സേവന രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: സേവനരംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ശ്രദ്ധ പിടിച്ചുപറ്റുന്നു. കഴിഞ്ഞ ലയണിസ്റ്റിക്ക് വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി കോഴിക്കോട്, മാഹി, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകള്‍ അടങ്ങുന്ന ലയണ്‍സ് ഡിസ്ട്രിക്ട് -318ഇയില്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് നേട്ടം കൊയ്തതടക്കമുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ സാരഥികള്‍ പ്രസ് ക്ലബ്ബില്‍ അക്കമിട്ടുനിരത്തി. ലയണ്‍സ് ഇന്റര്‍നാഷണല്‍ മുന്നോട്ട് വെക്കുന്ന വീടില്ലാത്തവര്‍ക്ക് വീട്, പട്ടിണി രഹിത പദ്ധതിയടക്കം നിരവധി പദ്ധതികള്‍ അര്‍ഹരായവരിലേക്ക് എത്തിക്കാന്‍ ചന്ദ്രഗിരി ലയണ്‍സ് […]

കാസര്‍കോട്: സേവനരംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ശ്രദ്ധ പിടിച്ചുപറ്റുന്നു. കഴിഞ്ഞ ലയണിസ്റ്റിക്ക് വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി കോഴിക്കോട്, മാഹി, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകള്‍ അടങ്ങുന്ന ലയണ്‍സ് ഡിസ്ട്രിക്ട് -318ഇയില്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് നേട്ടം കൊയ്തതടക്കമുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ സാരഥികള്‍ പ്രസ് ക്ലബ്ബില്‍ അക്കമിട്ടുനിരത്തി. ലയണ്‍സ് ഇന്റര്‍നാഷണല്‍ മുന്നോട്ട് വെക്കുന്ന വീടില്ലാത്തവര്‍ക്ക് വീട്, പട്ടിണി രഹിത പദ്ധതിയടക്കം നിരവധി പദ്ധതികള്‍ അര്‍ഹരായവരിലേക്ക് എത്തിക്കാന്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന് കഴിഞ്ഞിരുന്നു. 2020ല്‍ ആരംഭിച്ച ലയണ്‍സ് ചന്ദ്രഗിരിയുടെ സൗജന്യ ആംബുലന്‍സ് സര്‍വീസ് കോവിഡ് കാലത്ത് കാസര്‍കോട്ടെ നിര്‍ധനരായ രോഗികള്‍ക്ക് ഏറെ ആശ്വാസമേകി. പൂര്‍ണമായും സൗജന്യമായി നല്‍കുന്ന ആംബുലന്‍സ് ഓടിക്കുന്നത് അംഗങ്ങള്‍ തന്നെയാണെന്നത് മറ്റൊരു പ്രത്യേകതയാണ്. തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയില്‍ ലയണ്‍സ് ചന്ദ്രഗിരി സജ്ജീകരിച്ച സൗജന്യ ഡയാലിസിസ് ബ്ലോക്ക് സാമ്പത്തിക പ്രയാസം കാരണം ഡയാലിസിസ് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്ന നിരവധിപേര്‍ക്ക് വലിയ ആശ്വാസവും ആശ്രയവുമാണ്. കാസര്‍കോട് പൊലീസിന്റെ നേതൃത്വത്തില്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഒരുക്കിയ അക്ഷയപാത്രം പദ്ധതിക്ക് കെട്ടിടം നിര്‍മ്മിച്ച് നല്‍കാനും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിക്ക് കഴിഞ്ഞു.
ഒട്ടിയ വയറുമായി നഗരത്തില്‍ അലയുന്നവര്‍ക്ക് വിശപ്പകറ്റാന്‍ വഴിയൊരുക്കുന്ന പദ്ധതിയാണിത്. നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാസര്‍കോടിന്റെ സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ ഉണര്‍വ്വ് പകരുന്ന പരിപാടികളും സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ ഫെസ്റ്റിവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ടി.വിയും മൊബൈല്‍ ഫോണുകളും ലഭ്യമാക്കി. കാസര്‍കോട് ജനറല്‍ ആസ്പത്രി, കാസര്‍കോട് നഗരസഭ, അണങ്കൂര്‍ ആയുര്‍വേദ ആസ്പത്രി എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന് പകരം നിക്ഷേപിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കി. വൈറ്റ് ഗാര്‍ഡിന് രണ്ട് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന നല്‍കി.
എയിംസ് കാസര്‍കോട് ജില്ലയിലനുവദിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി ക്യാമ്പയിന്‍ ആരംഭിക്കുകയും പൊതുജന പങ്കാളിത്തത്തോടെ കൂട്ടായ്മയെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. ഹോം ഫോര്‍ ഹോംലസ് പദ്ധതിയുടെ ഭാഗമായി നേരത്തെ രണ്ടുപേര്‍ക്ക് വീടുവെച്ച് നല്‍കിയിരുന്നു.
കോവിഡ് കാലത്ത് ജില്ലയിലെ വിവിധ സി.എഫ്.എല്‍.ടി.സികളിലേക്കും ആസ്പത്രികളിലേക്കും ഭക്ഷണമെത്തിക്കാനും സാധിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 200 ഓളം ഭക്ഷ്യകിറ്റുകള്‍ എത്തിച്ചു. കാസര്‍കോട് ജനറല്‍ ആസ്പത്രി, ആല്‍ഫ പാലിയേറ്റീവ് കെയര്‍ എന്നിവിടങ്ങളിലടക്കം ആറോളം വീല്‍ചെയറുകള്‍ നല്‍കിയും അംഗങ്ങളുടെ സഹകരണത്തോടെ മാസ്‌ക്ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവ നിരവധി സ്ഥലങ്ങളില്‍ എത്തിച്ചും സേവന രംഗത്ത് പൊതുജനങ്ങളുടെ നിറഞ്ഞ കയ്യടി നേടാന്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന് കഴിഞ്ഞു.
നാട് പ്രളയത്തില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ സഹായഹസ്തവുമായി ഓടിയെത്താന്‍ ലയണ്‍സ് ചന്ദ്രഗിരി പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നു. കേരളത്തിലെയും കര്‍ണാടക മടിക്കേരിയിലെയും പ്രളയബാധിത പ്രദേശങ്ങളില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു.
പ്രസിഡണ്ട് ഇഖ്ബാല്‍ പട്ടുവത്തില്‍, സെക്രട്ടറി അബ്ദുല്‍ഖാദര്‍ തെക്കില്‍, ട്രഷറര്‍ ഒ.കെ. മഹ്‌മൂദ്, സോണ്‍ ചെയര്‍പേഴ്‌സണ്‍ ഫാറൂഖ് ഖാസ്മി, മുന്‍ പ്രസിഡണ്ടും ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണുമായ സി.എല്‍. റഷീദ്, ചാര്‍ട്ടര്‍ പ്രസിഡണ്ട് ജലീല്‍ കക്കണ്ടം, മുന്‍ ട്രഷറര്‍ അഷ്‌റഫ് ഐവ, പബ്ലിക് റിലേഷന്‍സ് ചെയര്‍പേഴ്‌സണ്‍ ശിഹാബ് ടി., സര്‍വീസ് ചെയര്‍പേഴ്‌സണ്‍ ആരിഫ് തളങ്കര, അഷ്‌റഫ് സി.എ. ഡയറക്ടര്‍ മുജീബ് അഹ്‌മദ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it