ഇതുപോലൊരമ്മയെ ഇനിയെന്നു കാണും?

'നമസ്‌ക്കാരം സാര്‍...ഇവിടെ എല്ലാവര്‍ക്കും സുഖം. അവിടെ സാറിനും കുടുംബത്തിനും സുഖമാണെന്ന് കരുതുന്നു.' കൊറോണ ലോക്ക്ഡൗണ്‍ കാലത്ത്, 2020 ഏപ്രില്‍ 12ന് ടീച്ചര്‍, അല്ല നമ്മുടെയെല്ലാം അമ്മ എനിക്കയച്ച വാട്ട്‌സാപ്പ് സന്ദേശമായിരുന്നു മുകളില്‍ പരാമര്‍ശിച്ചത്. അവര്‍ എന്തിനാണ് എന്നെ സാര്‍ എന്ന് സംബോധന ചെയ്തത്. ഞാന്‍ അവരുടെ മകനല്ലെ, ഗോപിയല്ലേ? എന്റെ അമ്മയും 1934ലാണ് ജനിച്ചത്. ഏതാണ്ട് ഇതേ പോലുള്ള ഒരു അന്ത്യമാണ് ഒക്ടോബറില്‍ എന്റെ അമ്മയ്ക്കും സംഭവിച്ചത്. സ്വകാര്യ ആസ്പത്രിയില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റി. മൂന്ന് […]

'നമസ്‌ക്കാരം സാര്‍...ഇവിടെ എല്ലാവര്‍ക്കും സുഖം. അവിടെ സാറിനും കുടുംബത്തിനും സുഖമാണെന്ന് കരുതുന്നു.' കൊറോണ ലോക്ക്ഡൗണ്‍ കാലത്ത്, 2020 ഏപ്രില്‍ 12ന് ടീച്ചര്‍, അല്ല നമ്മുടെയെല്ലാം അമ്മ എനിക്കയച്ച വാട്ട്‌സാപ്പ് സന്ദേശമായിരുന്നു മുകളില്‍ പരാമര്‍ശിച്ചത്. അവര്‍ എന്തിനാണ് എന്നെ സാര്‍ എന്ന് സംബോധന ചെയ്തത്. ഞാന്‍ അവരുടെ മകനല്ലെ, ഗോപിയല്ലേ? എന്റെ അമ്മയും 1934ലാണ് ജനിച്ചത്. ഏതാണ്ട് ഇതേ പോലുള്ള ഒരു അന്ത്യമാണ് ഒക്ടോബറില്‍ എന്റെ അമ്മയ്ക്കും സംഭവിച്ചത്. സ്വകാര്യ ആസ്പത്രിയില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റി. മൂന്ന് ദിവസം വെന്റിലേറ്ററില്‍ കലൂര്‍ പി.വി.എസ് ആസ്പത്രിയില്‍. എന്തായിരുന്നിരിക്കണം അവരുടെ മാനസികാവസ്ഥ. ഓര്‍ക്കുമ്പോള്‍ കിടിലം കൊള്ളുന്നു. ഒടുവില്‍ കൊറോണ പ്രോട്ടോകോള്‍ പ്രകാരം കലൂര്‍ ശാന്തി കവാടത്തില്‍ സംസ്‌ക്കാരം നടത്തിയത് സന്നദ്ധ പ്രവര്‍ത്തകള്‍.
