ഈ മനോഹര തീരത്ത് വരുമോ

നമ്മുടെ നാടിന് മതിയാവോളം പ്രകൃതി സൗന്ദര്യം ദൈവം വാരിക്കോരി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവുമധികം നദികള്‍ ഉള്ള ജില്ല. പുഴയും കടലും കെട്ടിപ്പുണഞ്ഞ് നില്‍ക്കുന്ന മനോഹര കാഴ്ച്ച. പുഴയും അപൂര്‍വ്വ പക്ഷികളുടെ സങ്കേതമായ കണ്ടല്‍ കാടുകള്‍... ഇതൊക്കെ ഇവിടെ കാസര്‍കോട് നഗരത്തിന് കയ്യെത്തും ദൂരത്ത് തന്നെ. പണം മുടക്കി കൊടൈക്കനാലും ഊട്ടിയും മൂന്നാറും പോകുന്നവരെ ഇവിടെക്ക് ആകര്‍ഷിപ്പിക്കാനാവില്ലേ..? ചെറുതായി മനസ് വെച്ചാല്‍... നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നമുക്ക് നെല്ലിക്കുന്ന് ബീച്ചിലേക്ക് എത്താം. ഇപ്പോള്‍ ഒഴിവ് ദിനങ്ങളില്‍ […]

നമ്മുടെ നാടിന് മതിയാവോളം പ്രകൃതി സൗന്ദര്യം ദൈവം വാരിക്കോരി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവുമധികം നദികള്‍ ഉള്ള ജില്ല. പുഴയും കടലും കെട്ടിപ്പുണഞ്ഞ് നില്‍ക്കുന്ന മനോഹര കാഴ്ച്ച. പുഴയും അപൂര്‍വ്വ പക്ഷികളുടെ സങ്കേതമായ കണ്ടല്‍ കാടുകള്‍... ഇതൊക്കെ ഇവിടെ കാസര്‍കോട് നഗരത്തിന് കയ്യെത്തും ദൂരത്ത് തന്നെ. പണം മുടക്കി കൊടൈക്കനാലും ഊട്ടിയും മൂന്നാറും പോകുന്നവരെ ഇവിടെക്ക് ആകര്‍ഷിപ്പിക്കാനാവില്ലേ..? ചെറുതായി മനസ് വെച്ചാല്‍...
നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നമുക്ക് നെല്ലിക്കുന്ന് ബീച്ചിലേക്ക് എത്താം. ഇപ്പോള്‍ ഒഴിവ് ദിനങ്ങളില്‍ മാത്രമല്ല എല്ലാ ദിവസവും കടലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ അസ്തമയ സൂര്യനെ കാണാന്‍ നൂറുക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്. ലൈറ്റ് ഹൗസിന് മുന്‍വശം നഗരസഭ നേരത്തെ ചുറ്റുമതില്‍ കെട്ടി സന്ദര്‍ശകര്‍ക്കായി ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു. പക്ഷേ അതെല്ലാം ഇന്ന് ചിലര്‍ തകര്‍ത്തിരിക്കുകയാണ്. ഇവിടെ നിന്ന് കടപ്പുറത്തേക്ക് സന്ദര്‍ശകര്‍ക്ക് ഇറങ്ങാനായി പടവുകള്‍ നിര്‍മ്മിച്ചിരുന്നുവെങ്കിലും ഏതാനും വര്‍ഷം മുമ്പ് കടല്‍ കലിതുള്ളിയെത്തി അത് കവര്‍ന്നെടുക്കുകയായിരുന്നു. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മനോഹരമായ ചേരങ്കൈ ബീച്ചിലെത്താം. വലിയ ബഹളങ്ങളില്ലാതെ സ്വസ്ഥമായി കടപ്പുറത്ത് കിടക്കാം. വലിയ തെങ്ങിന്‍ തോപ്പുകള്‍. നട്ടുച്ചയ്ക്ക് പോലും തണല്‍ വിരിച്ചുറങ്ങുന്ന മണല്‍. ഇവിടെ ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ പിന്നീട് വരാതിരിക്കില്ല. പിറക് വശത്താവട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും. സന്ദര്‍ശകര്‍ കടലില്‍ കളിക്കാനും കുളിക്കാനും ഇറങ്ങി അപകടത്തില്‍പെട്ടാല്‍ ഇവരെ രക്ഷപ്പെടുത്താനുള്ള സംവിധാനങ്ങളൊന്നുമില്ല. ചായയോ ഒരു ഐസ്‌ക്രീം കഴിക്കണമെന്ന് തോന്നിയാല്‍ രക്ഷയില്ല. നിര്‍ദ്ദിഷ്ട ഹാര്‍ബറിലേക്ക് ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ പോയാല്‍ എത്താം. എവിടെയും കാണാത്ത മനോഹരമായ കാഴ്ച്ച. നങ്കുരമിട്ട് ആടിയാടുന്ന മത്സ്യബന്ധന ബോട്ടുകള്‍. ഇവിടെ നിന്നാല്‍ മറുകരയിലെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ്, തളങ്കര തീരദേശ പൊലീസ് സ്റ്റേഷന്‍ തുടങ്ങി നിരവധി കാഴ്ച്ചകള്‍ കാണാം. അതൊക്കെ നമ്മളെ മാടി വിളിക്കുകയാണെന്ന് തോന്നിപ്പോകും ഇവിടെയും സന്ദര്‍ശകര്‍ എത്തുന്നുണ്ടെങ്കിലും സുരക്ഷിതത്വം ഇല്ല. ടൂറിസം വകുപ്പ് മനസ് വെച്ചാല്‍ ബോട്ട് സര്‍വ്വീസ് നടത്തി വരുമാനമുണ്ടാക്കാം. അതോടെ സദര്‍ശകരുടെ ഒഴുക്കാവും.
മുന്‍ നഗരസഭാ ചെയര്‍മാനായിരുന്ന ടി.ഇ.അബ്ദുല്ല തായലങ്ങാടിയിലെ നഗരസഭയുടെ സിവ്യൂ പാര്‍ക്കില്‍ നിന്ന് കടപ്പുറത്തേക്ക് സന്ദര്‍ശകര്‍ക്ക് എത്താനായി ഒരു തൂക്കുപാലം നിര്‍മ്മിക്കാന്‍ ആലോചിച്ചിരുന്നു. ഇത് എവിടെയോ ഉറങ്ങുകയാണിപ്പോഴും.

Related Articles
Next Story
Share it