ഈ വെള്ളി രേഖകള്‍ ആ കറുത്ത പാടിനെ മായ്ക്കുമോ...

ഏതാണ്ട് 25 വര്‍ഷമായി, കാസര്‍കോടിന്റെ മനസില്‍ മായാത്ത ഒരു കളങ്കമായി ആ കറുത്ത അധ്യായമുണ്ടായിരുന്നു. 1998ലാണെന്നാണ് ഓര്‍മ്മ. കാസര്‍കോട് പത്രപ്രവര്‍ത്തക ഭവന സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം പ്രശസ്ത ഗായിക റിമിടോമിയെ കാസര്‍കോട്ട് കൊണ്ടുവരുന്നു. റിമിയാണെങ്കില്‍ അരങ്ങേറ്റത്തിന്റെ അലങ്കാരത്തില്‍ മലയാളികളുടെ ഹൃദയങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന കാലം. പത്രപ്രവര്‍ത്തക ഭവന സൊസൈറ്റി വലിയൊരു ചലഞ്ച് എന്ന നിലയ്ക്കാണ് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിമിടോമി നൈറ്റ് സംഘടിപ്പിക്കാനൊരുങ്ങിയത്. റിമിയുടെ പേരുള്ളത് കൊണ്ട് തന്നെ ടിക്കറ്റ് നല്ല നിലയില്‍ വിറ്റുപോയി. സ്റ്റേഡിയത്തില്‍ വന്‍ ഒരുക്കങ്ങളാണ് […]

ഏതാണ്ട് 25 വര്‍ഷമായി, കാസര്‍കോടിന്റെ മനസില്‍ മായാത്ത ഒരു കളങ്കമായി ആ കറുത്ത അധ്യായമുണ്ടായിരുന്നു. 1998ലാണെന്നാണ് ഓര്‍മ്മ. കാസര്‍കോട് പത്രപ്രവര്‍ത്തക ഭവന സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം പ്രശസ്ത ഗായിക റിമിടോമിയെ കാസര്‍കോട്ട് കൊണ്ടുവരുന്നു. റിമിയാണെങ്കില്‍ അരങ്ങേറ്റത്തിന്റെ അലങ്കാരത്തില്‍ മലയാളികളുടെ ഹൃദയങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന കാലം. പത്രപ്രവര്‍ത്തക ഭവന സൊസൈറ്റി വലിയൊരു ചലഞ്ച് എന്ന നിലയ്ക്കാണ് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിമിടോമി നൈറ്റ് സംഘടിപ്പിക്കാനൊരുങ്ങിയത്. റിമിയുടെ പേരുള്ളത് കൊണ്ട് തന്നെ ടിക്കറ്റ് നല്ല നിലയില്‍ വിറ്റുപോയി. സ്റ്റേഡിയത്തില്‍ വന്‍ ഒരുക്കങ്ങളാണ് പരിപാടിക്കുവേണ്ടി നടത്തിയത്.
ആ സുദിനം വന്നെത്തി. സ്റ്റേഡിയത്തിലേക്ക് ഗാനാസ്വാദകര്‍ ഒഴുകിയെത്തി. സംഘാടകര്‍ക്ക് സന്തോഷമായി. പക്ഷെ പരിപാടി ആരംഭിച്ച് അധികം വൈകാതെ ചില അപസ്വരങ്ങള്‍... ടിക്കറ്റെടുത്തുവന്ന കാണികള്‍ക്കിടയിലൂടെ ആരോക്കെയോ നുഴഞ്ഞു കയറി. അവര്‍ ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് തള്ളിവരാന്‍ ശ്രമിക്കുന്നു. പ്രശ്നമായി. പൊലീസ് ഇടപ്പെട്ടു. നുഴഞ്ഞുകയറിയ കാണികളില്‍ ചിലര്‍ വേദിയില്‍ കയറി റിമിടോമിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചു. ആകെ ബഹളം, നിലവിളി... പരിപാടി അലങ്കോലമാകാന്‍ അധികനേരം വേണ്ടിവന്നില്ല. നല്ലൊരു പരിപാടി ആസ്വാദിക്കാനായി കുടുംബസമേതം എത്തിയ നൂറുകണക്കിനാളുകള്‍ ചിതറിയോടി. കുട്ടികളടക്കം പലരും വീണു. കസേരകള്‍ തകര്‍ക്കപ്പെട്ടു. റിമി ടോമി കണ്ണീരോടെ മടങ്ങി. 'കാസര്‍കോട്ട് ഗായിക റിമി ടോമിക്ക് നേരെ കയ്യേറ്റം; മ്യൂസിക്കല്‍ നൈറ്റ് അലങ്കോലപ്പെട്ടു' എന്ന വലിയ തലക്കെട്ടില്‍ വാര്‍ത്ത നാടാകെ പരന്നു.
