രവി ബന്തടുക്കയുടെ തെരഞ്ഞെടുത്ത കവിതകള്‍ വായിക്കുമ്പോള്‍...

രവി ബന്തടുക്കയുടെ രണ്ടാമത്തെ കവിതാ സമാഹാരത്തിന്റെ പേര് തെരഞ്ഞെടുത്ത കവിതകള്‍ എന്നാണ്. നീളം കുറയുന്ന ശരികള്‍ എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം. ഏറെ വൈകിയാണ് രവി ബന്തടുക്ക സാഹിത്യലോകത്തിലേക്ക് കടന്നുവന്നതെങ്കിലും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം മലയാളകാവ്യരംഗത്ത് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ്. പ്രപഞ്ചത്തിലെ ഏത് വിഷയത്തെ കുറിച്ചും മനോഹരമായി കവിതയെഴുതാന്‍ ഈ കവിക്ക് സാധിക്കുന്നു. മനുഷ്യപക്ഷത്തും പ്രകൃതിയുടെ പക്ഷത്തും നിലകൊണ്ടാണ് രവി ബന്തടുക്കയുടെ കവിതകള്‍ സംസാരിക്കുന്നത്. അഴിമതിക്കും വര്‍ഗീയതക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കുമെതിരെ അതിശക്തമായ വരികളിലൂടെ […]

