ആരായിരുന്നു, അബ്ദുല്ല...?
നാട്ടുകാര്‍ക്കിടയില്‍ പാടാത്ത പാട്ടുകാരനായ, ഇശലിന്റെ തൊഴനായ എം. കെ. അബ്ദുല്ല എന്ന 'തനിമ' അബ്ദുല്ലയുടെ വിയോഗത്തിന് ഒകോബര്‍ 17ന് 8 വര്‍ഷം തികയുകയാണ്. എന്തോ വലിയ നഷ്ട ബോധം ഇന്നും മൊഗ്രാലില്‍ മുഴച്ചു നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അബ്ദുല്ലയുടെ അഭാവം മൂലം ഇന്ന് ഇശല്‍ ഗ്രാമത്തിന്റെ മണ്ണ് വരണ്ടുണങ്ങി വിണ്ടുകീറിയ വേദനയാണ് അനുഭവപ്പെടുന്നത്.ഇശല്‍ പൂക്കുന്ന നാടിന് വെള്ളവും വളവും നല്‍കി കടന്നു പോയ അബ്ദുല്ലയുടെ 'ജീവിത യാത്ര' എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തിയിരുന്നു. അബ്ദുല്ലയെ പുറം ലോകം അറിയുന്നതിനേക്കാള്‍ […]
നാട്ടുകാര്‍ക്കിടയില്‍ പാടാത്ത പാട്ടുകാരനായ, ഇശലിന്റെ തൊഴനായ എം. കെ. അബ്ദുല്ല എന്ന 'തനിമ' അബ്ദുല്ലയുടെ വിയോഗത്തിന് ഒകോബര്‍ 17ന് 8 വര്‍ഷം തികയുകയാണ്. എന്തോ വലിയ നഷ്ട ബോധം ഇന്നും മൊഗ്രാലില്‍ മുഴച്ചു നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അബ്ദുല്ലയുടെ അഭാവം മൂലം ഇന്ന് ഇശല്‍ ഗ്രാമത്തിന്റെ മണ്ണ് വരണ്ടുണങ്ങി വിണ്ടുകീറിയ വേദനയാണ് അനുഭവപ്പെടുന്നത്.ഇശല്‍ പൂക്കുന്ന നാടിന് വെള്ളവും വളവും നല്‍കി കടന്നു പോയ അബ്ദുല്ലയുടെ 'ജീവിത യാത്ര' എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തിയിരുന്നു. അബ്ദുല്ലയെ പുറം ലോകം അറിയുന്നതിനേക്കാള്‍ […]
നാട്ടുകാര്‍ക്കിടയില്‍ പാടാത്ത പാട്ടുകാരനായ, ഇശലിന്റെ തൊഴനായ എം. കെ. അബ്ദുല്ല എന്ന 'തനിമ' അബ്ദുല്ലയുടെ വിയോഗത്തിന് ഒകോബര്‍ 17ന് 8 വര്‍ഷം തികയുകയാണ്. എന്തോ വലിയ നഷ്ട ബോധം ഇന്നും മൊഗ്രാലില്‍ മുഴച്ചു നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അബ്ദുല്ലയുടെ അഭാവം മൂലം ഇന്ന് ഇശല്‍ ഗ്രാമത്തിന്റെ മണ്ണ് വരണ്ടുണങ്ങി വിണ്ടുകീറിയ വേദനയാണ് അനുഭവപ്പെടുന്നത്.
ഇശല്‍ പൂക്കുന്ന നാടിന് വെള്ളവും വളവും നല്‍കി കടന്നു പോയ അബ്ദുല്ലയുടെ 'ജീവിത യാത്ര' എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തിയിരുന്നു. അബ്ദുല്ലയെ പുറം ലോകം അറിയുന്നതിനേക്കാള്‍ എത്രയോ വ്യത്യസ്തനായ 'ബാലനാണ്' എന്ന് പറയാനാണ് എനിക്കിഷ്ടം. അത്രമേല്‍ ബന്ധം തന്നെയായിരുന്നു ഞങ്ങള്‍ തമ്മില്‍. പ്രവാസ ലോകത്തേക്ക് ഞാന്‍ പറിച്ചു നട്ടപ്പോള്‍ അകന്നു പോയി ആ ബന്ധം എന്നതാണ് എന്റെ നഷ്ടം.
