കാസര്‍കോട്: യുവജനങ്ങള്‍ക്കിടയില്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാവുകയാണെന്നും വിവാഹമോചനത്തിനുള്ള പ്രവണത വര്‍ദ്ധിക്കുകയാണെന്നും ഇതിനെതിരെ കമ്മീഷന്റെ നേതൃത്വത്തില്‍ വിവാഹ പൂര്‍വ കൗണ്‍സിലിംഗുകള്‍ നല്കി വരികയാണെന്നും കേരള വനിതാ കമ്മിഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അംഗം. കാസര്‍കോട് ജില്ലയില്‍ തിരഞ്ഞെടുത്ത കലാലയങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കാമ്പയിന് നടത്തും. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കാന് ഫേസ് ടു ഫേസ് പരിപാടി സംഘടിപ്പിക്കും.
ജില്ലയില്‍ ഗാര്‍ഹിക പീഡനങ്ങളും കുടുംബ പ്രശ്നങ്ങളും വര്‍ദ്ധിച്ചു വരികയാണ്. അദാലത്തില്‍ പരിഗണിച്ച പരാതികളില്‍ നല്ല ശതമാനവും ഈ വിഷയങ്ങളാണ്. തദ്ദേശ സ്ഥാപന തലത്തിലെ ജാഗ്രതാ സമിതികള്‍ക്കുള്ള പരിശീലനം നല്കി വരികയാണ്. അഞ്ച് പഞ്ചായത്തുകളില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. പടന്ന, തൃക്കരിപ്പൂര്‍, കള്ളാര്‍, പനത്തടി, മൊഗ്രാല്‍പുത്തൂര്‍ എന്നീ പഞ്ചായത്തുകളിലാണ് പരിശീലനം നടത്തിയതെന്നും വനിതാ കമ്മിഷന് അംഗം പറഞ്ഞു.
അദാലത്തില്‍ 27 പരാതികള്‍ പരിഗണിച്ചു. ഏഴ് പരാതികള്‍ തീര്‍പ്പാക്കി
ജില്ലാതല അദാലത്തില്‍ 27 പരാതികള്‍ പരിഗണിച്ചു. ഏഴ് പരാതികള്‍ തീര്‍പ്പാക്കി. 20 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. അഡ്വ. ഷീബ, വുമണ്‍സെല്‍ സി.ഐ സീത, ഡബ്ല്യു.സി.പി.ഒ ജയശ്രീ, കൗണ്‍സിലര്‍ രമ്യ, കൗണ്‍സില്‍ ജീവനക്കാരായ ബൈജു ശ്രീധരന്, ശ്രീഹരി എന്നിവര്‍ പങ്കെടുത്തു.