തുനീഷ്യയുടെ ഓന്‍സ് ജബീര്‍; വിംബിള്‍ഡണ്‍ ടെന്നീസ് പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് വനിത

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് വനിതയായി തുനീഷ്യന്‍ താരം ഓന്‍സ് ജബീര്‍. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ ഗാര്‍ബെയ്ന്‍ മുഗുറുസെയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അവസാന പതിനാറില്‍ കടന്നത്. ആദ്യ സെറ്റില്‍ പിന്നിട്ട് നിന്ന ജബീര്‍ രണ്ട് മണിക്കൂര്‍ 26 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍ (5-7, 6-3, 6-2). രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം വീനസ് വില്യംസിനെയും ഈ […]

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് വനിതയായി തുനീഷ്യന്‍ താരം ഓന്‍സ് ജബീര്‍. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ ഗാര്‍ബെയ്ന്‍ മുഗുറുസെയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അവസാന പതിനാറില്‍ കടന്നത്. ആദ്യ സെറ്റില്‍ പിന്നിട്ട് നിന്ന ജബീര്‍ രണ്ട് മണിക്കൂര്‍ 26 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍ (5-7, 6-3, 6-2).

രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം വീനസ് വില്യംസിനെയും ഈ 26 കാരി തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ഇഗ സ്വിയാറ്റെക് ആണ് അടുത്ത മത്സരത്തില്‍ ജബീറിന്റെ എതിരാളി. 'അവള്‍ അതിര്‍ വരമ്പുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. അവള്‍ ചെയ്യുന്നതെന്തും അവരുടെ രാജ്യത്ത് ആദ്യമായി ചെയ്യുകയാണ് അവര്‍. ഞാനുള്‍പ്പെടെ ഒരുപാട് പേര്‍ക്ക് പ്രചോദനമാണ് അവള്‍' - ഓന്‍സ് ജബീറിനെ കുറിച്ച് വീനസ് വില്യംസിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

അതിനിടെ ലോക ഒന്നാം നമ്പര്‍ താരവും ഒന്നാം സീഡുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് പുരുഷ സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വിംബിള്‍ഡണില്‍ തന്റെ 75-ാം ജയം സ്വന്തമാക്കിയ ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍ 114-ാം റാങ്കുകാരനായ അമേരിക്കയുടെ ഡെനിസ് കുഡിയയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-3, 7-6. പ്രീ ക്വാര്‍ട്ടറില്‍ 20-ാം റാങ്കുകാരനായ ക്രിസ്റ്റ്യന്‍ ഗാരിനാണ് ജോക്കോവിച്ചിന്റെ എതിരാളി.

അതേ സമയം മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടണിന്റെ ആന്‍ഡി മറെ മൂന്നാം റൗണ്ടില്‍ പുറത്തായി. കാനഡയുടെ ഡെനിസ് ഷപ്പോവലോവാണ് മറയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. രണ്ട് മണിക്കൂറും 36 മിനിറ്റും നീണ്ട മത്സരത്തില്‍ 6-4, 6-2, 6-2 എന്ന സ്‌കോറിനായിരുന്നു കനേഡിയന്‍ താരത്തിന്റെ ജയം.

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ഇന്ത്യയുടെ തന്നെ രാംകുമാര്‍ രാമനാഥന്‍-അങ്കിത റെയ്‌ന സഖ്യത്തെയാണ് തോല്‍പിച്ചത്. സ്‌കോര്‍ 6-2, 7-6. വനിതാ ഡബിള്‍സില്‍ സാനിയ സഖ്യം കഴിഞ്ഞ ദിവസം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു.

Related Articles
Next Story
Share it