***
നൂറുകോടി പ്രണാമം. ചെറുപ്പത്തില്‍ തന്നെ സാഹിത്യ രംഗത്തേക്ക് ആകൃഷ്ടയായ സഹോദരി ശോഭന കാഞ്ഞങ്ങാടിന് പ്രതിസന്ധിഘട്ടത്തില്‍ അത്താണി ആയത് സുഗതകുമാരി ടീച്ചറാണ്. അങ്ങനെയാണ് ടീച്ചര്‍ എനിക്ക് അമ്മയാകുന്നത്. ശോഭനയ്ക്ക് അഭയം നല്‍കി ദൈവത്തെ പോലെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ അമ്മ എനിക്കെന്നും അമ്മയായിരുന്നു. സുഗതകുമാരി അമ്മയുടെ മെസേജിന് മറുപടിയായി പ്രകൃതിയെ മറന്ന് ഒന്നും ചെയ്യരുതെന്ന പാഠം ഓര്‍ച്ചിപ്പിക്കുകയാണ് കൊറോണക്കാലം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഒരു പുഞ്ചിരിയിലും ഒരു തൊഴുകയ്യിലുമൊതുക്കി അവര്‍. ടീച്ചറുടെ ആരോഗ്യം നന്നായിരിക്കുന്നല്ലോ ജഗദീശ്വരന് നന്ദി എന്നും ഞാന്‍ പറഞ്ഞുവെച്ചു. സുഗതകുമാരി ടീച്ചര്‍ എല്ലാവര്‍ക്കും അത്താണിയാണ്. പ്രകൃതിയെ നിഷ്‌കരുണം കീറി മുറിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വേദന കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും നമ്മെ നൊമ്പരപ്പെടുത്തുന്നു. അവരുടെ മുഖത്തിലെ ദൈന്യത അതാണ് വിളിച്ചോതുന്നത്. സഹോദരിയിലൂടെയാണ് ഞാന്‍ അവരുമായി അടുത്തത്. കാസര്‍കോട്ടെ പരിപാടിയിലേക്ക് അവരെ ക്ഷണിച്ച് വരുത്താന്‍ എനിക്ക് ഭാഗ്യമുണ്ടായി. മൂന്ന് തവണ അഭയ കേന്ദ്രത്തിലും അത്താണിയില്‍ വെച്ചും അവരെ കാണാന്‍ ഭാഗ്യം ഉണ്ടായി. സുഗതകുമാരി ടീച്ചറുടെ കാസര്‍കോട്ടെ കയ്യൊപ്പ് കേരളപ്പിറവി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2006 ഡിസംബര്‍ 3ന് ടീച്ചര്‍ കാസര്‍കോട് വന്നിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പെര്‍ള നളന്ദ കോളേജില്‍ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാനും ആരോഗ്യപ്രശ്‌നങ്ങളും എന്ന ഏകദിന സെമിനാര്‍ അവര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.നാരായണന്‍ മാസ്റ്റര്‍, എന്റെ സഹപ്രവര്‍ത്തകനും എന്‍ഡോസള്‍ഫാന്‍ മുന്നണി പോരാളിയും സാഹിത്യകാരനും സിനിമാ സംവിധായകനുമായ പ്രൊഫ.എം.എ.റഹ്‌മാന്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. തേന്മാവ് നട്ടു. പിന്നീട് കാസര്‍കോട് പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച തണല്‍ മരം സംരക്ഷണ പരിപാടിയില്‍ ബിഗ് ബസാറിന് എതിര്‍ വശത്ത് റോഡരികില്‍ തേന്‍മാവ് നട്ടു. മാവ് വളര്‍ന്നു, പൂത്ത്, കായ്ച്ച് ടീച്ചറുടെ ഓര്‍മ നിലനിര്‍ത്തി ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. അന്ന് പീപ്പിള്‍സ്ഫോറം പ്രസിഡണ്ട് പരേതനായ കെ.എസ്.ഇ.