അവിസ്മരണീയ രാവില്‍ അവര്‍ക്കൊപ്പം ഞാനും...!
എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല; 1983ല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യയുടെ പഴയ ചുണക്കുട്ടികള്‍ക്കൊപ്പം കിരീടധാരണത്തിന്റെ കൃത്യം നാല്പതാം വാര്‍ഷികത്തില്‍ ഞാനും ആര്‍ത്തുല്ലസിച്ച മണിക്കൂറുകള്‍. എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ, ഒരിക്കലും മറക്കാനാവാത്ത ഒരു രാവും പകലുമായിരുന്നു അത്.1983 ജൂണ്‍ 25ന് ലോര്‍ഡ്സില്‍ ഉയര്‍ന്നുകേട്ട ഇന്ത്യയുടെ വിജയാരവം ഇപ്പോഴും നമ്മുടെ കാതുകളിലുണ്ട്. ഇന്ത്യ അന്ന് ലോകം അറിയുന്ന ഒരു ക്രിക്കറ്റ് ടീമേ അല്ലായിരുന്നു. എന്നാല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ പടക്കുതിരകള്‍ ലോര്‍ഡ്സില്‍ […]
എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല; 1983ല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യയുടെ പഴയ ചുണക്കുട്ടികള്‍ക്കൊപ്പം കിരീടധാരണത്തിന്റെ കൃത്യം നാല്പതാം വാര്‍ഷികത്തില്‍ ഞാനും ആര്‍ത്തുല്ലസിച്ച മണിക്കൂറുകള്‍. എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ, ഒരിക്കലും മറക്കാനാവാത്ത ഒരു രാവും പകലുമായിരുന്നു അത്.1983 ജൂണ്‍ 25ന് ലോര്‍ഡ്സില്‍ ഉയര്‍ന്നുകേട്ട ഇന്ത്യയുടെ വിജയാരവം ഇപ്പോഴും നമ്മുടെ കാതുകളിലുണ്ട്. ഇന്ത്യ അന്ന് ലോകം അറിയുന്ന ഒരു ക്രിക്കറ്റ് ടീമേ അല്ലായിരുന്നു. എന്നാല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ പടക്കുതിരകള്‍ ലോര്‍ഡ്സില്‍ […]
എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല; 1983ല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യയുടെ പഴയ ചുണക്കുട്ടികള്‍ക്കൊപ്പം കിരീടധാരണത്തിന്റെ കൃത്യം നാല്പതാം വാര്‍ഷികത്തില്‍ ഞാനും ആര്‍ത്തുല്ലസിച്ച മണിക്കൂറുകള്‍. എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ, ഒരിക്കലും മറക്കാനാവാത്ത ഒരു രാവും പകലുമായിരുന്നു അത്.
1983 ജൂണ്‍ 25ന് ലോര്‍ഡ്സില്‍ ഉയര്‍ന്നുകേട്ട ഇന്ത്യയുടെ വിജയാരവം ഇപ്പോഴും നമ്മുടെ കാതുകളിലുണ്ട്. ഇന്ത്യ അന്ന് ലോകം അറിയുന്ന ഒരു ക്രിക്കറ്റ് ടീമേ അല്ലായിരുന്നു. എന്നാല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ പടക്കുതിരകള്‍ ലോര്‍ഡ്സില്‍ അല്‍ഭുതം കുറിച്ചു. ചരിത്രത്തിലാദ്യമായി ലോകകപ്പ് ഇന്ത്യയുടെ മണ്ണിലെത്തി. രാജ്യം അതിരറ്റ അഭിമാനത്താല്‍ പുളകം കൊണ്ടു. ആ കിരീടധാരന്റെ 40-ാം വാര്‍ഷിക ദിനത്തില്‍ മുംബൈയിലെ ബി.കെ.സി ട്രിഡന്റ് ഹോട്ടലില്‍ നടന്ന ചാമ്പ്യന്താരങ്ങളുടെ സംഗമത്തിന് സാക്ഷിയാവാനുള്ള അപൂര്‍വ്വ ഭാഗ്യം എനിക്കുമുണ്ടായി.
