ലഹരിയില്‍ മുങ്ങിയ യുവത: പരിഹാരമെവിടെ?

ലഹരിയോടുള്ള കാസര്‍കോട് യുവതയുടെ പ്രണയം അതിശയോക്തികരമാണ്. പൊതുവേ കാസര്‍കോട് മണ്ണ് എന്തിനെയും പുല്‍കാന്‍ വെമ്പല്‍ കാണിക്കാറുണ്ട്. ഭാഷയുടെ കാര്യം എടുത്തു നോക്കൂ. നമ്മുടെ നാടിനെ സപ്തഭാഷ സംഗമഭൂമി എന്ന് അഹങ്കാരത്തോടെയാണ് നമ്മള്‍ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിനേക്കാള്‍ കൂടുതല്‍ ഭാഷ സംസാരിക്കുന്നവരുടെ നാടാണ് കാസര്‍കോട്. അതുപോലെ മതമൈത്രിക്ക് പേര് കേട്ട ജില്ലയാണ് നമ്മുടേത്. അമ്പലങ്ങളുടെയും പള്ളികളുടെയും ഗേറ്റുകള്‍ ഒന്നിച്ച് സ്ഥാപിച്ച് മാതൃക കാണിച്ചവരുടെ നാടാണ് കാസര്‍കോട്. പള്ളികളില്‍ ഉറൂസ് അരങ്ങേറുമ്പോള്‍ ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് പള്ളികളില്‍ […]

ലഹരിയോടുള്ള കാസര്‍കോട് യുവതയുടെ പ്രണയം അതിശയോക്തികരമാണ്. പൊതുവേ കാസര്‍കോട് മണ്ണ് എന്തിനെയും പുല്‍കാന്‍ വെമ്പല്‍ കാണിക്കാറുണ്ട്. ഭാഷയുടെ കാര്യം എടുത്തു നോക്കൂ. നമ്മുടെ നാടിനെ സപ്തഭാഷ സംഗമഭൂമി എന്ന് അഹങ്കാരത്തോടെയാണ് നമ്മള്‍ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിനേക്കാള്‍ കൂടുതല്‍ ഭാഷ സംസാരിക്കുന്നവരുടെ നാടാണ് കാസര്‍കോട്. അതുപോലെ മതമൈത്രിക്ക് പേര് കേട്ട ജില്ലയാണ് നമ്മുടേത്. അമ്പലങ്ങളുടെയും പള്ളികളുടെയും ഗേറ്റുകള്‍ ഒന്നിച്ച് സ്ഥാപിച്ച് മാതൃക കാണിച്ചവരുടെ നാടാണ് കാസര്‍കോട്. പള്ളികളില്‍ ഉറൂസ് അരങ്ങേറുമ്പോള്‍ ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് പള്ളികളില്‍ നിന്നും പ്രോത്സാഹനവും ആശിര്‍വാദവും നേരുന്നവരുടെ നാടാണ് കാസര്‍കോട്. നന്മയുടെ നിലവിളമായി കാസര്‍കോട് പരിലസിക്കുന്നതോടൊപ്പം തന്നെ തിന്മയുടെ കൂത്തരങ്ങായും പലപ്പോഴും കാസര്‍കോടിന്റെ മണ്ണ് മാറാറുണ്ട് എന്നുള്ളത് വൈരുദ്ധ്യമായി തോന്നാറുണ്ട്. ഇത്രയേറെ ഭാഷ സംസാരിക്കുന്നവരുണ്ടായിട്ടും ഭാഷാപരമായിട്ടുള്ള പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കപ്പെടുന്ന ഇടമാണ് യഥാര്‍ത്ഥത്തില്‍ കാസര്‍കോട്.
കാസര്‍കോടിന്റെ വര്‍ഗീയതയുടെ അടിവേരുകള്‍ പരിശോധിച്ചാല്‍ ചെന്നെത്തുന്നത് അവിടെയാണ് എന്നത് അനുഭവസാക്ഷ്യം.