ബി. മുന്‍ ചീഫ് എഞ്ചിനീയര്‍ ഇ രാഘവന്‍ നായരായിരുന്നു. സാമൂഹ്യദ്രോഹികള്‍ വിഷം കുത്തിവെച്ച് നശിപ്പിക്കാന്‍ തുനിഞ്ഞ മൂന്ന് തണല്‍ മരങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ പ്രൊഫ. ടി.സി.മാധവപ്പണിക്കരുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് ഫോറം പട നയിച്ചിരുന്നു. ജില്ലാ ഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. രണ്ട് മരങ്ങള്‍ രക്ഷപ്പെട്ടു. അതിനടുത്താണ് 3.12.2006ല്‍ തേന്മാവ് നട്ടത്. പിന്നീട് തണല്‍ മരങ്ങള്‍ ഒപ്പ് മരമായി മാറിയത് ഐതിഹാസികമായ എന്‍ഡോസള്‍ഫാന്‍ സമര കാലഘട്ടത്തിലായിരുന്നു. തേന്മാവ് നട്ടുനനച്ചത് ബസ്സ്റ്റാന്റിനടുത്തുള്ള പ്രകൃതി സ്‌നേഹികളായ ഓട്ടോ ഡ്രൈവര്‍മാരാണ്. ടീച്ചറോടുള്ള ആദര സൂചകമായി ഈ മാവ് സംരക്ഷിക്കേണ്ടത് അധികൃതരുടെ ചുമതലയാണ്. അത് നിറവേറ്റും എന്ന് പ്രത്യാശിക്കുന്നു. പിന്നീട് ടീച്ചര്‍ കാസര്‍കോട് വന്നത് കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യ വേദിയുടെ പരിപാടിക്ക് വേണ്ടിയാണ്. ആ അവസരത്തില്‍ പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തകനും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. ഇ.കുഞ്ഞികൃഷ്ണന്റെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ പരേതനായ ഇ. രാഘവന്‍ നായരുടെയും ബാര ഗ്രാമത്തിലെ മുതിര വളപ്പിലെ വീട്ടിലായിരുന്നു ഉച്ച ഭക്ഷണം. ഡോ.അംബികാസുതനും ഞാനും എന്‍ഡോസള്‍ഫാന്‍ മുന്നണിപ്പോരാളിയുമായ ലീലാകുമാരി അമ്മയും അവരുടെ കൂടെ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് മഹാകവി പി. സ്മാരക മന്ദിര പരിസരത്ത് സുഗതകുമാരി ടീച്ചറുടെ ഓര്‍മകള്‍ തങ്ങി നില്‍ക്കുന്നു. 2010 നവംബര്‍ 30ന് ടീച്ചര്‍ പി. സ്മാരകം സന്ദര്‍ശിച്ചിരുന്നു. സ്മാരക പരിസരത്ത് അവര്‍ നട്ട നെല്ലിമര തൈ ഇന്ന് വളര്‍ന്ന് വലുതായിരിക്കുന്നു. അവിടത്തെ സന്ദര്‍ശക ഡയറിയില്‍ അവര്‍ മഹാകവി കുഞ്ഞിരാമന്‍ നായരെ കുറിച്ച് എഴുതി കയ്യൊപ്പ് ചാര്‍ത്തി.
സ്വാതന്ത്ര്യ സമരസേനാനി, ഗാന്ധിയന്‍ കമ്യൂണിസ്റ്റ് പരേതനായ കെ.മാധവന്‍ പി.സ്മാരക സമിതി പ്രസിഡണ്ടും ഞാന്‍ ജനറല്‍ സെകട്ടറിയുമായിരുന്നു ആ സമയത്ത്. പി.യുടെ പ്രകൃതി സ്‌നേഹത്തെ കുറിച്ച് വാനോളം പുകഴ്ത്തി ആ അമ്മ.
കേരള ശ്രീകോവിലിന്റെ ഗോപുരം കാത്ത കവിയാണ് പി.കുഞ്ഞിരാമന്‍ നായര്‍ എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഈ മഹാസ്ഥാപനത്തിന് ഭഗവദ് അനുഗ്രഹം നേരുകയും ചെയ്തു മലയാളത്തിന്റെ ഈ പ്രിയപ്പെട്ട അമ്മ.
എന്റെ പ്രിയപ്പെട്ട സുഗതകുമാരി അമ്മ നമ്മെ വിട്ടു പോയല്ലോ. ഇനി എന്ന് ലഭിക്കും ഇത് പോലൊരു അമ്മയെ നമുക്ക്.

Related Articles
Next Story
Share it