പരിപാടിക്ക് രണ്ടാഴ്ച മുമ്പ് സുഹൃത്തും ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും ഇതിഹാസ താരവുമായ സാക്ഷാല്‍ സുനില്‍ ഗവസ്ക്കറാണ് ആ ആഘോഷരാവില്‍ അലിഞ്ഞുചേരാന്‍ എന്നെയും ക്ഷണിച്ചത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരങ്ങളുടെ ആഘോഷ സംഗമത്തില്‍ ഒരു സാക്ഷിയായി ഞാനും എത്തുന്നുവെന്നത് വല്ലാത്ത ത്രില്ലായിരുന്നു എനിക്ക്.
കോളേജില്‍ പഠിക്കുന്ന കാലംതൊട്ടേ ക്രിക്കറ്റിനോട് എനിക്ക് വലിയ ഇഷ്ടവും ക്രിക്കറ്റ് താരങ്ങളോട് ആരാധനയുമായിരുന്നു. സുനില്‍ ഗവാസ്ക്കറും കപില്‍ദേവും വെങ്സര്‍ക്കാറും മൊഹീന്ദര്‍ അമര്‍നാഥും കൃഷ്ണമാചാരി ശ്രീകാന്തും റോജര്‍ ബെന്നിയും രവിശാസ്ത്രിയും സയ്യിദ് കിര്‍മാണിയും കീര്‍ത്തി ആസാദുമൊക്കെ ഹൃദയത്തിലേറിയ താരങ്ങളാണ്. കാതില്‍ റേഡിയോയും അമര്‍ത്തിപ്പിടിച്ച് ക്രിക്കറ്റ് കമന്ററികള്‍ കേട്ട് തീപാറുന്ന മത്സരത്തിന്റെ ഓരോ രംഗങ്ങളും നേരിട്ടുകാണാതെ തന്നെ മനസ്സില്‍ കണ്ടിരുന്ന ആ കാലം ആര്‍ക്കാണ് മറക്കാനാവുക. കാസര്‍കോട് ഗവ. കോളേജിലെ പഠനകാലത്ത് ഞങ്ങളുടെയൊക്കെ ആവേശവും തരംഗവുമായിരുന്നു അക്കാലഘട്ടത്തിലെ ക്രിക്കറ്റ് താരങ്ങള്‍.
എന്റെ ഓര്‍മ്മയില്‍ നാലു പതിറ്റാണ്ടപ്പുറത്തെ ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങള്‍ ഇപ്പോഴുമുണ്ട്. ആദ്യ സെമിയില്‍ ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ പ്രതിയോഗി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിന്റെ വലിയ സ്ഥാനങ്ങളിലൊന്നുമുണ്ടായിരുന്നില്ല അന്ന്. എങ്കിലും ഓരോ മത്സരങ്ങളിലും ഉജ്ജ്വലമായ പോരാട്ടം നടത്തി, അവിസ്മരണീയമായ വിജയങ്ങളിലൂടെ കപിലും കൂട്ടരും സെമിയിലെത്തി. ജൂണ്‍ 22ന് ഓള്‍ഡ് ട്രോഫോള്ഡിലായിരുന്നു സെമി ഫൈനല്‍. മൊഹീന്ദര്‍ അമര്‍നാഥ് മികച്ച ഫോമിലായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അമ്പരപ്പിക്കുന്ന വിജയം നേടി. അതോടെ കപ്പിനു വേണ്ടിയുള്ള ഇന്ത്യയുടെ ദാഹവും ഏറി. അതുവരെ ഇന്ത്യയെ പരിഹസിച്ചവരെല്ലാം കപിലും കൂട്ടരും കപ്പില്‍ മുത്തമിടുന്ന നിമിഷങ്ങള്‍ക്കായി കാത്തിരുന്നു. അപ്പോഴേക്കും രണ്ടാം സെമിയില്‍ പാക്കിസ്ഥാനെ വിരിഞ്ഞുമുറുക്കി വെസ്റ്റിന്‍ഡീസ് ഫൈനലില്‍ എത്തിയിരുന്നു.
1983 ജൂണ്‍ 25. ലോര്‍ഡ്സിലെ ഗ്യാലറികള്‍ നിറഞ്ഞിരുന്നു. വിവ് റിച്ചാര്‍ഡ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റിന്‍ഡീസിനെ കീഴ്പ്പെടുത്തുക അത്ര എളുപ്പമല്ല. കരുത്തുറ്റ ടീമാണവര്‍. എങ്കിലും കപിലും സംഘവും പൊരുതാന്‍ തന്നെ തീരുമാനിച്ചു.
'Do or Die'.
