ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി സ്‌കൂള്‍ കോമ്പൗണ്ടിനടുത്ത് ഒളിപ്പിച്ച കേസില്‍ ഭാര്യക്കും കാമുകനും ജീവപര്യന്തം

മംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളിയ കേസില്‍ പ്രതികളായ ഭാര്യക്കും കാമുകനും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മൂഡുബിദ്രി കുക്കുടക്കാട്ടെ മൂടുകോനാജെയില്‍ മമത എന്ന അശ്വിനി, കാമുകന്‍ ആനന്ദ് മേര എന്നിവരെയാണ് ശിക്ഷിച്ചത്. ബണ്ട്വാള്‍ താലൂക്കിലെ കേദില പേരമോഗുരുവിലെ ജയരാജിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. മംഗളൂരുവില്‍ ജോലിചെയ്തിരുന്ന ജയരാജ് 2014ലാണ് അശ്വിനിയെ വിവാഹം ചെയ്തത്. 2015ല്‍ അശ്വിനി പ്രസവത്തിനായി സ്വന്തം വീട്ടില്‍ പോകുകയും പിന്നീട് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും […]

മംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളിയ കേസില്‍ പ്രതികളായ ഭാര്യക്കും കാമുകനും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മൂഡുബിദ്രി കുക്കുടക്കാട്ടെ മൂടുകോനാജെയില്‍ മമത എന്ന അശ്വിനി, കാമുകന്‍ ആനന്ദ് മേര എന്നിവരെയാണ് ശിക്ഷിച്ചത്. ബണ്ട്വാള്‍ താലൂക്കിലെ കേദില പേരമോഗുരുവിലെ ജയരാജിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. മംഗളൂരുവില്‍ ജോലിചെയ്തിരുന്ന ജയരാജ് 2014ലാണ് അശ്വിനിയെ വിവാഹം ചെയ്തത്. 2015ല്‍ അശ്വിനി പ്രസവത്തിനായി സ്വന്തം വീട്ടില്‍ പോകുകയും പിന്നീട് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഈ കാലയളവില്‍ അശ്വിനി നാട്ടുകാരനായ ആനന്ദ് മേരയുമായി പ്രണയത്തിലായിരുന്നു. ഇതേ ചൊല്ലി ജയരാജും അശ്വിനിയും തമ്മില്‍ കലഹം പതിവായിരുന്നു. 2016 സെപ്റ്റംബര്‍ 13ന് സ്വന്തം വീട്ടിലായിരുന്ന അശ്വിനി മറ്റാരും ഇല്ലാത്ത സമയത്ത് ജയരാജിനെ തന്ത്രപൂര്‍വം ഫോണില്‍ വിളിച്ചുവരുത്തി. ഇക്കാര്യം യുവതി നേരത്തെ ആനന്ദ് മേരയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ആനന്ദ് മേരയുടെ സഹായത്തോടെ അശ്വിനി ജയരാജിനെ കൊലപ്പെടുത്തുകയും മൃതദേഹം ചാക്കില്‍ കെട്ടി വീടിന്റെ പിന്‍വശത്തുള്ള സ്‌കൂള്‍ കോമ്പൗണ്ടിനടുത്ത് ഒളിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ഭര്‍ത്താവിനെ ആരോ തട്ടിക്കൊണ്ടുപോയെന്ന്കാണിച്ച് അശ്വിനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അശ്വിനിയും കാമുകനും ശബ്ദം മാറ്റി ജയരാജിന്റെ അമ്മയെ പുതിയ സ്വിം ഉപയോഗിച്ചുള്ള ഫോണില്‍ വിളിക്കുകയും തങ്ങള്‍ക്ക് ജയരാജ് പണം നല്‍കാനുള്ളതിനാല്‍ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. അജ്ഞാതസംഘം ജയരാജിനെ തട്ടിക്കൊണ്ടുപോയെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഈ പദ്ധതി. എന്നാല്‍ പൊലീസ് ജയരാജിന്റെ മൃതദേഹം കണ്ടെത്തുകയും തുടര്‍ അന്വേഷണത്തിലൂടെ അശ്വിനിയുടെയും കാമുകന്റെയും പദ്ധതി പൊളിക്കുകയുമായിരുന്നു. മൂഡുബിദ്രി പൊലീസ് ഇന്‍സ്പെക്ടര്‍ രാമചന്ദ്ര നായക്കാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കോടതി ഇരുവര്‍ക്കും ജീവപര്യന്തം തടവിന് പുറമെ 5000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസത്തെ അധിക തടവ് അനുഭവിക്കാനും ഉത്തരവിട്ടു. തെളിവ് നശിപ്പിച്ചതിന് 2000 രൂപ പിഴ ഈടാക്കി. ജയരാജിന്റെ അമ്മയ്ക്ക് 10,000 രൂപ നല്‍കാനും നിര്‍ദേശിച്ചു. ജയരാജിന്റെ മകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ നിയമ സേവന അതോറിറ്റിക്കും ജഡ്ജി നിര്‍ദേശം നല്‍കി.

Related Articles
Next Story
Share it