ഡി.സി.സി പ്രസിഡണ്ടിനെതിരായ പൊലീസ് അക്രമത്തില്‍ വ്യാപക പ്രതിഷേധം

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ ലാത്തിചാര്‍ജില്‍ ഡി.സി.സി പ്രസിഡണ്ടിന്റെ തലക്ക് പരിക്കേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം. കെ.പി.സി.സി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും നേരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നടക്കുന്ന സമരത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെയാണ് ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. ഉദ്ഘാടനത്തിന് ശേഷം പൊലീസിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും അതിനിടെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. അതോടെ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ […]

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ ലാത്തിചാര്‍ജില്‍ ഡി.സി.സി പ്രസിഡണ്ടിന്റെ തലക്ക് പരിക്കേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം. കെ.പി.സി.സി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും നേരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നടക്കുന്ന സമരത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെയാണ് ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. ഉദ്ഘാടനത്തിന് ശേഷം പൊലീസിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും അതിനിടെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. അതോടെ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് പി.കെ ഫൈസലിന് ലാത്തികൊണ്ടുള്ള അടിയേറ്റത്. തലക്ക് പരിക്കേറ്റ ഫൈസലിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം പൊലീസിനെ അക്രമിച്ചതിനും ദേശീയപാത ഉപരോധിച്ചതിനും ഡി.സി.സി പ്രസിഡണ്ട് അടക്കം 12 പേര്‍ക്കെതിരേയും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിന് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.
ഡി.സി.സി പ്രസിഡണ്ടിനെ അടിച്ചത് ഡി.വൈ.എസ്.പി പി.കെ സുധാകരനാണെന്നും ഒരു മുന്നറിയിപ്പുമില്ലാതെയാണ് മര്‍ദ്ദനമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആരോപിച്ചു. പ്രകോപിതരായാല്‍ ലാത്തിചാര്‍ജ് സ്വാഭാവികമാണെന്നും എന്നാല്‍ സര്‍ക്കാറിനെ പ്രീണിപ്പിക്കാനാണ് ഡി.വൈ.എസ്.പി അങ്ങനെ ചെയ്തതെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. അന്വേഷണം നടത്തി നടപടി എടുക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡണ്ടിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സി.ടി അഹമ്മദലി, കണ്‍വീനര്‍ എ. ഗോവിന്ദന്‍നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ആസ്പത്രിയില്‍ കഴിയുന്ന ഫൈസലിനെ യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.
സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേയും അഴിമതിക്കെതിരേയും നടക്കുന്ന സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം നടക്കില്ലെന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡണ്ടിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും അബ്ദുല്‍റഹ്‌മാന്‍ ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡണ്ടിന്റെ തലപൊട്ടിച്ച പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ പത്രകുറിപ്പില്‍ പറഞ്ഞു.
എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഡി.സി.സി പ്രസിഡണ്ടിനെ പൊലീസ് മര്‍ദ്ദിച്ചത് നീതീകരിക്കാനാവില്ലെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ഡി.സി.സി പ്രസിഡണ്ടിനെതിരായ പൊലീസ് അക്രമിത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍ തുടങ്ങിയവരും പ്രതിഷേധിച്ചു.

Related Articles
Next Story
Share it