ഇതിന്റെ നാണക്കേട് കാസര്‍കോടിന് കാല്‍ നൂറ്റാണ്ട് കാലമാണ് പേറേണ്ടി വന്നത്.
റിമിടോമിയുടെ സംഗീതനിശ അലങ്കോലപ്പെട്ടതിന് ശേഷം കാസര്‍കോട്ട് വിപുലമായ തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കാന്‍ ആര്‍ക്കും ധൈര്യമില്ലാതെയായി. നല്ലൊരു പരിപാടിയെ കുറിച്ച് ആലോചിക്കുമ്പോഴേക്കും അലങ്കോലമായ റിമിടോമി നൈറ്റ് ആരെങ്കിലും മുന്നിലിടും. അതോടെ പരിപാടി വേണ്ടന്ന് തീരുമാനിക്കും. ഇതായിരുന്നു കുറെ കാലം കാസര്‍കോടിന്റെ സ്ഥിതി. എന്നാല്‍ കൂരിരുട്ടിലെ നക്ഷത്ര വെളിച്ചം പോലെ വല്ലപ്പോഴും പ്രഭ തൂകി കടന്നുപോയ ചില പരിപാടികള്‍ക്കെങ്കിലും കാസര്‍കോട് സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്. വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. കോവിഡിന് തൊട്ട്മുമ്പ് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്ത് അരങ്ങേറിയ, ഹുബാഷിക നൈറ്റ് കാസര്‍കോടിന്റെ ചരിത്രത്തില്‍ ഇടം നേടുന്ന ഒരു കലാവിരുന്നായി തുടക്കം കുറിച്ചുവെങ്കിലും നിശ്ചയിച്ച തീയ്യതി വരെ പരിപാടി നീണ്ടില്ല. കോവിഡ് വന്ന് അതിനെയും കൊണ്ടുപോയി. സിതാര അടക്കമുള്ള വലിയ പ്രതിഭകള്‍ വന്ന് പാടിയത് ഹൃദയം നിറഞ്ഞാണ് കാസര്‍കോട് വരവേറ്റത്.
ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട കാസര്‍കോട് തീയേട്രിക്സ് സൊസൈറ്റി ഒരു ചലഞ്ചുപോലെ, കാസര്‍കോടിനെ ഉണര്‍ത്താനായി നടത്തിയ ചില പരിപാടികളും ശ്രദ്ധിക്കപ്പെട്ടു. എല്ലാ രണ്ടാം ശനിയാഴ്ചയും നാടകവും നൃത്തവും പാട്ടുമൊക്കെയായി ചെറുതെങ്കിലും ചില പരിപാടികള്‍ അരങ്ങേറി. കാസര്‍കോട് തീയേട്രിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് വര്‍ഷം സ്ഥിരമായി പുതുവര്‍ഷത്തലേന്ന് അരങ്ങേറിയ ന്യൂഇയര്‍ ആഘോഷ പരിപാടിയും കാസര്‍കോട്ടെ ആസ്വാദകര്‍ ഏറ്റെടുത്തു. ന്യൂയര്‍ ആഘോഷം എന്ന സങ്കല്‍പം കാസര്‍കോടിന് ചിരപരിചിതമായി തുടങ്ങി. കൊച്ചിയിലൊക്കെ പാപ്പാഞ്ചിയെ കത്തിക്കുന്നത് പോലെ മിസ്റ്റര്‍ ഹേട്രഡിനെ (വെറിപ്പിന്റെ പ്രതീകത്തെ) കത്തിക്കുന്ന ചടങ്ങ് കാസര്‍കോടിന്റെ ഒരു അടയാളമായി രേഖപ്പെടുത്തപ്പെട്ടു. ഡോ. സജിത്ബാബു തിരുവനന്തപുരത്തേക്ക് മടങ്ങിയതോടെ ഒരുവര്‍ഷം ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് കലക്ടറായിരുന്ന കാലത്തും പുതുവര്‍ഷാഘോഷം അരങ്ങേറി. പിന്നീട് അതും നിന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് രാത്രി സൂഫിയാനാ സംഗീതവും ഗാനമേളയുമായി കോലായി കൂട്ടായ്മ വീണ്ടും പുതിവര്‍ഷ രാവിനെ അനുഭവഭേദ്യമാക്കി. അസ്സലായിരുന്നു പരിപാടി. സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ കാണികള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.
ഒരു ധൈര്യമൊക്കെ കാസര്‍കോട്ടുകാര്‍ക്കു വന്നുതുടങ്ങി. കലാവിരുന്നുകള്‍ ആസ്വദിക്കാന്‍ ഇവിടെ ആളുകളുണ്ടെന്നും എന്നാല്‍ അലങ്കോലമാകുമോ എന്ന ഭയം മൂലം പരിപാടി ഒരുക്കാന്‍ ആരും മുന്നോട്ട് വരാത്തതാണ് പ്രശ്നമെന്നും എല്ലാവരും തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു.