ആരായിരുന്നു അബ്ദുല്ല? എന്റെ മുന്നിലെ ചോദ്യം അതാണ്. ചെറുപ്പത്തില്‍ ഞാന്‍ കണ്ടത് ഒരു പെയ്ന്റിംങ് തൊഴിലാളിയായാണ്. പിന്നീടുള്ളത് യാത്രയായിരുന്നു. ലക്ഷ്യ ബോധമില്ലാത്ത ജീവിത യാത്ര. കമ്മ്യൂണിസം തലക്ക് പിടിച്ച യാത്രക്കിടയില്‍ എപ്പോഴും നക്‌സല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കഥകള്‍ പറയുക പതിവാണ്. കര്‍ണാടകയില്‍ ദാര്‍വാഡും ഹുബ്ലിയും മറ്റു ഒരു പാട് സ്ഥലങ്ങളില്‍ കറങ്ങി നടന്നു. കുടുംബത്തെ കുറിച്ചുള്ള ചിന്തയില്‍ അത് ഉപേക്ഷിച്ച് നാട്ടിലെത്തി.
കമ്മ്യൂണിസവും കടന്നു നക്‌സലൈസവും പുല്‍കി പിന്നീട് സോഷ്യലിസത്തിലേക്ക് തിരിച്ചു നടന്നു രാഷ്ട്രീയക്കാരനുമായി. തോളില്‍ തുണി സഞ്ചി തൂക്കി നിറയെ പേനയുമായി കറക്കം. കൂടെ കാഞ്ഞങ്ങാട്ട് നിന്നുള്ള സായാഹ്ന പത്രത്തില്‍ എഴുത്തും വില്‍പ്പനയുമായി. ഒന്ന് രണ്ടു പത്രങ്ങളുമായി വൈകുന്നേരങ്ങളില്‍ സ്ഥിരം കൂടി കാഴ്ച. വായനക്കിടയില്‍ രാഷ്ട്രീയം, സംവാദം, തര്‍ക്കം ഇതൊക്കെ സ്ഥിരം പരിപാടി ആയി. എത്ര തര്‍ക്കിച്ചാലും എന്റെ എഴുത്തിന് കരുത്തേകി നല്ല പേനകള്‍ നിര്‍ബന്ധപൂര്‍വ്വം തരും. വിവാഹാനന്തരം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. പിന്നെ സഞ്ചാരം പാട്ടിന്റെ വഴികളില്‍. ഒരു മൂളിപ്പാട്ട് പോലും അറിയാത്ത അബ്ദുല്ല പാട്ടിന്റെ വഴിയേ തിരിഞ്ഞു. മനം നിറയെ പാട്ടുമായി താളം കൊട്ടി തിമിര്‍ത്തു. ഇശല്‍ ഗ്രാമത്തെ കൂടുതല്‍ പ്രശസ്തമാക്കിയ 'ഇശല്‍ ഗ്രാമം വിളിക്കുന്നു' ഡോക്യുമെന്ററിയുടെ ശില്‍പിയായി. പാട്ടറിയാത്ത ഞാനും പാട്ടു ഉത്സവങ്ങളില്‍ ഒന്നിച്ചു. ഒരു പാട് തവണ സംഘാടകനായി. പ്രശസ്തരും അല്ലാത്തവരുമായ തമിഴ് നാട്ടിലേയും കേരളത്തിലേയും നിരവധി കലാകാരന്മാരെ മൊഗ്രാലില്‍ എത്തിച്ചു. ഗാനമേളകളും മെഹഫില്‍ സദസ്സുകളും സംഘടിപ്പിച്ചു. മുംബൈയിലും ഗാനമേള സംഘടിപ്പിച്ചു. ഉന്നതരായ വ്യക്തികളുമായി ഉണ്ടാക്കിയ നല്ല ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി പരിപാടികള്‍ ആസൂത്രണം ചെയ്തു. 'വടക്കിന്റെ ഇശലുകള്‍' എന്ന പേരില്‍ പഴയ പാട്ടുകള്‍ കോര്‍ത്തിണക്കിയ പുസ്തകത്തിന് പിന്നിലും അബ്ദുല്ലയുടെ കയ്യൊപ്പ് പതിഞ്ഞു കാണാം.
തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ 'പായ കപ്പല്‍ പാട്ട് വണ്ടി'യില്‍ ഗായകരെ അണിനിരത്തിയത് അബ്ദുല്ലയുടെ ഒറ്റയാന്‍ വിപ്ലവമായിരുന്നു. ലാഭ നഷ്ടങ്ങള്‍ക്ക് അപ്പുറം ഒരാവേശമായിരുന്നു അതൊക്കെ. സ്വന്തം ജീവിതത്തെ ഓര്‍ക്കാതെ ജീവിച്ചു തീര്‍ക്കുകയായിരുന്നു അബ്ദുല്ല. ജീവിതത്തിന്റെ ആദ്യ കാല കഷ്ടതകള്‍ ഒരുപാട് തുറന്നു പറഞ്ഞിട്ടുണ്ട്. 'ഭക്ഷണത്തിന് കൊതിച്ച കാലത്ത് പണമില്ല..അല്പം സാമ്പത്തികമായി മെച്ചപ്പെട്ട കാലത്ത് ഭക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയും… ഇതാണ് ജീവിതമെന്ന്,' അമിതമായ മധുര പലഹാരങ്ങളെ വിലക്കുമ്പോള്‍ അബ്ദുല്ല പറയുമായിരുന്നു. കടുത്ത പ്രമേഹ രോഗാവസ്ഥയിലും കലയെയും കലാകാരന്മാരെയും ഏറെ സ്‌നേഹിച്ചു.
കലക്കും ഇശലിനും പിന്നാലെയുള്ള ഓട്ടത്തിനിടയില്‍ സമ്പാദ്യം ഒന്നുമുണ്ടായില്ല. എന്നാല്‍ അതിനേക്കാള്‍ അപ്പുറമുള്ള വലിയ സ്‌നേഹ സമ്പാദ്യമാണ് ലഭിച്ചതെന്ന് ആ വിയോഗത്തോടെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഫൈസല്‍ എളേറ്റില്‍ ഒരു പ്രമുഖ ചാനല്‍ പരിപാടിയില്‍ അബ്ദുല്ലയെ പ്രത്യേകമായി സ്മരിച്ചത് തന്നെ അത്തരം സ്‌നേഹ ബന്ധത്തിന്റെ ഉദാഹരണമാണ്. പെയ്തു തോരാത്ത മാപ്പിള പാട്ടിന്റെ ഈരടികള്‍ ഇശല്‍ ഗ്രാമത്തില്‍ എന്നെന്നും നിലനിര്‍ത്തുക എന്നത് അബ്ദുല്ലയുടെ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു.
അതിനുള്ള വേദിയായി തന്റെ ജീവിതം സമര്‍പ്പിച്ചു എന്ന് പറയുന്നത് അതിശയോക്തി അല്ല. മൊഗ്രാലില്‍ ഇന്ന് കാണുന്ന മോയിന്‍ കുട്ടി സ്മാരക മാപ്പിള കലാ അക്കാദമി ഉപ കേന്ദ്രം, എം.എസ് മൊഗ്രാല്‍ സ്മാരക വായനശാല എന്നിവയുടെ പിന്നില്‍ അബ്ദുല്ലയുടെ ശ്രമഫലമാണ് എന്നത് കുറിക്കപ്പെടെണ്ടത് തന്നെയാണ്. ഇശലില്‍ ചാലിച്ച ഒരുപാട് മറക്കാത്ത ഓര്‍മകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം…
-സെഡ് എ മൊഗ്രാല്‍