ഇംഗ്ലണ്ടിനെയും ഓറഞ്ച് പടയെയും സമനിലയില്‍ തളച്ചു; അര്‍ജന്റീനക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം

ടി.എ. ഷാഫിദോഹ: ലോകകപ്പ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി ആതിഥേയരായ ഖത്തര്‍ പുറത്താവുന്നതിന്റെ കരിനിഴല്‍ ദോഹയിലാകെ പ്രകടമാണ്. എന്നാല്‍ ലോക ഫുട്‌ബോള്‍ ഉത്സവത്തിന്റെ രണ്ടാം മത്സരങ്ങളിലേക്ക് കടന്ന വെള്ളിയാഴ്ച സമനിലകളുടെ ദിവസം കൂടിയായിരുന്നു. ഗ്രൂപ്പ് ബി. പോരാട്ടത്തില്‍ ഇറാനെതിരെ ആറ് ഗോളടിച്ച് എത്തിയ ഇംഗ്ലണ്ടിനെ യു.എസ്.എ. പിടിച്ചുകെട്ടി. ഒരു ഗോള്‍ പോലും നേടാനാവാതെ ഇംഗ്ലണ്ടിന് സമനില വഴങ്ങേണ്ടി വന്നു.ഇംഗ്ലണ്ടിന്റെ കാലുകളിലായിരുന്നു പന്ത് കൂടുതല്‍ നേരമെങ്കിലും യു.എസ്.എ ആക്രമിച്ച് കളിച്ച് പല മുന്നേറ്റങ്ങളും നടത്തി. ഒന്നാം പകുതിയുടെ […]

ടി.എ. ഷാഫി
ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി ആതിഥേയരായ ഖത്തര്‍ പുറത്താവുന്നതിന്റെ കരിനിഴല്‍ ദോഹയിലാകെ പ്രകടമാണ്. എന്നാല്‍ ലോക ഫുട്‌ബോള്‍ ഉത്സവത്തിന്റെ രണ്ടാം മത്സരങ്ങളിലേക്ക് കടന്ന വെള്ളിയാഴ്ച സമനിലകളുടെ ദിവസം കൂടിയായിരുന്നു. ഗ്രൂപ്പ് ബി. പോരാട്ടത്തില്‍ ഇറാനെതിരെ ആറ് ഗോളടിച്ച് എത്തിയ ഇംഗ്ലണ്ടിനെ യു.എസ്.എ. പിടിച്ചുകെട്ടി. ഒരു ഗോള്‍ പോലും നേടാനാവാതെ ഇംഗ്ലണ്ടിന് സമനില വഴങ്ങേണ്ടി വന്നു.
ഇംഗ്ലണ്ടിന്റെ കാലുകളിലായിരുന്നു പന്ത് കൂടുതല്‍ നേരമെങ്കിലും യു.എസ്.എ ആക്രമിച്ച് കളിച്ച് പല മുന്നേറ്റങ്ങളും നടത്തി. ഒന്നാം പകുതിയുടെ 45 മിനുറ്റുകളിലും ഒരു മിനുറ്റ് അധികസമയത്തും ആരും ഗോള്‍ പട്ടിക തുറന്നില്ല. ഇംഗ്ലണ്ടിന്റെ അഞ്ചും യു.എസ്.എ ആറും കൂറ്റന്‍ ഷോട്ടുകള്‍ക്ക് വല കുലുക്കാനായില്ല. രണ്ടാംപകുതി തുടങ്ങിയത് യു.എസ്.എയുടെ ആക്രമണത്തോടെയാണ്. നിരന്തര ആക്രമണങ്ങളുമായി പുലിസിച്ച് ഇംഗ്ലീഷ് മടയിലേക്ക് പാഞ്ഞുകയറിയെങ്കിലും പിറ്റ്‌ഫോര്‍ഡിന്റെ ജാഗ്രത ഗുണം ചെയ്തു. എതിര്‍ ഗോള്‍ മുഖത്ത് അമേരിക്കന്‍ ഗോളി മാറ്റ് ടര്‍ണറും നന്നായി കളിച്ചു. സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുമായി ഇംഗ്ലണ്ട് തന്നെയാണ് മുന്നില്‍. 9.30ന് ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നെതര്‍ലാന്റ്- ഇക്വഡോര്‍ മത്സരം ആവേശത്തിന്റെ കൊടുമുടി തീര്‍ത്തിരുന്നു. ഇന്ത്യന്‍ പതാകയുമായി ഞങ്ങള്‍ ഇക്വഡോര്‍ ആരാധകക്കൂട്ടത്തിനിടയിലാണ് ചെന്നിരുന്നത്. സ്റ്റേഡിയത്തിന്റെ 70 ശതമാനത്തോളവും ഇക്വഡോറിനെയാണ് പിന്തുണച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കോടി ഗ്യാപ്‌കോയുടെ ഗോളിന് നായകന്‍ എന്നര്‍ വലന്‍സിയയിലൂടെഇക്വഡോര്‍ മറുപടി നല്‍കിയ നിമിഷം സ്റ്റേഡിയം ആര്‍ത്തിരമ്പി. ഇരു ടീമുകളുടെയും ആക്രമങ്ങള്‍ കൊണ്ട് സജീവമായിരുന്നു ആദ്യ പകുതി. ആറാം മിനുറ്റില്‍ തന്നെ കോടി ഗ്യാപ്‌കോ ഗംഭീര ഫിനീഷിങ്ങിലൂടെ ഡച്ച് പടയെ മുന്നിലെത്തിച്ചുവെങ്കിലും തുടരെ ആക്രമണങ്ങളുമായി ഇക്വഡോര്‍ കളംനിറഞ്ഞു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇക്വഡോര്‍ വല കുലുക്കി. എന്നാല്‍ പൊരോസേയ്‌ക്കെതിരെ ഫ്‌ലാഗ് ഉയര്‍ന്നതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു.
എന്നാല്‍ രണ്ടാംപകുതിയുടെ 49-ാം മിനുറ്റില്‍ റീബൗണ്ടില്‍ നിന്ന് നായകന്‍ എന്നര്‍ വലന്‍സിയ ഇക്വഡോറിനെ ഒപ്പമെത്തിച്ചു. ഈ ലോകകപ്പില്‍ വലന്‍സിയയുടെ മൂന്നാം ഗോളാണിത്. തുടര്‍ന്ന് ഇരു ടീമുകളും വിജയ ഗോളിനായി നടത്തിയ പോരാട്ടങ്ങളൊന്നും ഫലം കണ്ടില്ല. നെതര്‍ലാന്റും ഇക്വഡോറും തമ്മിലുള്ള മത്സരം സമനിലയിലായതോടെ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.
ഇന്ന് ടുണീഷ്യ ഓസ്‌ട്രേലിയയേയും (3.30), പോളണ്ട് സൗദി അറേബ്യയേയും (6.30), ഫ്രാന്‍സ് ഡെന്‍മാര്‍ക്കിനേയും (9.30), അര്‍ജന്റീന മെക്‌സികോയേയും (12.30) നേരിടും. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ മെസ്സിപ്പടക്ക് വിജയം ഉറപ്പിച്ചേ തീരൂ.

Related Articles
Next Story
Share it