പൈവളിഗെ: കുളത്തിലിറങ്ങിയ പോത്ത് തുരങ്കത്തില്‍ കുടുങ്ങി. ഒടുവില്‍ ഫയര്‍ഫോഴ്സ് സംഘം അതിസാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 5 മണിയോടെ കൊക്കച്ചാലിലാണ് സംഭവം. കൊക്കച്ചാലിലെ അബുഹാജിയുടെ പറമ്പിലുള്ള തുരങ്കത്തിലാണ് പോത്ത് കുടുങ്ങിയത്. സമീപത്തെ കുളത്തിലിറങ്ങിയതായിരുന്നു പോത്ത്. അതിനിടെയാണ് നിറയെ വെള്ളമുള്ള തുരങ്കത്തില്‍ അകപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പെട്ട പലരും പോത്തിനെ തുരങ്കത്തില്‍ നിന്ന് പുറത്ത് ചാടിക്കാന്‍ ശ്രമിച്ചെങ്കിലും അതൊക്കെ വിഫലമായി. ഒടുവില്‍ ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തുകയായിരുന്നു. 15 മീറ്ററോളം നീളമുള്ള തുരങ്കത്തിന്റെ അകത്ത് കയറി പോത്തിന്റെ കാലുകളില്‍ വള്ളി കെട്ടിയാണ് പുറത്തെത്തിച്ചത്. ഫയര്മാന്മാരായ ഇ.ടി മുകേഷ്, പി. അനൂപ്, അഖില്‍ എസ് കൃഷ്ണ, എസ്.ജി പ്രവീണ്‍, ഡ്രൈവര്‍ രാജന് തൈവളപ്പ്, ഹോംഗാര്‍ഡ്മാരായ കെ. രമേശന്, എം. ശ്രീധരന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.