രവി ബന്തടുക്കയുടെ രണ്ടാമത്തെ കവിതാ സമാഹാരത്തിന്റെ പേര് തെരഞ്ഞെടുത്ത കവിതകള്‍ എന്നാണ്. നീളം കുറയുന്ന ശരികള്‍ എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം. ഏറെ വൈകിയാണ് രവി ബന്തടുക്ക സാഹിത്യലോകത്തിലേക്ക് കടന്നുവന്നതെങ്കിലും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം മലയാളകാവ്യരംഗത്ത് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ്. പ്രപഞ്ചത്തിലെ ഏത് വിഷയത്തെ കുറിച്ചും മനോഹരമായി കവിതയെഴുതാന്‍ ഈ കവിക്ക് സാധിക്കുന്നു. മനുഷ്യപക്ഷത്തും പ്രകൃതിയുടെ പക്ഷത്തും നിലകൊണ്ടാണ് രവി ബന്തടുക്കയുടെ കവിതകള്‍ സംസാരിക്കുന്നത്. അഴിമതിക്കും വര്‍ഗീയതക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കുമെതിരെ അതിശക്തമായ വരികളിലൂടെ അദ്ദേഹത്തിന്റെ കവിതകള്‍ പോരാടിക്കൊണ്ടേയിരിക്കുകയാണ്. ചില കവിതകള്‍ വാക്കുകളുടെ സമുദ്രമാകുമ്പോള്‍ മറ്റുചില കവിതകള്‍ കാട്ടുതീയായി ആളിപ്പടരുന്നു. അതേ സമയം ശാന്തമായൊഴുകുന്ന പുഴപോലെയുള്ള കവിതകളുണ്ട്. ഇളം കാറ്റുപോലെ തലോടുന്ന കവിതകളും കൊടുങ്കാറ്റുപോലെ ആഞ്ഞുവീശുന്ന കവിതകളുണ്ട്. ഭൂമിയും ആകാശവും മണ്ണും മനുഷ്യനും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മൃഗങ്ങളും പക്ഷികളും എന്നുവേണ്ട പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും പ്രതീകങ്ങളാക്കി ജീവിതം പറയാനുള്ള അപാരമായ കഴിവ് രവി ബന്തടുക്കയില്‍ അന്തര്‍ലീനമാണെന്ന് തെളിയിക്കുന്നതാണ് ഈ സമാഹാരത്തിലെ കവിതകള്‍. തെരഞ്ഞെടുത്ത കവിതകള്‍ എന്ന സമാഹാരത്തിലെ കവിതകള്‍ ഓരോന്നും ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തവുമാണ്. തളിര്‍കിനാക്കള്‍, ന്യൂജനറേഷന്‍, പഥികന്‍, വഴിവിളക്ക്, വിലാപം, ഭാവങ്ങള്‍, ബഹറിന്റെ മണ്ണില്‍, അകവും പുറവും, രക്തച്ചാലുകള്‍, പലായനം, ചര്‍ക്ക, വിവേകാനന്ദന്‍, ജനാധിപത്യം, ബന്ധങ്ങളിലെ ചോര്‍ച്ച, അവകാശികള്‍, ചെണ്ടക്കൂറ്റ്, ഭിത്തികള്‍ മാറുന്ന പല്ലികള്‍, പല്ലിവിലാപം, സമഭാവന, ചിറകറ്റിടും പതംഗങ്ങള്‍, കടലിന്റെ രോദനം, കായ്ഫലങ്ങള്‍, വിശപ്പും കരുതലും, കറുത്ത പാടുകള്‍, നാടകം, മഴവില്ല്, ബോധിവൃക്ഷം വിളിക്കുന്നു, ഭൗമരോദനം, പതനം, ഒന്നിന്റെ മേന്‍മ, കരയടുത്ത നാളുകള്‍, നേരറിയാന്‍, ബലം, വ്യാപ്തി, മങ്ങാത്ത പ്രതീക്ഷകള്‍, ഓര്‍മകള്‍, ഇത്തിള്‍ കണ്ണികള്‍, കറവപ്പശു, സൗഹൃദം, നാളെയുടെ പ്രതീക്ഷ, ഇടം തേടുന്ന തവളകള്‍, വിതരണം, കാളയും കര്‍ഷകനും, മതിലുകള്‍, അപരാഹ്നത, തിരിച്ചറിവ്, കണ്ണാടി, കറക്കം, പ്രതികാരം, തിരിഞ്ഞുനോട്ടം, നവോത്ഥാന വീഥികള്‍, യാത്ര, മാറിയ പ്രകൃതി, ചിത്രരചന, തൊടുക്കുന്ന അമ്പുകള്‍, സാന്ത്വനസ്പര്‍ശം, നമുക്കറിയാന്‍, മഴയിലെ രേഖകള്‍, നാടിന്റെ രോദനം തുടങ്ങിയ കവിതകളാണ് സമാഹാരത്തിലുള്ളത്. നേരിന്റെ ഭാഗത്ത് നിന്നുകൊണ്ട് ഹൃദയത്തിന്റെ ഭാഷയില്‍ നിന്നാണ് രവി ബന്തടുക്കയുടെ കവിതകള്‍ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. വായനക്കാരനെ ഭാവനയുടെ ലോകത്ത് കൊണ്ടുപോയി അലസമായി മേയാന്‍ വിടുന്ന ഒരു കവിതയും എഴുതിയിട്ടില്ല. മറിച്ച് ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ ഓര്‍മപ്പെടുത്തി തിരിച്ചറിവിന്റെ വഴിയിലേക്ക് നയിക്കുന്ന ഈ കവിതകള്‍ ആ നിലയ്ക്ക് തന്നെ സാമൂഹ്യപ്രതിബദ്ധത എന്ന മഹത്തായ ദൗത്യം നിര്‍വഹിക്കുന്നു. അങ്ങനെ നാം ജീവിക്കുന്ന സമൂഹത്തിന്റെ സ്വത്തായി കവി മാറുകയാണ്.
ആരോഗ്യവകുപ്പില്‍ നിന്ന് സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി വിരമിച്ച രവി ബന്തടുക്ക മികച്ച ഗായകന്‍ കൂടിയാണ്. കാസര്‍കോട് സര്‍ഗസാഹിതി പ്രസിഡണ്ട്, സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേര്‍സ് അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.


-ടി.കെ പ്രഭാകരകുമാര്‍

Related Articles
Next Story
Share it