ഫൈനല്‍ മല്‍സരം തുടങ്ങി. ലോകം മുഴുവനും ലോര്‍ഡ്സിലേക്ക് ഉറ്റു നോക്കുകയാണ്. ഇന്ത്യയുടെ പേടി സ്വപ്നം വിവ് റിച്ചാര്‍ഡ്സ് തന്നെയാണ്. അദ്ദേഹത്തെ പിടിച്ചു കെട്ടാന്‍
കഴിഞ്ഞാല്‍ വിജയം ഉറപ്പിക്കാമെന്ന് ഇന്ത്യന്‍ ടീം ചിന്തിച്ചു.
വിവ് റിച്ചാര്‍ഡ്സ് തലങ്ങും വിലങ്ങും പന്ത് ഉയര്‍ത്തി അടിച്ച് മുന്നേറുകയാണ്. ഈ യാത്ര തുടര്‍ന്നാല്‍ ജയിക്കാനാവില്ല. കപില്‍ ദേവ് സഹതാരങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. റിച്ചാര്‍ഡ്സ് 28 പന്തില്‍ 33 റണ്‍സ് എടുത്ത് നില്ക്കുന്നു. അടുത്ത പന്തിനെയും അദ്ദേഹം മനോഹരമായി നേരിട്ടു. ഉയര്‍ന്ന് പൊങ്ങിയ പന്ത് ആകാശത്തെ ചുംബിച്ച് പറക്കുകയാണ്. ഫീല്‍ഡില്‍ തൊട്ടടുത്ത് ആരുമില്ല. കപില്‍ ദേവ് പന്ത് ലക്ഷ്യമിട്ട് ഒരൊറ്റ ഓട്ടം. ഏതാണ്ട് 18-20 വാര വരെ ഓടി പന്തിനെ നിലം തൊടുന്നതിനിടെ കൈക്കലാക്കി. മനോഹരമായ ക്യാച്ച്. റിച്ചാര്‍ഡ്സ് ഔട്ട്. പിന്നെ അധികം വേണ്ടി വന്നില്ല. ഇന്ത്യക്ക് 43 റണ്‍സിന്റെ ഉജ്ജ്വല വിജയം. ലോകകപ്പ് കിരീടം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയുടെ മണ്ണിലേക്ക്. കപിലും കൂട്ടരും കപ്പില്‍ തുരുതുരാ മുത്തംവെച്ചു. ഇന്ത്യയിലെ ഗ്രാമങ്ങളും ആനന്ദ നൃത്തമാടി.
നാല് പതിറ്റാണ്ടുകള്‍ കടന്ന് പോയി. കിരീടധാരണത്തിന്റെ 40-ാം വാര്‍ഷികത്തില്‍ ആ പഴയ ചാമ്പ്യന്താരങ്ങള് മുംബൈയില്‍ ഒത്തുകൂടാന്‍ തീരുമാനിച്ചു. ആ അത്യപൂര്‍വ്വ സംഗമത്തില്‍, വിരലിലെണ്ണാവുന്ന അപൂര്‍വ്വം അതിഥികളില്‍ ഒരാളായി ഞാനും ക്ഷണിക്കപ്പെട്ടു. ഗവാസ്ക്കറുടെ ക്ഷണം കിട്ടിയ നാള് മുതല്‍ ലോകകപ്പ് കിരീടധാരണത്തിന്റെ 40-ാം വാര്‍ഷിക ദിനമായ ജൂണ്‍ 25 പിറക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. ഗവാസ്ക്കറുടെ നിര്‍ദ്ദേശപ്രകാരം തലേന്ന് തന്നെ മുംബൈയിലെത്തി. സംഗമം നടക്കുന്ന അതേ ഹോട്ടലില്‍ മുറിയെടുത്തു.