ഈ തിരിച്ചറിവിനിടയിലാണ് വണ്‍ എം എന്ന ഇവന്റ് കൂട്ടായ്മ കാസര്‍കോടിന് ഉജ്ജ്വലമായ ഒരു കലാവിരുന്നൊരുക്കാന്‍ മുന്നോട്ട് വന്നത്. വണ്‍ എം കാസര്‍കോട്ടുകാര്‍ക്ക് അത്ര സുപരിചിതമായിരുന്നില്ല. എന്നാല്‍ ഒരൊറ്റ രാവുകൊണ്ട് അവര്‍ കാസര്‍കോട്ടെ കലാസ്വാദകരുടെ ഹൃദയങ്ങളില്‍ കുടിയേറിക്കഴിഞ്ഞു. കാസര്‍കോട്ട് അടുത്ത കാലത്താണ് വണ്‍ എം ഇവന്റ് ഗ്രൂപ്പിന്റെ അരങ്ങേറ്റമുണ്ടായത്. തങ്ങളുടെ സംഘാടന പരിചയം സമൂഹത്തെയാകെ ബോധ്യപ്പെടുത്തണമെന്ന ചിന്തയില്‍ നിന്നാവാം കാസര്‍കോടിന് അവസ്മരണീയമായ ഒരു രാവ് സമ്മാനിക്കണമെന്ന് അവര്‍ ആഗ്രഹിച്ചത്. കുറേ നാളുകളായി അതിന് വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു. ഇതിനിടയിലാണ് മീഡിയ വണ്‍ ചാനലിന്റെ പതിനാലാം രാവ് ഗ്രാന്റ് ഫിനാലേക്ക് വേണ്ടി ചാനല്‍ അധികാരികള്‍ കാസര്‍കോടിനെ തിരഞ്ഞെടുക്കുന്നത്. വണ്‍ എം ഇവന്റ് കൂട്ടായ്മ മീഡിയാ വണ്ണിനോട് ചേര്‍ന്ന് നില്‍ക്കാനെത്തുന്നു. രണ്ട് ദിവസത്തെ പരിപാടി. ആദ്യദിവസം വണ്‍ എം മ്യൂസിക് നൈറ്റ്, രണ്ടാം നാളില്‍ പതിനാലാം രാവ് ഗ്രാന്റ് ഫിനാലെ. കരാറായി. മലയാള കലാസ്വാദകരുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച രമേഷ് പിഷാരടി വരാമെന്ന് ഏറ്റതോടെ എല്ലാം സെറ്റ്. മികച്ച ഗായകരെയും നര്‍ത്തകരെയും ബുക്ക് ചെയ്തു. ടിക്കറ്റ് വില്‍പ്പനയും തുടങ്ങി. സ്പോണ്‍സേഴ്‌സിനെ കണ്ടെത്താന്‍ അധികം വിയര്‍ക്കേണ്ടി വന്നില്ല. നവ സംരംഭകരായ ലിയോണ്‍ ബില്‍ഡേഴ്സും സിറ്റിഗോള്‍ഡ് ഡയമണ്ട്സ് ഫാഷന്‍ ജ്വല്ലറിയും കൈകോര്‍ത്തതോടെ വണ്‍ എം ടീമിന് ധൈര്യമായി. എങ്കിലും ഒരാശങ്ക ഇല്ലാതില്ലായിരുന്നു. ചെല്ലുന്നിടത്തൊക്കെ പലരും ആ പഴയ കറുത്ത ദിനം ഓര്‍മ്മിപ്പിക്കും; പണ്ട് അലങ്കോലമായ റിമിടോമി നൈറ്റ്. പലരും അതുപറഞ്ഞ് വണ്‍ എം കൂട്ടായ്മയിലെ ചെറുപ്പക്കാരുടെ മനസ്സില്‍ തീകൊള്ളിയിട്ടു. എങ്കിലും അവര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ഇങ്ങനെ മാറി നിന്നാല്‍ കാസര്‍കോട് വളരില്ല. കലാകാരന്‍മാര്‍ ഇങ്ങോട്ട് വരില്ല. നമുക്ക് എപ്പോഴും കൊച്ചിയിലോ കോഴിക്കോട്ടോ ചെന്ന് കലാപരിപാടികള്‍ കാണേണ്ട അവസ്ഥയായിരിക്കുമെന്ന് അവര്‍ ചിന്തിച്ചു. വണ്‍ എം ടീം ധൈര്യമായി തന്നെ പരിപാടി ഏറ്റെടുത്തു. ഏറ്റവും ആധുനികമായ രീതിയിലുള്ള വേദിയും മറ്റ് സൗകര്യങ്ങളുമൊരുക്കി. പരിപാടിക്ക് കാണികള്‍ തടിച്ചുകൂടി. കാണികള്‍ എന്നു പറഞ്ഞാല്‍ നാലുഭാഗത്ത് നിന്നും ഒഴുകിയെത്തിയ വന്‍ജനക്കൂട്ടം. സീറ്റുകള്‍ തികയാതെ വന്നു. ഇവിടെയും ചിലര്‍ മതില് ചാടി നുഴഞ്ഞുകയറാതിരുന്നില്ല. എന്നാല്‍ അവരെയൊക്കെ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. അവതാരകരും മുഖ്യ സ്‌പോണ്‍സര്‍മാരിലൊരാളായ അബ്ദുല്‍ കരീം കോളിയാടും അടക്കമുള്ളവര്‍ മൈക്കെടുത്ത് കാസര്‍കോടിന്റെ സംഗീതരാവുകള്‍ അലങ്കോലമാകാതെ മനോഹരമായി നടത്തിത്തീര്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും ശാന്തം.