കേരളത്തിന്റെ തെക്കന്‍ ജില്ലകള്‍ പ്രളയത്തിലും മറ്റു പ്രകൃതിക്ഷോഭങ്ങളില്‍പ്പെട്ട സമയത്ത് കാരുണ്യത്തിന്റെ കൈത്താങ്ങായി നിലയുറപ്പിച്ച ജില്ലയാണ് കാസര്‍കോട്. ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമേ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തെ അയച്ച് പരിചരിച്ചതും നമ്മുടെ ജില്ല തന്നെയാണ്. എന്നാല്‍ ഇതിന്റെ മറുപുറമെന്നോണം യുവാക്കളുടെ പ്രസരിപ്പും ഊര്‍ജ്ജവും നന്മയിലേക്ക് തിരിച്ചുവരുന്നതിന് പകരം തിന്മയെ പ്രണയിക്കുന്ന വിധി വൈപരീത്യം കാണേണ്ട ഗതികേടും നമ്മുടെ നാടിന് ഉണ്ട് എന്നുള്ളത് സങ്കടകരമാണ്. കാസര്‍കോട് പൊലീസില്‍ 2016 മുതല്‍ ജോലി ചെയ്യാനുള്ള അവസരം ലഭിച്ച സമയത്ത് ഏറെ ആഹ്ലാദത്തോടെയാണ് ഇവിടെ എത്തിച്ചേര്‍ന്നത്. കാസര്‍കോടിന്റെ പുറമേയുള്ള അവസ്ഥയല്ല കാസര്‍കോടിന്റെ ഉള്ളകങ്ങളില്‍ ചെന്നപ്പോള്‍ അനുഭവിക്കാന്‍ കഴിഞ്ഞത്. വര്‍ഗീയമായി മാത്രം ചിന്തിക്കുന്ന, എന്തും ഏതും വര്‍ഗീയതയിലൂടെ മാത്രം കാണുന്ന മനസ്സ് കൊണ്ട് നടക്കുന്ന ഒരു തലമുറ! അടിയും തിരിച്ചടിയും കൊലയും തിരിച്ചുള്ള കൊലകളും കാസര്‍കോടിനെ സംഘര്‍ഷ ഭൂമിയാക്കിയത് ചരിത്രം. റിയാസ് മൗലവിയുടെ കൊലപാതകത്തോടെ, കാസര്‍കോട് ഉണ്ടായിരുന്ന വര്‍ഗീയത പൊലീസിന്റെ കൃത്യമായ ഇടപെടലുകള്‍ വഴി തൂത്തെറിയപ്പെട്ടു. പിന്നീട് അവശേഷിക്കുന്നത് കാസര്‍കോടിന്റെ യുവതയെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയയുടെ തേരോട്ടമായിരുന്നു. അറിഞ്ഞോ അറിയാതെയോ ലഹരിയില്‍ പെടുന്ന തലമുറ ഏറെ വേദനയാണ് സമ്മാനിച്ചത്.
രാത്രികാലങ്ങളില്‍ കാസര്‍കോട് നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ പത്തെണ്ണം പിടികൂടി പരിശോധിച്ചാല്‍ 8 എണ്ണത്തില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള മയക്ക് മരുന്നുകളുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് പറയുന്നത് അതിശയോക്തിജനകം അല്ല.