2023 ജൂണ്‍ 25. ആ സുദിനമെത്തി. എന്റെ തൊട്ടടുത്ത മുറികളില്‍ ഇന്ത്യയുടെ പഴയകാല ഇതിഹാസ താരങ്ങള്‍. പലരും ഇന്ന് എന്റെ ഉറ്റ സുഹൃത്തുക്കളാണ്. ഉച്ചയ്ക്ക് ലെഞ്ചിനുള്ള ക്ഷണമെത്തി. ഒരേ മേശയ്ക്ക് ചുറ്റും ആ പഴയതാരങ്ങള്‍ വന്നിരുന്നു. അവരുടെ സൗഹൃദത്തിന് ഒരു കുറവുമില്ല. പഴയ 'ബോയ്സ്' തന്നെയായി ചിരിതമാശകളുമായി അവര്‍ ആര്‍ത്തുല്ലസിച്ച് ഇരിക്കുന്നു. അക്കൂട്ടത്തിലേക്ക് എന്നെയും ക്ഷണിച്ചു. എല്ലാവരും ഒന്നിച്ച് ഉച്ചഭക്ഷണം കഴിച്ചു. പഴയകൂട്ടുകാരുടെ കളിതമാശകള്‍ കണ്ട് ഞാന്‍ അതിശയിച്ച് ഇരുന്നു. നാലുപതിറ്റാണ്ടപ്പുറത്തെ ഓരോ കഥകള്‍ പറഞ്ഞ് ചിരിച്ച് രസിക്കുകയായിരുന്ന ഇതിഹാസങ്ങളെ ഞാന്‍ കൊതിയോടെ നോക്കി ഇരുന്നു. അവര്‍ എല്ലാവരും എനിക്ക് ബാറ്റില്‍ ഒപ്പിട്ട് തന്നു. എന്റെ ശേഖരത്തിലേക്ക് ഒരത്യപൂര്‍വ്വ സമ്മാനം കൂടി!
രാത്രി എട്ട് മണിക്കാണ് ചാമ്പ്യന്‍ താരങ്ങളുടെ സംഗമം. താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളുമുണ്ട്. ചാമ്പ്യന്‍ കപ്പില്‍ ക്യാപ്റ്റനായിരുന്ന കപില്‍ദേവിന് പുറമെ സുനില്‍ഗവാസ്ക്കര്‍, മൊഹീന്ദര്‍ അമര്‍നാഥ്, കൃഷ്ണമാചാരി ശ്രീകാന്ത്, സന്ദീപ് പാട്ടീല്‍, റോജര്‍ബിന്നി, കീര്‍ത്തി ആസാദ്, മദന്‍ലാല്‍, സയ്യിദ് കിര്‍മാണി, ബെല്‍വീന്ദര്‍ സന്ധു, ദിലീപ് വെങ്സര്‍ക്കാര്‍, സുനില്‍ വല്സന്, അന്നത്തെ ടീം മാനേജറായിരുന്ന മാന്‍സിംഗ്... എല്ലാവരും എത്തിയിട്ടുണ്ട്. കൂട്ടത്തില്‍ നിന്ന് ഈ ലോകത്തോട് വിടപറഞ്ഞുപോയ യശ്പാല്‍ ശര്‍മ്മയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഈ ആഘോഷത്തിനിടയിലും എല്ലാവരുടേയും മനസ്സില്‍ ഒരു വേദനയായി നിലനില്‍ക്കുന്നുണ്ടായിരുന്നു. ലണ്ടനില്‍ കുടുങ്ങിപ്പോയതിനാല്‍ രവിശാസ്ത്രിക്ക് ചടങ്ങിന് എത്താന്‍ കഴിഞ്ഞില്ല. അതിഥികളിലൊരാളായി കബീര്‍ ഖാനുമുണ്ട്. ലോക ക്രിക്കറ്റ് ചാമ്പ്യന്‍ പട്ടം നേടിയ ഇന്ത്യന്‍ ടീമിന്റെ കഥ അതിമനോഹരമായി അവതരിപ്പിച്ച 83 എന്ന സിനിമയുടെ സംവിധായകന്. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഒരു ലോകകപ്പ് ക്രിക്കറ്റിനെ ആസ്പദമാക്കി ഒരു സിനിമ ഇറങ്ങുന്നത്. അതും പല ഭാഷകളില്‍. എത്രവട്ടം ആ സിനിമ കണ്ട് കോരിത്തരിച്ച് പോയിട്ടുണ്ട്. ഒരു ഭാരതീയന് എന്ന നിലയില്‍ അഭിമാനം കൊണ്ട് ഹൃദയം തുളുമ്പിയിട്ടുണ്ട് ആ സിനിമ കാണുമ്പോഴൊക്കെ.