സാങ്കേതികമായ ചില പോരായ്മകള്‍ ഇല്ലാതിരുന്നില്ല. നേരിയ ചില അപസ്വരങ്ങളും ഉയര്‍ന്നുകേട്ടു. എങ്കിലും സെലിബ്രിറ്റി ഗസ്റ്റായി നടനും സംവിധായകനുമായ രമേശ് പിഷാരടിയുടെ സാന്നിധ്യവും പ്രശസ്ത നര്‍ത്തകി അന്ന പ്രകാശിന്റെയും സംഘത്തിന്റെ നൃത്തവും കണ്ണൂര്‍ സലീം കുടുംബാംഗങ്ങളായ സജിലയും സജിനിയും സലീലും ബിലാല്‍ കീയും അടക്കമുള്ളവര്‍ ചേര്‍ന്നവതരിപ്പിച്ച ഗാനമേളയും കൗമാരക്കാരുടെ ഹൃദയതാളമായ ബേബി ജീനും ഡാബ്‌സിയും സൃഷ്ടിച്ചുവിട്ട ആവേശത്തിരയും റിബിന്‍ റിച്ചാര്‍ഡിന്റെ മനോഹരമായ ഡിജെ പ്രകടനവും കാണികള്‍ ആര്‍ത്തുല്ലസിച്ചാണ് ആസ്വദിച്ചത്. മെലഡി ഇനങ്ങള്‍ക്ക് പകരം അടിപൊളി പരിപാടികളായിരുന്നു ഏറെയുമെന്ന പരാതി ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. ഈ പരാതിയെ അസ്ഥാനത്താക്കുന്നതായി പിറ്റേന്ന് രാത്രി ഇതേ സ്റ്റേഡിയത്തില്‍ അരങ്ങേറിയ പതിനാലാം രാവ് ഗ്രാന്റ് ഫിനാലെ. ഇശല്‍ തനിമയുള്ള മാപ്പിളപ്പാട്ടുകളുമായി മത്സരാര്‍ത്ഥികള്‍ സംഗീതമഴ വര്‍ഷിച്ചു. ആ മഴയില്‍ കാസര്‍കോട് നിറഞ്ഞുകുളിച്ചു. കടല്‍പോലെ പരന്നുകിടന്ന കാണികള്‍ ശാന്തമായിരുന്നു. അഫ്‌സലിന്റെയും മൃദുത വാര്യരുടെയും ബാപ്പു വെള്ളിപ്പറമ്പിന്റെയും ബെന്‍സീറയുടെയുമൊക്കെ സാന്നിധ്യവും മാപ്പിളപ്പാട്ടിന്റെ തേനിശല്‍ വര്‍ഷിച്ച മത്സരാര്‍ത്ഥികളുടെ മികച്ച പ്രകടനവും കാസര്‍കോടിന് ഏറെ ആസ്വാദ്യകരമായി. കൊടുവള്ളിയില്‍ നിന്നെത്തിയ സിതാര ഒന്നാം സ്ഥാനം നേടി വാഗണര്‍ കാറുമായി മടങ്ങി.
കാസര്‍കോടിന് ഏറെക്കാലം ഓര്‍മ്മിക്കാവുന്ന മനോഹരമായ രണ്ട് രാവുകളാണ് അരങ്ങേറിയത്. ഇനിയും ഇവിടെ കലയുടെ പുതുമഴകള്‍ പെയ്യട്ടെ. കാസര്‍കോട് ആ മഴയില്‍ കുളിച്ച് രസിക്കട്ടെ.


-ടി.എ ഷാഫി

Related Articles
Next Story
Share it