പള്ളികളിലെയും അമ്പലങ്ങളുടെയും ഉത്സവങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കാന്‍ യൗവ്വനത്തെ കൂട്ടുപിടിക്കുന്ന പള്ളിക്കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റികളും യുവതയുടെ ലഹരിയോടുള്ള പ്രണയത്തെ തടഞ്ഞു നിര്‍ത്തുന്നതില്‍ തികഞ്ഞ പരാജയമാണ്. ഒരു നാടിന്റെ യുവത മൊത്തം ലഹരിക്കടിപ്പെടുമ്പോഴും തങ്ങള്‍ക്കൊന്നും അറിയില്ല, തങ്ങള്‍ക്കൊന്നും അറിയേണ്ടതില്ല എന്ന ചിന്തയിലാണ് മിക്ക പള്ളി കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റികളും. തങ്ങളുടെ ഉത്സവങ്ങള്‍ക്ക് മേളക്കൊഴുപ്പ് വര്‍ദ്ധിപ്പിക്കാന്‍ ലഹരിയുടെ ഊര്‍ജ്ജം യുവതയുടെ കൂട്ടിനുണ്ടെന്നത് അറിയാത്തവരല്ല കാസര്‍കോട്ടെ പള്ളി കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റികളും എന്ന് വിശ്വസിക്കാന്‍ പ്രവാസമുണ്ട്. ലഹരി മാഫിയുടെ പിടിയില്‍ അകപ്പെട്ട കാസര്‍കോട് യുവത എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ്. ആഡംബര ജീവിതം നയിക്കുന്നതിനുവേണ്ടിയും പൊങ്ങച്ചത്തിനു വേണ്ടിയും ലഹരി വിപണനം നടത്തുകയും വില്‍പന നടത്തുകയും ചെയ്യുന്നവരാല്‍ സജീവമാണ് കാസര്‍കോടന്റെ രാപ്പകലുകള്‍.
ലഹരിക്ക് അടിപ്പെടുക എന്നുള്ളത് ഒരു രോഗമാണ്. ശ്രദ്ധിച്ചു കൈകാര്യം ചെയ്താല്‍ മാറ്റിയെടുക്കാന്‍ പറ്റുന്ന രോഗം.
ലഹരിയില്‍ അഭയം കണ്ടെത്തിയവരെ സമൂഹത്തില്‍ നിന്നും പുറന്തള്ളി ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് സമൂഹത്തിന്റെ ഉത്സാഹം. അവരെ ചേര്‍ത്തുപിടിച്ച് ആവശ്യമായ പരിചരണം നല്‍കി ആവശ്യമെങ്കില്‍ മരുന്നുകളും കൗണ്‍സിലിംഗും നല്‍കാന്‍ നാം തയ്യാറായാല്‍ തിരിച്ചു പിടിക്കാവുന്നതേയുള്ളൂ നമ്മുടെ യുവതയെ. ചേര്‍ത്തുപിടിച്ചും സ്‌നേഹിച്ചും ഉപദേശിച്ചും കൗണ്‍സിലുകള്‍ നടത്തിയും ആവശ്യമെങ്കില്‍ തക്കതായ ശിക്ഷ നല്‍കിയും നമ്മുടെ യുവതയെ ലഹരിയില്‍ നിന്നും മോചിപ്പിച്ചതിന്റെ ഒട്ടേറെ കഥകള്‍ കാസര്‍കോട് പൊലീസിന് പറയാനുണ്ട്. അതോടൊപ്പം മറ്റുള്ളവരുടെ മക്കള്‍ ലഹരിക്കടിപ്പെട്ടത് കാണുമ്പോള്‍ സന്തോഷിക്കാനുള്ള മനസ്സാണ് നാം കാണിക്കുന്നതെങ്കില്‍ നാളെ നമ്മുടെ മക്കളും അതിലേക്കു എടുത്തെറിയപ്പെടില്ലെന്ന് ആര് കണ്ടു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഹരി കാസര്‍കോട്ടേക്ക് എത്തിക്കുന്നതില്‍ ലഹരി മാഫിയ കാണിക്കുന്ന ജാഗ്രതയും സൂക്ഷ്മതയും പഠനവിധേയമാക്കിയാല്‍ ഏതുതരത്തിലുള്ള ഉത്പന്നവും അനായാസം എവിടേക്കും എത്തിക്കാന്‍ കഴിയുമെന്ന് നമുക്ക് മനസ്സിലാവും. അതില്‍ അവര്‍ നടത്തിയിരിക്കുന്ന ഗവേഷണം, നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണം മറ്റു മേഖലകളിലേക്ക് തിരിച്ച് വിട്ടിരുന്നെങ്കില്‍ ക്രിയാത്മകമായി പലതും ചെയ്യാന്‍ സാധിച്ചേനെ.