ലോകപ്രശസ്ത ക്രിക്കറ്റ് എഴുത്തുകാരന് അയാസ് മേമനാണ് ആദ്യം വേദിയിലെത്തിയത്. അദ്ദേഹം 1983ലെ ഫൈനല്‍ മത്സരത്തിന്റെ ഉദ്വേഗജനകമായ ഓരോ നിമിഷങ്ങളും സദസ്സിന് മുമ്പില്‍ അവതരിപ്പിച്ചു. പിന്നീട് താരങ്ങളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിച്ചു. അവരോടൊപ്പം കുടുംബാംഗങ്ങളേയും വേദിയിലേക്ക് ആനയിച്ചു. താരങ്ങള്‍ വേദിയില്‍ നിരന്നിരുന്നതോടെ തമാശകളുടേയും അമിട്ട്പൊട്ടി. ലോര്‍ഡ്സിലെ ഓരോ നിമിഷങ്ങളും അവരുടെ ഓര്‍മകളില്‍ നിറഞ്ഞു. കളി തമാശകളായി. കൂട്ടച്ചിരിയായി.
ഒരു മണിക്കൂറിലേറെ നീണ്ട ചടങ്ങുകള്‍. ഒരിക്കലും മറക്കാനാവാത്ത ആ ആഘോഷരാവിന്റെ ഓര്‍മ്മകളിലാവും ഇനി പഴയ 'ബോയ്സ്' ജീവിക്കുക. ഇനി ഒരുപാട് കാലത്തേക്ക് ആഹ്ലാദിക്കാനുള്ള ഊര്‍ജ്ജം ആ ഒരൊറ്റ രാത്രികൊണ്ട് അവര്‍ സമ്പാദിച്ചിരുന്നു. ഡിന്നറിന് ഒത്തുകൂടിയപ്പോഴും പഴയ ഓര്‍മ്മകളുടെ മധുരിമയില്‍ അവര്‍ കളിച്ചുരസിക്കുകയായിരുന്നു.
***
ക്രിക്കറ്റിനോടുള്ള എന്റെ ക്രേസ് പറഞ്ഞാല്‍ തീരാത്തതാണ്. പണ്ട് പത്രങ്ങളിലേയും സ്പോര്‍ട്സ് സ്റ്റാര്‍ മാഗസിനിലേയും പേജുകളില്‍ മാത്രം കണ്ടിരുന്ന പഴയകാല ക്രിക്കറ്റ് താരങ്ങള്‍ പിന്നീട് എന്റെ ഉറ്റ സുഹൃത്തുക്കളായി മാറിയ കഥയാണത്. സുനില്‍ ഗവാസ്ക്കര്‍ അടക്കമുള്ളവര്‍ ഞാന്‍ നിരന്തരം ബന്ധപ്പെടുന്ന ഉറ്റസുഹൃത്തുക്കളായി മാറി. അവരുടെ പല വിരുന്ന് സല്‍ക്കാരങ്ങളിലും ക്ഷണിക്കപ്പെട്ട അതിഥിയായി ഞാനും എത്തി. അങ്ങനെ വളര്‍ന്നുവന്ന ബന്ധങ്ങള്‍ എന്നെ പല ലോകകപ്പ് ക്രിക്കറ്റ് വേദികളിലുമെത്തിച്ചു. ഇന്ത്യയിലും ഓസ്ട്രേലിയയിലും ലണ്ടനിലും ആഫ്രിക്കയിലുമൊക്കെ നടന്ന ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഞാന്‍ സാക്ഷിയായി. പല ലോകോത്തര ക്രിക്കറ്റ് താരങ്ങളും ആത്മ സുഹൃത്തുക്കളായി. ക്രിക്കറ്റിനോട് എനിക്കുള്ള അതിരറ്റ ആവേശം കൊണ്ടാവാം വമ്പന്‍ മത്സരങ്ങളില്‍ പ്രമുഖ താരങ്ങള്‍ കയ്യിലേന്തിയ ബാറ്റുകളും നിരവധി വിക്കറ്റുകള്‍ പിഴുതെറിഞ്ഞ പന്തുകളും വീട്ടില്‍ ഞാന്‍ മ്യൂസിയം പോലെ ഒരുക്കിയ അലമാരകളിലെ അമൂല്യവസ്തുക്കളായി. ലോകത്തെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒപ്പിട്ട ക്രിക്കറ്റ് ബാറ്റുകള്‍ അക്കൂട്ടത്തില്‍ അമൂല്യമായി നിലകൊള്ളുന്നു.
-ഖാദര്‍ തെരുവത്ത്