ അന്‍വര്‍, വൈസ് പ്രസിഡണ്ടുമാരായ ടി.എ ഷാഫി, കെ.എം ബഷീര്‍, ടി.എം അബ്ദുല്‍റഹ്‌മാന്‍, സെക്രട്ടറിമാരായ പി.കെ സത്താര്‍, സി.എ കരീം ഖത്തര്‍, ഫൈസല്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 50-ാം വാര്‍ഷികത്തിന് തുടക്കം കുറിച്ചാണ് ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്.

Related Articles
Next Story
Share it