ആദ്യകാലങ്ങളില്‍ നേരിട്ട് കൈമാറിയിരുന്ന മയക്കു വസ്തുക്കള്‍ ഇപ്പോള്‍ ഏറ്റവും പുതിയ രീതിയില്‍ ഇലക്ട്രോണിക് മീഡിയയുടെ സഹായത്തോടെയും ഗൂഗിള്‍ പേ വഴിയായും മറ്റുരീതിയിലും പണം ആദ്യം സമ്പാദിച്ച്, 'സാധനം' ലൊക്കേഷനുകളില്‍ 'ഡ്രോപ്' ചെയ്ത് ഫോട്ടോ വാട്‌സ്ആപ്പായും ടെലിഗ്രാമായും മെസേജ് ചെയ്ത് അതിവിദഗ്ധമായി പൊലീസിനെ 'പറ്റിച്ച്' ന്യൂജന്‍ തലമുറ നടത്തുന്ന കച്ചവടം അതിസാഹസികമാണ്. ഈ വൈദഗ്ധ്യം മറ്റു മേഖലകളില്‍ കാണിച്ചിരുന്നെങ്കില്‍ സമൂഹത്തില്‍ ക്രിയാത്മകമായി പലതും ചെയ്യാന്‍ കഴിഞ്ഞേനെ.
കാസര്‍കോട് ഇനി വികസിക്കാന്‍ സാധ്യതയുള്ള ബിസിനസ് എന്താണെന്ന് മണ്മറഞ്ഞുപോയ എന്റെ പ്രിയ സുഹൃത്തിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഏറെ ചിന്തക്ക് വഴി വെക്കുന്നതാണ്. കാസര്‍കോട് മയക്കുമരുന്ന് ഉപയോഗിച്ച് അരവട്ടന്മാരും ആയി മാറിയിരിക്കുന്ന യുവാക്കളെ പുനരധിവസിപ്പിക്കുകയും ചികിത്സിക്കുകകയും ചെയ്യുന്ന സെന്ററുകള്‍ തുടങ്ങിയാല്‍ ലുലുമാള്‍ തുടക്കുന്നതിനേക്കാളും ലാഭമുണ്ടാക്കാം എന്നായിരുന്നു സുഹൃത്തിന്റെ മറുപടി. നേരത്തെ കാസര്‍കോട് ടൗണില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ഒരു വീട്ടില്‍ നിന്നും എത്ര പേരുകള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു എന്ന ചോദ്യത്തിന് ഒരാളെങ്കിലും ഉണ്ടാകും എന്ന മറുപടി നല്‍കിയതുപോലെ ഇന്ന് കാസര്‍കോട് ഒരു വീട്ടില്‍ എത്ര പേര്‍ ലഹരിക്ക് അടിപ്പെട്ടിട്ടുണ്ട് എന്ന ചോദ്യത്തിന് ഒരാളെങ്കിലും എന്ന് പറയേണ്ടി വരുന്ന ഗതികേടിലേക്കാണ് നമ്മുടെ നാട് അധ:പതിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ നട്ടെല്ലായ യുവതയെ ഇത്രയും മോശമായ രീതിയില്‍ ലഹരി മാഫിയ വരിഞ്ഞ് മുറുക്കിയിട്ടും ഇതിനെതിരെ പോരാടുന്നതിന് പള്ളി കമ്മിറ്റികളോ, ക്ഷേത്ര കമ്മിറ്റികളോ, എന്തിനേറെ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ തയ്യാറാവുന്നില്ല എന്നുള്ളത് ഖേദകരം തന്നെ.
