ജമ്മു കശ്മീരില്‍ 370, 35എ ഭരണഘടനാ വകുപ്പുകള്‍ പുനസ്ഥാപിക്കുന്നത് വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മെഹബൂബ മുഫ്തി, പെട്ടെന്ന് യോഗം വിളിക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതരാക്കിയത് അന്താരാഷ്ട്ര സമ്മര്‍ദമെന്ന് യെച്ചൂരി

ന്യൂഡെല്‍ഹി: ജമ്മു കശ്മീരില്‍ 370, 35എ ഭരണഘടനാ വകുപ്പുകള്‍ പുനസ്ഥാപിക്കുന്നത് വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെ രാഷ്ട്രീയ നേതാക്കന്മാരുമായി ഡെല്‍ഹിയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മെഹബൂബയുടെ പ്രഖ്യാപനം. ജമ്മു കശ്മീരിന്റെ കാര്യത്തിലെടുത്ത തീരുമാനം പാളിയെന്നു തിരിച്ചറിഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചതെന്നു മെഹബൂബ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതല്ല കശ്മീരിലെ യാഥാര്‍ഥ്യം. അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ ശ്വാസം മുട്ടുകയാണ്. ജമ്മു […]

ന്യൂഡെല്‍ഹി: ജമ്മു കശ്മീരില്‍ 370, 35എ ഭരണഘടനാ വകുപ്പുകള്‍ പുനസ്ഥാപിക്കുന്നത് വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെ രാഷ്ട്രീയ നേതാക്കന്മാരുമായി ഡെല്‍ഹിയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മെഹബൂബയുടെ പ്രഖ്യാപനം.

ജമ്മു കശ്മീരിന്റെ കാര്യത്തിലെടുത്ത തീരുമാനം പാളിയെന്നു തിരിച്ചറിഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചതെന്നു മെഹബൂബ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതല്ല കശ്മീരിലെ യാഥാര്‍ഥ്യം. അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ ശ്വാസം മുട്ടുകയാണ്. ജമ്മു കശ്മീരിന്റെ തനിമ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് അവര്‍. പ്രത്യേക പദവി പുനസ്ഥാപിച്ചു കിട്ടുക തനിക്കു രാഷ്ട്രീയ മുദ്രാവാക്യമല്ല. അതിനാലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു തീരുമാനിച്ചതെന്നും മെഹബൂബ വിശദീകരിച്ചു.

സംസ്ഥാന പദവി തിരിച്ചുനല്‍കുന്ന കാര്യത്തില്‍ ഉചിതമായ സമയത്തു തീരുമാനമെടുക്കുമെന്നും മണ്ഡലപുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നും യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു. പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തതിന്റെ തലേന്ന്, കശ്മീര്‍ വിഷയത്തില്‍ അദ്ദേഹം പാകിസ്താനുമായും ചര്‍ച്ച നടത്തണമെന്ന മെഹബൂബയുടെ പ്രസ്താവനയെ ബി.ജെ.പി. നിശിതമായി വിമര്‍ശിച്ചിരുന്നു.

അതേസമയം ജമ്മു കശ്മീര്‍ വിഷയത്തില്‍ പെട്ടെന്നൊരു യോഗം വിളിക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതരാക്കിയത് അന്താരാഷ്ട്ര സമ്മര്‍ദമാകാമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുകയാണ്. അവിടെ താലിബാന്‍ ശക്തി പ്രാപിക്കുന്നു. ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടാന്‍ യു.എസ് ആഗ്രഹിക്കുന്നുണ്ട്. നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തലും മറ്റും ലംഘിക്കപ്പെടാതെ പോകുന്നുണ്ട്. കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റ സംഭവങ്ങളും ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റും മറ്റും കുറഞ്ഞു. യു.എസ് ഇടപെടല്‍ ഇക്കാര്യങ്ങളിലെല്ലാം പ്രകടമാണ്. ഇപ്പോഴത്തെ ചര്‍ച്ചയും അതിന്റെ തുടര്‍ച്ചയായിട്ടാകാം. ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നു. ഇത് നേരത്തേ വേണ്ടിയിരുന്നു. ചര്‍ച്ചയുടെ ഫലം എന്താകുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പ്രശ്‌നങ്ങള്‍ക്ക് അര്‍ഥവത്തായ പരിഹാരമുണ്ടാകണം. ചര്‍ച്ചയ്ക്ക് തയ്യാറായത് ഒരു നല്ല സൂചനയാണ്. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതൃത്വം ചര്‍ച്ചയുമായി സഹകരിക്കുകയും പക്വതയും ഉത്തരവാദിത്തവും പ്രകടമാക്കുകയും ചെയ്തു. കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകേണ്ടതും ഇതേ പക്വതയും ഉത്തരവാദിത്തവുമാണ്. യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it