അരവട്ടായും മുഴു വട്ടായും വീടുകളിലും ആസ്പത്രികളിലും തളച്ചിടപ്പെട്ട യുവത്വം ധാരാളമുള്ള നാടാണ് നമ്മുടേത് എന്നത് സങ്കടകരമാണ്. ഇതിനു പുറമേയാണ് ആത്മഹത്യയില്‍ അഭയം തേടിയ പല യുവാക്കളുടെയും കദന കഥ. അതിഭീകരമായ ന്യൂജന്‍ മയക്കുമരത്തിന് അടിമയാവുകയും പിന്നീട് അതിന്റെ വില്‍പനക്കാരനായി മാറുകയും ചെയ്ത കാസര്‍കോട് ടൗണിനടുത്തുള്ള ഒരു ചെറുപ്പക്കാരന്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യയില്‍ അഭയം തേടിയത്.
അതുപോലെതന്നെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്ത കാസര്‍കോട് ടൗണിന് അടുത്തുള്ള മറ്റൊരു യുവാവിന്റെ അതിദാരുണമായ മരണ ത്തിനുത്തരവാദിയും ഈ മയക്കുമരുന്ന് തന്നെയാണ്. കാസര്‍കോട്ടെ പല വര്‍ഗീയ കേസുകളിലും ഉള്‍പ്പെട്ട പിന്നീട് ആത്മഹത്യയില്‍ അഭയം തേടിയ മറ്റൊരു യുവാവിന്റെ ജീവിതം അവസാനിപ്പിക്കാന്‍ ഇടയായതും മദ്യത്തിന്റെയും മറ്റും സ്വാധീനം തന്നെ. മയക്കു മരുന്ന് ലോബി ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത് നമ്മുടെ ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയുമാണ്. അതുകൊണ്ട് അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് രക്ഷകര്‍ത്താക്കളോട് പറയാനുള്ളത് നേരം ഇരുട്ടിയാല്‍ പിന്നീട് അത്യാവശ്യത്തിന് അല്ലാതെ മക്കളെ പുറത്ത് വിടുന്നത് ഒഴിവാക്കുക. കുട്ടികളുടെ കൂട്ടുകെട്ടിനെ കുറിച്ച് നല്ല ബോധ്യം ഉണ്ടാവുക. കുട്ടികളെക്കുറിച്ച് അവര്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകരുമായി പ്രത്യേകിച്ച്, ക്ലാസ് ടീച്ചര്‍മാരുമായി ആശയവിനിമയം നടത്തുക തങ്ങളുടെ പ്രായത്തെക്കാള്‍ കൂടുതലുള്ള ആളുകളുമായി മക്കള്‍ കൂട്ടുകൂടുന്നത് തടയാതിരുന്നാല്‍ മയക്കുമരുന്ന് പോക്‌സോ പോലെയുള്ള കേസുകളിലെ ഇരയായ വേണ്ടിവരും എന്ന് ഓര്‍ക്കുക. അടുത്ത ബന്ധുക്കള്‍ ആയാല്‍ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി ഒരു നിലക്കും കുട്ടികള്‍ ബന്ധപ്പെടുന്നില്ല ഇല്ല എന്ന് ഉറപ്പുവരുത്തുക.
കുട്ടികള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ പണം നല്‍കാതിരിക്കുക. കുട്ടികള്‍ക്ക് നല്‍കുന്ന പണത്തെക്കുറിച്ച് കൃത്യമായിട്ടുള്ള കണക്കുകള്‍ അവരോട് ചോദിക്കുക. നമ്മുടെ കുട്ടികളു ഭാവി നമ്മുടെ മാത്രം തലവേദനയാണ്.
നമ്മുടെ കുട്ടികളെ നന്നാക്കാന്‍ മറ്റാരും വരില്ലെന്ന് ഓര്‍ക്കുക. ജീവിതം ഒന്നേയുള്ളൂ. അത് സ്വയം പുകച്ച് കളയുകയോ മറ്റുള്ളവരുടെ ജീവിതം പുകച്ച് കളയാന്‍ അനുവദിക്കുകയോ ഇല്ല എന്ന് നമുക്ക് ഈ ദിനത്തില്‍ പ്രതിജ്ഞയെടുക്കാം.


-സി.എ അബ്ദുല്‍ റഹിം
(റിട്ട.ഡി.വൈ.എസ്.പി)

Related Articles
Next Story
Share it